കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട അജിയുടെ കുടുംബത്തിന് അടിയന്തര ധനസഹായം നൽകും
മാനന്തവാടി: കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട അജിയുടെ കുടുംബത്തിന് അടിയന്തര ധനസഹായമായി തിങ്കളാഴ്ച 5 ലക്ഷം രൂപയും, തുടര്‍ന്ന് അനന്തരാവകാശിക്ക് 5 ലക്ഷം രൂപയുമടക്കം 10 ലക്ഷം ധനസഹായം നല്‍കുമെന്ന് ജില്ലാ കളക്ടര്‍. കുടുംബത്തിലെ ഒരംഗത്തിന് താല്‍ക്കാലിക ജോലി ഉടന്‍ നല്‍കും. കൂടാതെ അദ്ദേഹത്തിന്റെ കടങ്ങള്‍ എഴുതി തള്ളാനുള്ള നടപടികള്‍ സ്വീകരിക്കും. ബന്ധുക്കള്‍ ഉന്നയിച്ച പ്രകാരം 50 ലക്ഷം രൂപയില്‍ ബാക്കി 40 ലക്ഷം നല്‍കാനും, താല്‍ക്കാലിക ജോലി സ്ഥിരമാക്കി നല്‍കാനും സര്‍ക്കാരില്‍ ശുപാര്‍ശ നല്‍കും. കൊലയാളിയാനയെ മയക്കുവെടി വെച്ച് പിടികൂടി മുത്തങ്ങ ആന ക്യാമ്പിലേക്ക് മാറ്റുമെന്നും ജില്ലാ കളക്ടര്‍ സര്‍വ്വകക്ഷി യോഗത്തില്‍ പറഞ്ഞു. എന്നാല്‍ തീരുമാനത്തില്‍ ബന്ധുക്കളും നാട്ടുകാരും സര്‍വ്വകക്ഷി യോഗത്തില്‍ പ്രതിഷേധിക്കുന്നു. തങ്ങള്‍ ആവശ്യപ്പെട്ട 50 ലക്ഷവും, സ്ഥിരം ജോലിയും, മക്കളുടെ സൗജന്യ വിദ്യാഭ്യാസവും, കടം എഴുതി തള്ളലും അംഗീകരിക്കാതെ കണ്ണില്‍ പൊടിയിട്ട് പോകാന്‍ വനം വകുപ്പിനെ അനുവദിക്കില്ലെന്ന് ബന്ധുക്കളും, നാട്ടുകാരും പറഞ്ഞു .മാനന്തവാടി എം എല്‍ എ ഒ ആര്‍ കേളു , ബത്തേരി എം എല്‍ എ ഐ സി ബാലകൃഷ്ണ്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍, മറ്റ് ജനപ്രതിനിധികള്‍, ജില്ലാ കളക്ടര്‍, സബ്ബ് കളക്ടര്‍, ജില്ലാ പോലിസ് മേധാവി, ഉത്തരമേഖല സിസിഎഫ്, റവന്യു അധികൃതര്‍, വിവിധ കക്ഷി രാഷട്രീയ നേതാക്കള്‍ സര്‍വ്വകക്ഷി യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.
Leave a Reply