ലോണ്‍ ആപ്പിന്റെ തട്ടിപ്പിനിരയായി യുവാവ് ആത്മഹത്യ ചെയ്ത സംഭവം: അന്തര്‍ സംസ്ഥാന തട്ടിപ്പ് സംഘത്തെ ഗുജറാത്തില്‍ നിന്ന് പിടികൂടി
മീനങ്ങാടി: ലോണ്‍ ആപ്പിന്റെ തട്ടിപ്പിനിരയായി യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ അന്തര്‍ സംസ്ഥാന തട്ടിപ്പ് സംഘത്തിലെ നാല് പേരെ വയനാട് പോലീസ് ഗുജറാത്തില്‍ നിന്ന് അതി സാഹസികമായി പിടികൂടി. ഗുജറാത്ത്, അമറേലി സ്വദേശികളായ ഖേറാനി സമിര്‍ഭായ്(30), കല്‍വത്തര്‍ മുഹമ്മദ് ഫരിജ്(20), അലി അജിത്ത് ഭായ്(43) എന്നിവരെയും പ്രായപൂര്‍ത്തിയാവാത്ത ഒരാളെയുമാണ് വയനാട് ജില്ലാ പോലീസ് മേധാവി ടി. നാരായണന്‍ ഐ.പി.എസിന്റെ നിര്‍ദേശപ്രകാരം പ്രത്യേക അന്വേഷണസംഘം ബവസാരയില്‍ വെച്ച് പിടികൂടിയത്. പൂതാടി, താഴെമുണ്ട ചിറക്കൊന്നത്ത് വീട്ടില്‍ സി.എസ്. അജയരാജ്(44) ആത്മഹത്യ ചെയ്ത സംഭവത്തിലാണ് കൃത്യമായ അന്വേഷണത്തിലൊടുവില്‍ പോലീസ് കുറ്റവാളികളെ കണ്ടെത്തുന്നത്. ലോണ്‍ ആപ്പിന്റെ കെണിയില്‍പ്പെട്ട അജയ്‌രാജിന്റെ ഫോട്ടോ മോര്‍ഫ് ചെയ്ത് മോശമായി ചിത്രീകരിച്ച് കുടുംബക്കാര്‍ക്കും സുഹൃത്തുക്കള്‍ക്കും അയച്ചുകൊടുത്തതിനെ തുടര്‍ന്നുണ്ടായ മാനസികവിഷമത്തിലും നിരന്തര ഭീഷണിയെതുടര്‍ന്നുണ്ടായ ആത്മസംഘര്‍ഷത്തിലുമാണ് അദ്ദേഹം ആത്മഹത്യ ചെയ്തത്. പല പ്രതിസന്ധികളെയും തരണം ചെയ്ത് മാസങ്ങൾ നീണ്ട പോലീസിന്റെ പരിശ്രമമാണ് വിജയം കണ്ടത്.
2023 സെപ്തംബര്‍ 15നാണ് അജയരാജ് കണിയാമ്പറ്റ, അരിമുള എസ്‌റ്റേറ്റില്‍ ആത്മഹത്യ ചെയ്യുന്നത്. അസ്വാഭാവിക മരണത്തിന് കേസെടുത്ത ശേഷം നടത്തിയ തുടരന്വേഷണത്തില്‍ ലോണ്‍ ആപ്പ് കെണിയില്‍പ്പെട്ടാണ് അജയരാജ് ആത്മഹത്യ ചെയ്യാനിടയായതെന്ന് പോലീസ് കണ്ടെത്തി. ഇദ്ദേഹം ‘ക്യാന്‍ഡിക്യാഷ്’ എന്ന് ആപ്പ് ഡൗണ്‍ലോഡ് ചെയ്തതായി മൊബൈല്‍ഫോണ്‍ പരിശോധിച്ചതില്‍ നിന്ന് മനസ്സിലാക്കിലാക്കിയ പോലീസ് വിദഗ്ധ അന്വേഷണത്തിനൊടുവില്‍ ഈ ആപ്പിന്റെ ഉറവിടം കണ്ടെത്തുകയും ഗുജറാത്തില്‍ പോയി കുറ്റവാളികളെ പിടികൂടുകയുമായിരുന്നു. മീനങ്ങാടി ഇന്‍സ്പെക്ടര്‍ പി.ജെ. കുര്യാക്കോസ്, സിവില്‍ പോലീസ് ഓഫിസര്‍മാരായ എ.എം. പ്രവീണ്‍, ഫിറോസ്ഖാന്‍, എം. ഉനൈസ്, എ.ടി. ബിജിത്ത്‌ലാല്‍ എന്നിവരാണ് പോലീസ് സംഘത്തിലുണ്ടായിരുന്നത്.
Leave a Reply