പോത്തുകുട്ടി വിതരണം നടന്നില്ല; അമ്പലവയല്‍ പഞ്ചായത്ത് ഓഫീസ് പടിക്കല്‍ യു.ഡി.എഫ് ധര്‍ണ നാളെ
കല്‍പറ്റ: അമ്പലവയല്‍ പഞ്ചായത്ത് 2022-23 വാര്‍ഷിക പദ്ധതിയില്‍ വനിതകള്‍ക്കായി ഉള്‍പ്പെടുത്തിയ പോത്തുകുട്ടി വിതരണ പദ്ധതി അവതാളത്തില്‍. പദ്ധതി നടപ്പാക്കിയതായി പഞ്ചായത്ത് അവകാശപ്പെടുമ്പോഴും വിഹിതം അടച്ച ഗുണഭോക്താക്കളില്‍ ഭൂരിപക്ഷത്തിനും പോത്തുകുട്ടികളെ ലഭിച്ചില്ല. ഒന്നിനു 16,000 രൂപ വിലവരുന്ന പോത്തുകുട്ടികളെ സബ്‌സഡി നിരക്കില്‍ വനിതകള്‍ക്കു ലഭ്യമാക്കുന്നതായിരുന്നു പദ്ധതി. ഗുണഭോക്താക്കളില്‍ ജനറല്‍ വിഭാഗത്തിലെ 75ഉം പട്ടികവര്‍ഗത്തിലെ 60ഉം പട്ടികജാതിയിലെ അഞ്ചും വനിതകള്‍ക്കാണ് പോത്തുകുട്ടികളെ ലഭിക്കാത്തത്.
പോത്തുകുട്ടികളെ വാങ്ങുന്നതിനുള്ള 24 ലക്ഷം രൂപ പഞ്ചായത്ത് ഇക്കഴിഞ്ഞ മാര്‍ച്ചില്‍ ബ്രഹ്മഗിരി ഡവലപ്‌മെന്റ് സൊസൈറ്റിയില്‍ നിക്ഷേപിച്ചതാണ് പദ്ധതി നടത്തിപ്പിനെ ബാധിച്ചതെന്നു യു.ഡി.എഫ് അമ്പലവയല്‍ പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികളായ കെ. വിജയന്‍, കെ.കെ. ബാബു, എം.യു. ജോര്‍ജ്, സി.ജെ. സെബാസ്റ്റ്യന്‍, പി. സൈനുദ്ദീന്‍, എ.കെ. അഷ്‌റഫ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ബ്രഹ്മഗിരി സൊസൈറ്റി കടുത്ത പ്രതിസന്ധിയിലായിരിക്കെ പഞ്ചായത്ത് പണം നിക്ഷേപിച്ചത് പദ്ധതി ഗുണഭോക്താക്കളോടുള്ള വഞ്ചനയാണെന്ന് നേതാക്കള്‍ കുറ്റപ്പെടുത്തി. മുഴുവന്‍ ഗുണഭോക്താക്കള്‍ക്കും പോത്തുകുട്ടികളെ വിതരണം ചെയ്യുക, ഗ്രാമീണ റോഡുകള്‍ അടിയന്തരമായി നവീകരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് നാളെ രാവിലെ 10 മണിക്ക് പഞ്ചായത്ത് ഓഫീസ് പടിക്കല്‍ ധര്‍ണ നടത്തുമെന്ന് അവര്‍ അറിയിച്ചു. ധര്‍ണ കെ.പി.സി.സി എക്‌സിക്യുട്ടീവ് കമ്മിറ്റിയംഗം കെ.എല്‍. പൗലോസ് ഉദ്ഘാടനം ചെയ്യും.
Leave a Reply