സര്‍ക്കാര്‍ ഓഫീസില്‍ പൊതുപ്രവര്‍ത്തകനെ ജീവനക്കാരന്‍ അസഭ്യം വിളിച്ചതായി പരാതി
കല്‍പ്പറ്റ: സര്‍ക്കാര്‍ ഓഫീസില്‍ മാര്‍ഗനിര്‍ദേശം തേടിയെത്തിയ പൊതുപ്രവര്‍ത്തകനെ ജീവനക്കാരന്‍ അസഭ്യം വിളിച്ചതായി പരാതി. സോഷ്യല്‍ ജസ്റ്റിസ് വിജിലന്‍സ് ഫോറം ജില്ലാ സെക്രട്ടറി നൗഷാദ് പീച്ചങ്കോടിനാണ് മാനന്തവാടി താലൂക്ക് സഹകരണ രജിസ്ട്രാര്‍ ഓഫീസില്‍ തിക്താനുഭവം.
യുവതീയുവാക്കള്‍ക്ക് പ്രയോജനപ്പെടുന്ന സഹകരണ സംഘം ആരംഭിക്കുന്നതിന് മാര്‍ഗനിര്‍ദേശത്തിനാണ് നൗഷാദ് ഓഫീസില്‍ എത്തിയത്. മാര്‍ഗനിര്‍ദേശം നല്‍കാന്‍ താത്പര്യമില്ലെന്നും ഓഫീസിലുള്ള പുസ്തകങ്ങള്‍ വായിച്ച് കാര്യങ്ങള്‍ മനസിലാക്കാമെന്നുമാണ് ഉദ്യോഗസ്ഥര്‍ അറിയിച്ചത്. ഇതിനിടെ ഒരു ജീവനക്കാരന്‍ സമീപത്ത് എത്തി അസഭ്യം വിളിക്കുകയും ആക്രമിക്കാന്‍ ശ്രമിക്കുകയും ചെയ്‌തെന്നു നൗഷാദ് പറയുന്നു. ജീവനക്കാരന്റെ മോശം പെരുമാറ്റത്തില്‍ പ്രതിഷേധിച്ച് നൗഷാദ് ഓഫീസ് പടിക്കല്‍ കുത്തിയിരിപ്പുസമരം നടത്തി. ജീവനക്കാരനെതിരെ നടപടി ആവശ്യപ്പെട്ട് പരാതി നല്‍കി. പരാതിയില്‍ മൂന്നു ദിവസത്തിനകം മറുപടി നല്‍കുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചതിനെത്തുടര്‍ന്നാണ് സമരം അവസാനിപ്പിച്ചത്. സംഭവം നടന്ന ദിവസങ്ങള്‍ കഴിഞ്ഞിട്ടും ജീവനക്കാരനെതിരെ നടപടി ഉണ്ടായില്ലെന്നും അദ്ദേഹത്തെ സംരക്ഷിക്കുന്ന നിലപാടാണ് ഉന്നത ഉദ്യോഗസ്ഥര്‍ സ്വീകരിക്കുന്നതെന്നും നൗഷാദ് കുറ്റപ്പെടുത്തി.
ജീവനക്കാരനെതിരെ നടപടി ഉണ്ടാകാത്തപക്ഷം സോഷ്യല്‍ ജസ്റ്റിസ് വിജിലന്‍സ് ഫോറം ശക്തമായ സമരം സംഘടിപ്പിക്കുമെന്ന് മറ്റു ഭാരവാഹികളായ മുജീബ് റഹ്മാന്‍ അഞ്ചുകുന്ന്, കാസിം തരുവണ, ശ്രീധരന്‍ തിരുനെല്ലി എന്നിവര്‍ പറഞ്ഞു. സര്‍ക്കാര്‍ ഓഫീസുകളില്‍ പൊതുജനങ്ങള്‍ അപമാനിക്കപ്പെടുന്നത് ഒറ്റപ്പെട്ട സംഭവമല്ലെന്നും ജീവനക്കാരെ നിരീക്ഷിക്കുന്നതിന് എല്ലാ കാര്യാലയങ്ങളിലും ക്യാമറ സ്ഥാപിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
Leave a Reply