കുട്ടികളുമായി സംവദിച്ച് കപില്‍ദേവ്
കല്‍പ്പറ്റ: ക്രിക്കറ്റില്‍ മുന്നേറാനും വ്യക്തിമുദ്ര പതിപ്പിക്കാനും കഠിനപ്രയത്‌നം കൂടിയേതീരൂവെന്ന് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് നായകന്‍ കപില്‍ദേവ്. ക്രിക്കറ്റ് പരിശീലനം നേടുന്ന കുട്ടികളുമായി വയനാട്ടിലെ കൃഷ്ണഗിരി സ്റ്റേഡിയത്തില്‍ സംവദിക്കുകയായിരുന്നു അദ്ദേഹം.
ലക്ഷ്യം മുന്‍നിര്‍ത്തിയുള്ള കഠിനപരിശ്രമം ഫലം തരുമെന്ന് ഉറപ്പാണ്. ഒരാളെ മാത്രം റോള്‍ മോഡലാക്കിയാകരുത് പരിശീലനം. പലരില്‍നിന്നു പ്രചോദനം ഉള്‍ക്കൊള്ളണം. തനിക്ക് ഒന്നിലധികം റോള്‍ മോഡല്‍ മോഡല്‍ ഉണ്ടായിരുന്നു. ബാല്യത്തില്‍ ജ്യേഷ്ഠനും സ്‌കൂള്‍ ലീഡറും പ്രചോദനമായവരാണ്. ഓട്ടോഗ്രാഫ് വാങ്ങാനല്ല, കൊടുക്കാന്‍ തക്കവണ്ണം വളരാനുള്ള പരിശ്രമമാണ് ക്രിക്കറ്റ് അഭ്യസിക്കുന്നവരില്‍നിന്നു ഉണ്ടാകേണ്ടതെന്നും 1983ല്‍ ഇന്ത്യക്ക് ലോക ക്രിക്കറ്റ് കിരീടം നേടിക്കൊടുത്ത ടീമിന്റെ ക്യാപ്റ്റനായ കപില്‍ദേവ് പറഞ്ഞു.
ടൂറിസം ആതിഥേയ രംഗത്ത് പ്രവര്‍ത്തിക്കുന്ന മോറിക്കാപ്പ് ഗ്രൂപ്പ് കൃഷ്ണഗിരി സ്റ്റേഡിയത്തിനു സമീപം ‘ലോര്‍ഡ്‌സ്-83’ എന്ന പേരില്‍ നിര്‍മിച്ച ആഡംബര റിസോര്‍ട്ട് ഉദ്ഘാടനത്തിനു വയനാട്ടില്‍ എത്തിയപ്പോഴാണ് കപില്‍ ദേവ് കൃഷ്ണഗിരി സ്റ്റേഡിയം സന്ദര്‍ശിച്ചത്. വൈകുന്നേരമാണ് റിസോര്‍ട്ട് ഉദ്ഘാടനം.
കൃഷ്ണഗിരി സ്റ്റേഡിയത്തെക്കുറിച്ചുള്ള കുട്ടികളുടെ ചോദ്യത്തിന് ‘സുന്ദരം, അനുഗൃഹീതം ‘ എന്നാണ് കപില്‍ദേവ് പ്രതികരിച്ചത്. അനേകം ക്രിക്കറ്റ് താരങ്ങള്‍ കൃഷ്ണഗിരി സ്റ്റേഡിയത്തില്‍ ഉദിച്ചുയരുമെന്നും അദ്ദേഹം പറഞ്ഞു.
Leave a Reply