May 20, 2024

പുല്‍പ്പള്ളി ബാങ്ക് വായ്പാ തട്ടിപ്പ് കേസിൽ ഇ.ഡി കണ്ടുകെട്ടിയ സ്വത്തുക്കളിൽ ഏറെയും സജീവന്‍ കൊല്ലപ്പള്ളിയുടേത് 

0
Einqm0954963

 

കൽപ്പറ്റ : പുല്‍പ്പള്ളി സര്‍വീസ് സഹകരണ ബാങ്ക് വായ്പ തട്ടിപ്പുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് താത്കാലികമായി കണ്ടുകെട്ടിയ സ്ഥാവര സ്വത്തുക്കളില്‍ ഏറെയും പുല്‍പള്ളി കേളക്കവലയിലെ സജീവന്‍ കൊല്ലപ്പള്ളിയുടെയും കുടുംബാംഗങ്ങളുടെയും പേരിലുള്ളത്. വായ്പ തട്ടിപ്പിലെ പ്രധാനിയെന്നു കരുതുന്നയാളാണ് ഇ.ഡി കേസില്‍ റിമാന്റിലുള്ള സജീവന്‍. പ്രാദേശിക കരാറുകാരനായ

ഇയാളുടെ പേരില്‍ 2016 ഫെബ്രുവരി 16ന് ആധാരം ചെയ്ത 10 സെന്റ് സ്ഥലവും അതേവര്‍ഷം ഏപ്രില്‍ ആറിന് എഴുതിയ 38.3 സെന്റ സ്ഥലവും കണ്ടുകെട്ടിയതില്‍ ഉള്‍പ്പെടും. രണ്ട് പ്ലോട്ടിനും കൂടി 4,20,600 രൂപയുടെ മൂല്യമാണ് കണക്കാക്കുന്നത്. വായ്പ തട്ടിപ്പിലൂടെ ആര്‍ജിച്ചതും പുല്‍പള്ളി സര്‍വീസ് സഹകരണ ബാങ്കില്‍ പണയപ്പെടുത്തി വായ്പയെടുത്തതുമാണ് ഈ സ്വത്തുക്കളെന്നാണ് ഇ.ഡിയുടെ കണ്ടെത്തല്‍. സജീവന്റെ പിതാവ് ത്യാഗരാജന്റെ പേരില്‍ 2004 സെപ്റ്റംബര്‍ 29ന് ആധാരം ചെയ്ത 1.35 ഏക്കര്‍ സ്ഥലവും വീടുമാണ് കണ്ടുകെട്ടിയ മറ്റൊരു വസ്തു. 2,02,85,000 രൂപയാണ് വീടിനും സ്ഥലത്തിനുംകൂടി കണക്കാക്കുന്ന മൂല്യം. കാര്‍ഷിക ഗ്രാമവികസന ബാങ്കില്‍ ഈ വസ്തു പണയപ്പെടുത്തിയിട്ടുണ്ട്. 1,56,41,181 രൂപയാണ് വീടിന് കണക്കാക്കുന്ന മൂല്യം. അനധികൃതമായി സമ്പാദിച്ച ധനം വിനിയോഗിച്ചു നിര്‍മിച്ചതാണ് വീടെന്നാണ് ഇ.ഡി കണ്ടെത്തല്‍.

സജീവന്റെ മകളുടെ പേരില്‍ 2023 മാര്‍ച്ച് നാലിന് രണ്ട് ആധാരങ്ങളിലായി എഴുതിയ 20.2 ഉം 15ഉം സെന്റ് വരുന്ന ഭൂമിയും കണ്ടുകെട്ടിയിട്ടുണ്ട്. 4,96,000 മൂല്യം കണക്കാക്കുന്ന ഈ വസ്തുക്കള്‍ വായ്പ തട്ടിപ്പിലുടെ സജീവന്റെ പക്കലെത്തിയ പണം വിനിയോഗിച്ചു വാങ്ങിയതാണെന്നാണ് ഇ.ഡി പറയുന്നത്.

ഇ.ഡി കേസില്‍ റിമാന്റിലുള്‌ല ബാങ്ക് മുന്‍ പ്രസിഡന്റ് കെ.കെ.അബ്രഹാമിന്റെ മകളുടെ പേരില്‍ 2021 ജൂലൈ ഏഴിന് ആധാരം ചെയ്ത 1.46 ഏക്കറാണ് കണ്ടുകെട്ടിയ മറ്റൊരു സ്വത്ത്. 79,60,000 രൂപ മൂല്യം കണക്കാക്കുന്നതാണ് വസ്തു. അബ്രഹാമിന്റെ ബാങ്ക് അക്കൗണ്ടില്‍ 43,55,902 രൂപയുടെ അനധികൃത നിക്ഷേപം ഇ.ഡി കണ്ടെത്തിയിയിരുന്നു.

ബാങ്കില്‍ ലോണ്‍ ഓഫീസറായിരുന്ന പി.യു.തോമസിന്റെ ഭാര്യയുടെ പേരില്‍ 2022 ഫെബ്രുവരി ഒന്നിന് ആധാരം ചെയ്ത കോഴിക്കോട് പെരുവണ്ണയിലുള്ള 5.06 സെന്റ് ഭൂമി കണ്ടുകെട്ടിയതില്‍ ഉള്‍പ്പെടും. 64,09,000 രൂപ മൂല്യം കണക്കാക്കുന്ന ഈ വസ്തു വായ്പ തട്ടിപ്പിലൂടെ ലഭിച്ച പണം ഉപയോഗിച്ചു വാങ്ങിയതാണെന്നാണ് ഇ.ഡി കണ്ടെത്തല്‍.

ബാങ്ക് മുന്‍ സെക്രട്ടറി കെ.ടി.രമാദേവിയുടെ മകളുടെ പേരില്‍ 2019 സെപ്റ്റംബര്‍ 14ന് ആധാരം ചെയ്തതും മീനങ്ങാടിയിലുള്ളതുമായ 6.81 സെന്റ് സ്ഥലവും വീടുമാണ് കണ്ടുകെട്ടിയ മറ്റൊരു സ്വത്ത്. 46,23,000 രൂപയുടെ മൂല്യമാണ് ഇതിനു കണക്കാക്കുന്നത്.

ബാങ്ക് ഡയറക്ടറായിരുന്ന സി.വി.വേലായുധന്റെ ഉടമസ്ഥതയില്‍ 1997ല്‍ ആധാരം ചെയ്തതും 1,06,65,000 രൂപ മൂല്യം കണക്കാക്കുന്നതുമായ രണ്ട് ഏക്കര്‍ സ്ഥലം ഇ.ഡി കണ്ടുകെട്ടിയിട്ടുണ്ട്. വേലായുധന്റെ ബാങ്ക് അക്കൗണ്ടില്‍ 10,22,848 രൂപയുടെ അനധികൃത നിക്ഷേപം കണ്ടെത്തിയിരുന്നു. മുന്‍ ഡയറക്ടര്‍ ജനാര്‍ദനന്റെ പേരില്‍ 2022 ജൂലൈ 10ന് എഴുതിയ 46.06 സെന്റ് സ്ഥലവും വീടുമാണ് കണ്ടുകെട്ടിയ വസ്തുക്കളില്‍ ഒന്ന്. 35,49,000 രൂപയാണ് ഈ വസ്തുവിനു കണക്കാക്കുന്ന മൂല്യം. മുന്‍ ഡയറക്ടര്‍ ടി.എസ്.കുര്യന്റെ പേരിലുള്ളതും 23,80,000 രൂപ മൂല്യം കണക്കാക്കുന്നതുമായ 50 സെന്റ് സ്ഥലം കണ്ടുകെട്ടിയിട്ടുണ്ട്. ഇദ്ദേഹത്തിന്റെ ബാങ്ക് അക്കൗണ്ടുകളില്‍ 8,05,000 രൂപയുടെ അനധികൃത നിക്ഷേപമാണ് കണ്ടെത്തിയത്. ഡയറക്ടറായിരുന്ന വി.എം.പൗലോസിന്റെ കൈവശത്തില്‍ 2021 സെപ്റ്റംബര്‍ 26ന് ഭാഗാധാരപ്രകാരം എത്തിയ 20,25,000 രൂപ മൂല്യം കണക്കാക്കുന്ന 29 സെന്റ് വയലാണ് കണ്ടുകെട്ടിയ മറ്റൊരു വസ്തു.

ഡയറക്ടറായിരുന്ന സുജാത ദിലീപിന്റെ പേരില്‍ 1999 മെയ് 13ന് രജിസ്റ്റര്‍ ചെയ്തതും പുല്‍പള്ളി സര്‍വീസ് സഹകരണ ബാങ്കില്‍ പണയപ്പെടുത്തിയതുമായ 50 സെന്റ് വയല്‍ മൂല്യം: 2,42,000 രൂപ), ഇവരുടെ ഭര്‍ത്താവ് പി.എസ്.ദിലീപ്കുമാറിന്റെ പേരില്‍ 2015 ജൂണ്‍ 16ന് രജിസ്റ്റര്‍ ചെയ്തതും 2,53,000 രൂപ മൂല്യം കണക്കാക്കുന്നതുമായ 50.023 സെന്റ് സ്ഥലം, സുജാത ദിലീപിന്റെയും ദിപീപ്കുമാറിന്റെയും കൈവശത്തിലുള്ളതും 34,01, 000 രൂപ മൂല്യം കണക്കാക്കുന്നതുമായ 70 സെന്റ് സ്ഥലം, സുജാത-ദിലീപ് ദമ്പതികളുടെ മകന്റെ പേരില്‍ 2015 മെയ് 11ന് എഴുതിയതും 2,53,000 രൂപ മൂല്യം കണക്കാക്കുന്നതുമായ 50 സെന്റ് സ്ഥലം എന്നിവയും ഇ.ഡി കണ്ടുകെട്ടിയിട്ടുണ്ട്. വായ്പ തട്ടിപ്പിലൂടെ 4,34,96,531 രൂപ കേസില്‍ ഉള്‍പ്പെട്ടവര്‍ ആര്‍ജിച്ചതായാണ് ഇ.ഡി കണ്ടെത്തിയത്. കണ്ടുകെട്ടിയതില്‍ മീനങ്ങാടിയിലേത് ഒഴികെ വസ്തുക്കള്‍ പുല്‍പള്ളിയിലും സമീപങ്ങളിലും ഉള്ളതാണ്.

2002ലെ പ്രിവന്‍ഷന്‍ ഓഫ് മണി ലാന്‍ഡറിംഗ് ആക്ട്(പി.എം.എല്‍.എ) പ്രകാരമാണ് ഇ.ഡി നടപടി. വായ്പ തട്ടിപ്പുമായി ബന്ധപ്പെട്ട സ്വകാര്യ പരാതിയില്‍ വയനാട് വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോ രജിസ്റ്റര്‍ ചെയത് എഫ്.ഐ.ആറിന്റെ അടിസ്ഥാനത്തിലാണ് ഇ.ഡി വിഷയത്തില്‍ ഇടപെട്ടത്. റവന്യൂ ഉദ്യോഗസ്ഥര്‍ മുഖേനയാണ് വസ്തുക്കളുടെ മൂല്യം കണക്കാക്കിയത .

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *