May 20, 2024

വയനാട്ടിലെ വന്യജീവി ആക്രമണം; ജില്ലയിലെ ജനപ്രതിനിധികളുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തി

0
20240215 203841

 

കൽപ്പറ്റ : വയനാട്ടിലെ വന്യജീവി ആക്രമണം തടയാനുള്ള നടപടികൾ ജില്ലയിലെ ജനപ്രതിനിധികളുമായി മുഖ്യമന്ത്രി പിണറായി വിജയൻ ചർച്ച നടത്തി. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ കഴിഞ്ഞ ദിവസം ചേർന്ന ഉന്നതതല യോഗത്തിലെ തീരുമാനങ്ങൾ യോഗം വിലയിരുത്തി.

 

മനുഷ്യരും വന്യമൃഗങ്ങളും തമ്മിലുള്ള സംഘർഷം വർധിക്കണമെന്ന് അതിൽ മനുഷ്യന് അപകടമില്ലാതെ എങ്ങനെ കൈകാര്യം ചെയ്യാമെന്നാണ് നാം ചിന്തിക്കേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു. മൂന്ന് സംസ്ഥാനങ്ങളിൽ നിന്നുള്ള നോഡൽ ഓഫീസർമാരുടെ യോഗം നടത്തി. യോഗങ്ങൾ കൃത്യമായി ചേരാൻ മുഖ്യമന്ത്രി നിർദ്ദേശിച്ചു. റവന്യു, പോലീസ്, വനം ഉദ്യോഗസ്ഥർ ചേർന്ന് കമാൻഡ് കൺട്രോൾ സെൻറർ ശക്തിപ്പെടുത്തണം. ഇവരുൾപ്പെടുന്ന വാർറൂം സജ്ജമാക്കണം. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണം ഉറപ്പാക്കി ഏകോപന സമിതിയും രൂപീകരിക്കും. ആർടികൾ സ്ഥിരമാക്കണം. മുന്നറിയിപ്പ് സംവിധാനം ശക്തിപ്പെടുത്തണം. ജനങ്ങളെ ജാഗ്രതപ്പെടുത്താനുള്ള അറിയിപ്പ് നൽകാനാകണം. റെഡിയോ, കമ്മ്യൂണിറ്റി റേഡിയോ, വയർലെസ് സംവിധാനങ്ങൾ, വാട്ട്സ് ആപ്പ് ഗ്രൂപ്പുകൾ എന്നിവ ഉപയോഗിക്കണം.

 

വന്യജീവി ആക്രമണത്തിൽ മരണപ്പെട്ടവർക്ക് 11.5 കോടി രൂപ നഷ്ടപരിഹാരം നൽകാനുള്ള നടപടികളാണ്. വയർലെസ് സെറ്റുകൾ, ഡ്രോണുകൾ എന്നിവ വാങ്ങാനുള്ള അനുമതി നൽകി. അതിർത്തിയിൽ തുടർച്ചയായി നിരീക്ഷണം നടത്താൻ പ്രത്യേക ടീം ശക്തിപ്പെടുത്തണം. ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ തിരഞ്ഞെടുത്തിരിക്കുന്ന ഒരു സ്പെഷ്യൽ ഓഫീസറെ വയനാട് ജില്ലയിൽ നിയമിക്കും. വലിയ വന്യജീവികൾ വരുന്നത് തടയാൻ പുതിയ ഫെൻസിങ്ങ് രീതികൾ പരീക്ഷിക്കും. സ്വകാര്യ എസ്റ്റേറ്റുകളിലെ അടിക്കാട് നീക്കാൻ തൊഴിലുറപ്പ് പദ്ധതിയെ ഉപയോഗപ്പെടുത്തുന്ന കാര്യം കർണാടക സർക്കാരുമായും സർക്കാരുമായും ആലോചിക്കാൻ കേന്ദ്ര ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി. അടിക്കാടുകൾ നീക്കം ചെയ്യാൻ ജില്ലാ കലക്ടർ എസ്റ്റേറ്റ് ഉടമകൾക്ക് നിർദ്ദേശം നൽകണം. വന്യമൃഗങ്ങൾക്കുള്ള തീറ്റ വർധിപ്പിക്കാനുള്ള നടപടി സ്വീകരിക്കണം. ആവാസ വ്യവസ്ഥ സംരക്ഷിക്കാൻ സെൻ മരങ്ങൾ പൂർണമായും നീക്കം ചെയ്യാനുള്ള പദ്ധതി വനം വകുപ്പ് ആവിഷ്കരിക്കണം. ജൈവ മേഖലയിൽ വാഹനങ്ങൾക്ക് ഫീസ് ചുമത്തുന്നത് പരിശോധിക്കും.

 

ജനവാസ മേഖലകളിൽ വന്യജീവി വന്നാൽ കൈകാര്യം ചെയ്യേണ്ട വിധം അതിവേഗം തീരുമാനിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. അതിന് കലക്ടർക്കുള്ള അധികാരം ഉപയോഗിക്കാവുന്നതാണ്. ജനങ്ങൾക്ക് രക്ഷ നൽകുക എന്നതാണ് ഏറ്റവും പ്രധാനം. ഇനിയൊരു ജീവൻ നഷ്ടപ്പെടരുത് എന്ന ജാഗ്രത ഉണ്ടാകണം. നിലവിലുള്ള ട്രെഞ്ച്, ഫെൻസിങ്ങ് എന്നിവ പുനസ്ഥാപിക്കാനുണ്ടെങ്കിൽ ഉടൻ ചെയ്യണം. ഫെൻസിങ്ങ് ഉള്ള പ്രദേശങ്ങളിൽ അവ നിരീക്ഷിക്കാൻ വാർഡ് മെമ്പർമാർ ഉൾപ്പെടുന്ന പ്രാദേശിക സമിതികൾ രൂപീകരിക്കും. കുരങ്ങുകളുടെ എണ്ണം വർദ്ധിപ്പിക്കുന്നത് നിയന്ത്രിക്കാൻ നടപടികൾ ആലോചിക്കണം. വെറ്ററിനറി സർജൻ ഡോ. അരുൺ സക്കറിയയെ വനം വകുപ്പിൽ തന്നെ നിലനിർത്താനാവശ്യമായ നടപടികൾ കൈക്കൊള്ളുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

 

വന്യമൃഗ ആക്രമണം മൂലം സ്വകാര്യ ആശുപത്രികളില്‍ ചികിത്സയ്ക്ക് പോകുന്നവര്‍ക്കുള്ള സഹായം ആലോചിക്കും. റിസോര്‍ട്ടുകള്‍ വന്യമൃഗങ്ങളെ ആകര്‍ഷിച്ചു കൊണ്ടുവരാന്‍ പാടില്ല. അത്തരക്കാര്‍ക്കെതിരെ നടപടിയെക്കാന്‍ കലക്ടര്‍ക്ക് നിര്‍ദേശം നല്‍കി. രാത്രികളില്‍ വനമേഖലയിലെ റിസോര്‍ട്ടുകളില്‍ നടക്കുന്ന ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കണം. അതിര്‍ത്തി മേഖലകളില്‍ ഉള്‍പ്പെടെ രാത്രിയില്‍ പെട്രോളിങ്ങ് ശക്തിപ്പെടുത്തണം. സ്വാഭാവിക വനവല്‍ക്കണം നടത്തണം. തരിശായി കിടക്കുന്ന സ്ഥലങ്ങളില്‍ വനവല്‍ക്കരണം നടത്തണം. തൊഴിലുറപ്പ് തൊഴിലാളികളെ ഇതിന് ഉപയോഗപ്പെടുത്താവുന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

യോഗത്തില്‍ മന്ത്രിമാരായ എ കെ ശശീന്ദ്രന്‍, കെ രാജന്‍, എം എല്‍ എമാരായ ഒ ആര്‍ കേളു, ടി സിദ്ദിഖ്, ഐ.സി ബാലകൃഷ്ണന്‍, വനം വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി കെ ആര്‍ ജ്യോതിലാല്‍, വനം വകുപ്പ് മേധാവി ഗംഗാ സിംഗ്, സംസ്ഥാന പൊലിസ് മേധാവി ഷെയ്ഖ് ദര്‍വേഷ് സാഹിബ്, നിയമ വകുപ്പ് സെക്രട്ടറി കെ ജി സനല്‍ കുമാര്‍, അ‍ഡീഷണല്‍ പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ പി പുകഴേന്തി, ജില്ലാ കലക്ടര്‍ രേണു രാജ്, വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ഷംസാദ് മരക്കാർ, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ജസ്റ്റിൻ ബേബി, മാനന്തവാടി നഗരസഭാ വൈസ് ചെയർമാൻ ജേക്കബ് സെബാസ്റ്റ്യൻ, തിരുനെല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് പി.വി. ബാലകൃഷ്ണൻ, പൂതാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് മിനി പ്രകാശ് തുടങ്ങിയവര്‍ സംസാരിച്ചു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *