May 20, 2024

ജില്ലയിലെ വന്യമൃഗശല്യം, ശാശ്വത പരിഹാരം കാണണം. എസ്.ഡി.പി.ഐ.

0
Img 20231210 190650

 

കല്‍പ്പറ്റ:- ജില്ലയിൽ വന്യമൃഗ ആക്രമണങ്ങളും ജീവഹാനിയും തുടര്‍ക്കഥയാവുന്നത് ആശങ്കാജനകമാണെന്നും വിഷയത്തിൽ ശാശ്വത പരിഹാരം കാണണമെന്നും എസ്.ഡി.പി.ഐ വയനാട് ജില്ലാ സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.

വാകേരി കൂടല്ലൂര്‍ മൂടക്കൊല്ലി സ്വദേശി ക്ഷീര കര്‍ഷകനായ മരോട്ടിതറപ്പിൽ പ്രജീഷ്(36)പശുവിന് പുല്ലുവെട്ടുന്നതിനിടെ കടുവ ആക്രമണത്തിൽ കൊല്ലപ്പെട്ടു. പാതി ഭക്ഷിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. നേരത്തെ കടുവ ശല്യമുണ്ടായ പ്രദേശമാണിത്. മുമ്പും കന്നുകാലികൾ ഇവിടെ ആക്രമിക്കപ്പെടുകയും നാട്ടുകാര്‍ പലതവണ പ്രതിഷേധമുയർത്തുകയും ചെയ്തിരുന്നു. ആറ് വർഷം മുമ്പ് കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടിരുന്നു. പ്രദേശത്തോട് ചേർന്നു കിടക്കുന്ന മധ്യപ്രദേശ് സർക്കാറിന്റെ ഉടമസ്ഥതയിലുള്ള 300-ഏക്കറോളം വിസ്തീർണ്ണമുള്ള ബീനാച്ചി എസ്റ്റേറ്റ് കടുവ, പുലി, കാട്ടുപന്നി തുടങ്ങിയവയുടെ താവളമാണെന്ന പരാതി നേരത്തെ തന്നെ നിലനിൽക്കുന്നുണ്ട്. കാൽനൂറ്റാണ്ട് മുമ്പ് ജില്ലയിലാദ്യമായി കരിമ്പുലിയെ പിടിച്ചത് ഇവിടെ നിന്നാണ്. ശേഷം പലതവണ പുലിയുടെ സാന്നിധ്യമുണ്ടായിട്ടുമുണ്ട്. മെഡിക്കൽ കോളേജ് സ്ഥാപിക്കുന്നതിനടക്കം കേരള സർക്കാർ ബീനാച്ചി എസ്റ്റേറ്റ് ഏറ്റെടുക്കണമെന്ന ആവശ്യം ഉയർന്നിരുന്നുവെങ്കിലും അവഗണിക്കപ്പെടുകയാണുണ്ടായത്.

ഈ വർഷം കടുവയുടെ ആക്രമണത്തിൽ ജീവൻ നഷ്ടപ്പെടുന്ന രണ്ടാമത്തെ വ്യക്തിയാണ് പ്രജീഷ്. ഈ വര്‍ഷം ജനുവരിയിൽ കടുവയുടെ ആക്രമണത്തിൽ ഗുരുതര പരിക്കേറ്റ മാനന്തവാടി പുതുശ്ശേരിയിലെ വെള്ളാനംകുന്ന് കര്‍ഷകനായ പള്ളിപ്പുറത്ത് തോമസ്‌ മരണപ്പെട്ടിരുന്നു. ജില്ലയിൽ മാനന്തവാടി മുനിസിപ്പാലിറ്റിയിലെ പിലാക്കാവ്, തവിഞ്ഞാൽ പഞ്ചായത്തിലെ വാളാട്, പടിഞ്ഞാറത്തറ പഞ്ചായത്തിലെ കുപ്പാടിത്തറ, ബത്തേരിയിലെ ഏദൻവാലി എസ്റ്റേറ്റ്, പാച്ചാടി, ബസവൻകൊല്ലി, നൂൽപ്പുഴ പഞ്ചായത്തിലെ മൂക്കുത്തിക്കുന്ന്, മീനങ്ങാടി പഞ്ചായത്തിലെ കൊളഗപ്പാറ എന്നിവിടങ്ങളിലും കടുവയുടെ ആക്രമണം ഉണ്ടായിട്ടുണ്ട്. മീനങ്ങാടിയിലെ കൃഷ്ണഗിരി, കൊളഗപ്പാറ, ആവയൽ പ്രദേശങ്ങളിൽ നിന്ന് 21-ആടുകളെയാണ് കടുവ ആക്രമിച്ചത്. കഴിഞ്ഞ എട്ട് വർഷത്തിനിടയിൽ ഏഴ് ജീവനുകളാണ് കടുവയുടെ ആക്രമണത്തിൽ പൊലിഞ്ഞത്. മുപ്പത് കൊല്ലത്തിനിടയിൽ വന്യമൃഗ ആക്രമണങ്ങളിൽ 116-ഓളം ആളുകൾ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. കഴിഞ്ഞ ഫെബ്രുവരിയിൽ വയനാടിനോട് ചേർന്ന അതിർത്തി ഗ്രാമമായ കുടകിൽ കടുവ ആക്രമണത്തിൽ രണ്ടുപേർ കൊല്ലപ്പെട്ടിരുന്നു.

ഇടയ്ക്കിടയ്ക്ക് വന്യമൃഗങ്ങൾ ജനവാസ മേഖലയിലിറങ്ങുകയും മനുഷ്യരും വളർത്തുമൃഗങ്ങളും ആക്രമിക്കപ്പെടുന്നതും ജനങ്ങളെ ഭീതിയിലാഴ്ത്തിയിരിക്കയാണ്. ആക്രമണത്തെ തുടർന്ന് പ്രതിഷേധമുയരുമ്പോൾ സജീവമാവുന്ന ജില്ലാ ഭരണകൂടം പിന്നീട് നിഷ്ക്രിയമാവുകയാണ് പതിവ്. താൽക്കാലീക നടപടികളല്ല ശാശ്വത പരിഹാരമാണ് കാണേണ്ടതെന്നും ജില്ലാ സെക്രട്ടറിയേറ്റ് സർക്കാരിനോടാവശ്യപ്പെട്ടു.

യോഗത്തിൽ ജില്ലാ പ്രസിഡണ്ട് അഡ്വ: കെ.എ അയ്യൂബ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി എൻ. ഹംസ സ്വാഗതവും ട്രഷറർ മഹറൂഫ് അഞ്ചുകുന്ന് നന്ദിയും പറഞ്ഞു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *