May 20, 2024

മരം വ്യാപാരികളും കയറ്റിറക്ക് തൊഴിലാളികളുമായുള്ള ബന്ധം ഉലയുന്നു

0
Img 20231202 163727

കല്‍പ്പറ്റ: വയനാട്ടില്‍ മരം വ്യാപാരികളും കയറ്റിറക്ക് തൊഴിലാളികളുമായുള്ള ബന്ധം ഉലയുന്നു. കച്ചവടക്കാര്‍ യന്ത്രസഹായത്തോടെയും സ്വന്തം തൊഴിലാളികളെ നിയോഗിച്ചും കയറ്റിറക്ക് നടത്തുമ്പോള്‍ വിവിധ ട്രേഡ് യൂണിയനുകളില്‍പ്പെട്ട തൊഴിലാളികള്‍ സംഘടിച്ചെത്തി കൂലി കിട്ടണമെന്നു ശഠിക്കുന്നത് പലേടത്തും പ്രശ്‌നങ്ങള്‍ക്കു കാരണമാകുകയാണ്. കഴിഞ്ഞ ദിവസം മീനങ്ങാടി അപ്പാടില്‍ അമ്പലവയല്‍ എടക്കല്ല് സ്വദേശിയായ വ്യാപാരി അബൂബക്കര്‍ മറ്റൊരാളുടെ സഹായത്തോടെ ഗുഡ്‌സ് ജീപ്പില്‍ പ്ലാവിന്റെ മുട്ടികള്‍ കയറ്റുന്നതിനിടെ എത്തിയ സംഘടിത തൊഴിലാളികള്‍ കൂലി ആവശ്യപ്പെട്ടത് കൈയാങ്കളിയിലെത്തി. സംഘര്‍ഷത്തിനിടെ തലയ്ക്കു പരിക്കേറ്റ അബൂബക്കര്‍ ചികിത്സയിലാണ്. തൊഴിലാളികള്‍ മര്‍ദിച്ചെന്നും പോക്കറ്റില്‍ ഉണ്ടായിരുന്ന 2,000 രൂപ പിടിച്ചുവാങ്ങിയെന്നും ആരോപിച്ച് അദ്ദേഹം ബത്തേരി പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

തെക്കേവയനാടിന്റെ പല ഭാഗങ്ങളിലും ട്രേഡ് യൂണിയന്‍ നേതൃത്വം മരം വ്യവസായത്തെ തകര്‍ക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്ന് ടിമ്പര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ പി. ജാബിര്‍ കരണി, സെക്രട്ടറി കെ.സി.കെ. തങ്ങള്‍, ട്രഷറര്‍ വി.ജെ. ജോസ്, പി.ജെ. ഏലിയാസ്, ഇ.പി. ഫൈസല്‍, എം. തങ്കപ്പന്‍, ആര്‍. വിഷ്ണു എന്നിവര്‍ പറഞ്ഞു. പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി ഉള്‍പ്പെടെ പ്രദേശങ്ങളില്‍ മരം കയറ്റിറക്കു തൊഴിലാളികള്‍ക്കു അന്യായ കൂലി നല്‍കാന്‍ കച്ചവടക്കാര്‍ നിര്‍ബന്ധിതരാകുകയാണ്. യന്ത്രസഹായത്തോടെ തടി വാഹനങ്ങളില്‍ കയറ്റുന്നതിനും തൊഴിലാളികള്‍ക്ക് കൂലി നല്‍കേണ്ട ഗതികേടാണുള്ളത്. ടിമ്പര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ മുഖേന സമര്‍പ്പിച്ച ഹരജിയില്‍ കക്ഷികളായ 250ല്‍പരം കച്ചവടക്കാര്‍ക്ക് യന്ത്രസഹായത്തോടെയും ഇഷ്ടമുള്ള തൊഴിലാളികളെ നിയോഗിച്ചും തടി, മുട്ടി, വിറക് എന്നിവ കയറ്റുന്നതിനും ഇറക്കുന്നതിനും നീക്കം ചെയ്യുന്നതിനും ഹൈക്കോടതി ഇടക്കാല ഉത്തരവിലൂടെ അനുവാദം നല്‍കിയിട്ടുണ്ട്. ഹൈക്കോടതി ഉത്തരവിന്റെ ലംഘനമാണ് കഴിഞ്ഞ ദിവസം മീനങ്ങാടി അപ്പാടില്‍ കണ്ടത്. മരം കയറ്റിറക്ക് രംഗത്തെ പ്രശ്‌ന പരിഹാരത്തിന് നടത്തുന്ന ചര്‍ച്ചകള്‍ ട്രേഡ് യൂണിയന്‍ നേതാക്കളുടെ ദുര്‍വാശിമൂലം ഫലവത്താകുന്നില്ല. ജില്ലയില്‍ മരം, മുട്ടി, വിറക് കയറ്റിറക്കുകൂലി ഏകീകരിക്കുന്നതിന് തൊഴില്‍ വകുപ്പ് അധികാരികളുടെ കാര്യക്ഷമായ ഇടപെടല്‍ ഉണ്ടാകുന്നില്ലെന്നും അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *