May 16, 2024

നല്ല കടുപ്പത്തിൽ ഒരു കോഫി എടുത്താലോ? വയനാടൻ റോബസ്റ്റക്ക് പ്രിയം കൂടിയെന്ന് കോഫീ ബോർഡ്‌

0
20231022 165248.jpg

കല്‍പ്പറ്റ: കോഫി ഇഷ്ടമില്ലാത്തത് ആർക്കാണ്? വയനാട്ടുകാരുടെ കാപ്പി ആണെങ്കിൽ അതിന് ഒരു ഒന്നൊന്നര ടേസ്റ്റ് ആണ്..! ഇപ്പോൾ കാപ്പി പ്രേമികള്‍ക്കിടയില്‍ വയനാടന്‍ റോബസ്റ്റക്ക് പ്രിയം കൂടിയെന്നാണ് കോഫീ ബോര്‍ഡ് അറിയിച്ചിരിക്കുന്നത്. ഡിമാന്‍ഡ് വര്‍ദ്ധിച്ചതോടെ ഉല്‍പ്പാദനവും ഗുണമേന്മയും വര്‍ദ്ധിപ്പിക്കാന്‍ കര്‍ഷകര്‍ക്ക് സഹായവുമായി കോഫീ ബോര്‍ഡ് രംഗത്ത് വന്നു.
അതേസമയം ഇതിന്റെ ഭാഗമായി കോഫീ ബോര്‍ഡ് സെക്രട്ടറിയും സി.ഇ.ഒ.യുമായ എന്‍. ജഗദീഷ ഐ.എ.എസ്.വയനാട്ടിലെ തോട്ടങ്ങള്‍ സന്ദര്‍ശിച്ചു. ഗുണമേന്മയില്‍ ലോക നിലവാരം പുലര്‍ത്തിയ റോബസ്റ്റ കാപ്പി അര്‍ഹമായ രീതിയില്‍ പ്രചരിപ്പിക്കുമെന്നും കര്‍ഷകരുടെ തോട്ടങ്ങളില്‍ ഗവേഷണം നടത്തി മാതൃകാ കാപ്പി തോട്ടങ്ങള്‍ വികസിപ്പിക്കുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ആദ്യമായി വയനാട്ടിലെത്തിയ അദ്ദേഹം വിവിധ കാപ്പിത്തോട്ടങ്ങള്‍ സന്ദര്‍ശിച്ചു. 
ബാഗ്‌ളൂരില്‍ നടന്ന അന്താ രാഷ്ട്ര കാപ്പി സമ്മേളനം ചെറുകിട നാമ മാത്ര കാപ്പി കര്‍ഷകര്‍ക്ക് ഒരവസരമായിരുന്നു. ഇന്ത്യയില്‍ ഈ സമ്മേളനം കണ്ടറിഞ്ഞ് അവര്‍ക്ക് ഏറെ പഠിക്കാന്‍ കഴിഞ്ഞു. ഈ അനുഭവ പാഠം ഉള്‍കൊണ്ട് കോഫി ഗ്രോവേഴ്‌സ് അസോസിയേഷന്‍ മാതൃകാ പദ്ധതികളുമായി വന്നാല്‍ കോഫി ബോര്‍ഡിന്റെ എല്ലാ പിന്തുണയും ഉണ്ടാകുമെന്ന് സെക്രട്ടറി ജഗദീഷ പറഞ്ഞു.
മറ്റു രാജ്യങ്ങള്‍ക്കൊപ്പം ലോക വിപണിയില്‍ മത്സരിക്കാന്‍ ഉള്ള അവസരങ്ങളും കര്‍ഷകര്‍ക്കായി ഒരുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇപ്പോള്‍ ഉയര്‍ന്ന കാപ്പി വില താല്‍ക്കാലിക സന്തോഷം മാത്രമാണ്. ഉയര്‍ന്ന വിലയും വരുമാന സ്ഥിരതയും ഉണ്ടാകണമെങ്കില്‍ വിളവെടുപ്പിലും വിളവെടുപ്പാനന്തരവും കര്‍ഷകര്‍ ശ്രദ്ധ പുലര്‍ത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. തണലില്‍ വളരുന്നുവെന്നതാണ് റോബസ്റ്റ കാപ്പിയുടെ പ്രത്യേകത. തണലില്‍ വിളയുന്ന റോബസ്റ്റ കാപ്പിക്ക് ആഗോള തലത്തില്‍ ഉയര്‍ന്ന ഡിമാന്‍ഡ് ഉണ്ട്. എന്നാല്‍ ഗുണമേന്മ വര്‍ദ്ധിപ്പിച്ചാല്‍ കൂടിയ വില ലഭിക്കും. ഗവേഷണ പരമായ ആശയങ്ങള്‍ കൊണ്ട് വരുന്ന സംരംഭകരെയും കര്‍ഷകരെയും കോഫി ബോര്‍ഡ് സഹായിക്കും. ലോകത്ത് ഇന്ത്യ ഉള്‍പ്പടെ മൂന്ന് രാജ്യങ്ങളിലാണ് കാപ്പിയില്‍ പ്രധാനമായും ഗവേഷണം നടക്കുന്നത്. ഇന്ത്യയില്‍ കോഫി ബോര്‍ഡിന്റെ തോട്ടങ്ങളില്‍ മാത്രമാണ് ഗവേഷണം ഇതു വരെ നടന്നിരുന്നത് – ഈ വര്‍ഷം മുതല്‍ ഗവേഷണം കര്‍ഷകരുടെ തോട്ടങ്ങളിലേക്കും വ്യാപിപ്പിക്കും. താല്‍പ്പര്യമുള്ളവര്‍ കോഫി ബോര്‍ഡിനെ സന്നദ്ധത അറിയിക്കണം. വയനാട് കോഫി ഗ്രോവേഴ്‌സ് അസോസിയേഷന്‍ നൂതനമായ ചില ആശയങ്ങള്‍ മുന്നോട്ടുവെച്ചിട്ടുണ്ടന്നും ഇക്കാര്യത്തില്‍ ഒരു മാസ്റ്റര്‍ പ്ലാന്‍ ഉടന്‍ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *