ബൈപ്പാസ് എന്നത് സ്വപ്നം മാത്രം, വയനാട്ടുകാർ ചോദിക്കുന്നു: എന്ന് തീരും താമരശ്ശേരി ചുരത്തിലെ ദുരിത യാത്ര?
കൽപ്പറ്റ : കരിന്തണ്ടന്റെ ഓർമ്മകൾ ഉറങ്ങുന്ന വയനാട് താമരശ്ശേരി ചുരത്തിന്റെ ഇന്നത്തെ അവസ്ഥ പരിതാപകരമാണ്. യാത്രക്കാർ അക്ഷരാർത്ഥത്തിൽ ബുദ്ധിമുട്ടിലാകുന്ന കാഴ്ച. മണിക്കൂറുകളോളം നീണ്ട ഗതാഗതക്കുരുക്കിനൊടുവിൽ ജനങ്ങൾ തീരാദുരിതത്തിലേക്ക് ആണ് സഞ്ചരിക്കുന്നത്. ഇതിന് എത്രയും വേഗം പരിഹാരം കാണണം എന്നത് വർഷങ്ങളുടെ ആവശ്യമാണ്. പക്ഷേ അധികാരി വർഗ്ഗം ഈ ദുരവസ്ഥയ്ക്ക് നേരെ കണ്ണടയ്ക്കുന്നു..
വയനാട് ചുരത്തിലെ യാത്രാദുരിതം പരിഹരിക്കുന്ന അടിവാരം-മരുതിലാവ്-തളിപ്പുഴ ചുരം ബൈപാസ് പദ്ധതി കാൽനൂറ്റാണ്ടായി എങ്ങുമെത്തിയിട്ടില്ല. രണ്ടു തവണ സർവേ നടത്തി പ്ലാൻ തയാറാക്കിയത് മാത്രമാണ് ഇതുവരെ നടന്നത്. ഈ പദ്ധതി യാഥാർത്ഥ്യമായാൽ ചുരത്തിലെ ഗതാഗതക്കുരുക്കിന് വലിയ പരിഹാരമാകുന്നതോടൊപ്പം ഹെയർപിൻ വളവുകൾ കുറഞ്ഞ പുതിയ പാതയും ലഭിക്കും.
വയനാട് ചുരത്തിലെ യാത്രാദുരിതം പരിഹരിക്കുന്നതിനായുള്ള നിർദിഷ്ട അടിവാരം–ചിപ്പിലിത്തോട്-മരുതിലാവ്-കലമാൻപാറ–തളിപ്പുഴ ചുരം ബൈപാസ് പദ്ധതി ഇനിയും എങ്ങുമെത്തിയിട്ടില്ല. കാൽനൂറ്റാണ്ട് കാലത്തെ മുറവിളിയുടെ ഫലമായി 2 തവണ സർവേ നടത്തി പ്ലാൻ തയാറാക്കിയത് മാത്രമാണ് ഇത് സംബന്ധിച്ചുണ്ടായ ഏക നടപടി. ഹെയർപിൻ വളവുകളില്ലാതെ 14.5 കിലോമീറ്റർ ദൂരത്തിൽ തളിപ്പുഴയിൽ എത്തിച്ചേരുന്നതാണു നിർദിഷ്ട ബൈപാസ്. പുതുതായി നിർമിച്ച തുഷാരഗിരി റോഡ് ഉപയോഗിച്ചാൽ 2 കിലോമീറ്റർ ദൂരം വീണ്ടും കുറയും.
റോഡ് വികസനത്തിനായി കോഴിക്കോട് ജില്ലയിലെ വനം അതിർത്തിവരെയുള്ള സ്ഥലങ്ങൾ സൗജന്യമായി ലഭിക്കും. തുടർന്ന് രണ്ടര കിലോമീറ്റർ ദൂരം മാത്രമാണ് വനഭൂമിയുള്ളത്. ഇതിനോടു ചേർന്നു ജില്ലയിൽ ഇഎഫ്എൽ വനഭൂമിയിൽ നിലവിലുള്ള കൂപ്പ് റോഡ് വിപുലീകരിച്ചാൽ ബൈപാസ് റോഡ് വേഗത്തിൽ യാഥാർഥ്യമാക്കാം. വനഭൂമി വിട്ടുകിട്ടുന്നതിൽ കാലതാമസം നേരിടുകയാണെങ്കിൽ വനത്തിലൂടെ തുരങ്കപ്പാതയും പരിഗണിക്കാവുന്നതാണ്. എന്നാൽ, അധികൃതർ ഇതെല്ലാം കണ്ടില്ലെന്ന് നടിക്കുന്നു.
Leave a Reply