വനം വകുപ്പ് മേധാവിക്കെതിരെ നരഹത്യ കേസെടുക്കണം: യൂത്ത് ലീഗ്
കൽപ്പറ്റ: തുടർച്ചയായി വന്യജീവി ആക്രമണം കൊണ്ട് പൊറുതിമുട്ടുന്ന വയനാട്ടിലെ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ കഴിയാത്ത വനം വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർക്കെതിരെ നരഹത്യ കേസെടുക്കണമെന്ന് യൂത്ത് ലീഗ് വയനാട് ജില്ലാ പ്രസിഡൻ്റ് എം.പി നവാസ്, ജനറൽ സെക്രട്ടറി സി എച്ച് ഫസൽ അഭിപ്രായപ്പെട്ടു. വനം വകുപ്പിന്റെ അനാസ്ഥ മൂലം വയനാട്ടിലെ സാധാരണക്കാരായിട്ടുള്ള നിരവധി പേരുടെ ജീവനാണ് ഇതിനകം നഷ്ടമായത്. ഓരോ തവണയും പാഠം ഉൾക്കൊള്ളുന്നതിന് പകരം തുടർച്ചയായിട്ടുള്ള അനാസ്ഥയാണ് വനം വകുപ്പ് ചെയ്തു കൊണ്ടിരിക്കുന്നത്. വനത്തിൽ നിന്നും വന്യമൃഗങ്ങൾ നാട്ടിലേക്ക് ഇറങ്ങാതിരിക്കുന്നതിനായി ആവശ്യമായ മുൻകരുതൽ എടുക്കുന്നതിനും വനവും നാടും തമ്മിലുള്ള അതിർത്തി കൃത്യമായി ബൗണ്ടറി ഇട്ട് അവിടെ പരിപാലിക്കുന്നതിനും വന്യമൃഗങ്ങൾക്കുള്ള ഭക്ഷണവും വെള്ളവും വനത്തിനകത്തു തന്നെ സൗകര്യമൊരുക്കുന്നതിനുമൊക്കെ വനം വകുപ്പിന്റെ ഭാഗത്തുനിന്ന് ഗുരുതരമായിട്ടുള്ള വീഴ്ചകളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിലും മാനന്തവാടിയിൽ ടൗണിൽ ആന ഇറങ്ങി ആക്രമാസക്ത്തമായിട്ടും അതിനുശേഷവും തുടർന്ന് ഇത് ആവർത്തിക്കാതിരിക്കുന്നതിന് വേണ്ടിയുള്ള യാതൊരു മുൻകരുതരുകളും വനം വകുപ്പ് മേധാവികളുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല എന്നുള്ളത് ഖേദപൂർണ്ണമാണ്. വയനാട്ടിലെ ജനങ്ങളുടെ ജീവന് യാതൊരു വിലയും കൽപ്പിക്കാത്ത ഉദ്യോഗസ്ഥർക്കെതിരെ കേസ് ചെയ്തു അന്വേഷണം നടത്തണമെന്നും വനം വകുപ്പ് മന്ത്രി രാജിവെക്കണമെന്നു യൂത്ത് ലീഗ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
Leave a Reply