April 18, 2024

വന്യജീവി ആക്രമണത്തില്‍ കൊല്ലപ്പെട്ടുവരുടെ വീടുകളും കേന്ദ്ര മന്ത്രി സന്ദര്‍ശിച്ചു.

0
Img 20240222 080104

 

 

 

 

കൽപ്പറ്റ:വന്യമൃഗശല്യം പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് കേന്ദ്ര മന്ത്രി

ഭൂപേന്ദ്ര യാദവ് പറഞ്ഞു.

വയനാട്ടിലടക്കം വര്‍ധിക്കുന്ന വന്യമൃഗശല്യം പരിഹരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ശക്തമായ ഇടപെടല്‍ നടത്തുമെന്ന് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവ്. ദൊട്ടപ്പന്‍കുളം ഹോട്ടല്‍ ഗ്രാന്‍ഡ് ഐറീസില്‍ എന്‍.ഡി.എ നേതാക്കളുടെ യോഗത്തില്‍ പങ്കെടുത്തശേഷം മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

വനനിയമത്തില്‍ പല ഭേദഗതികളും വരുത്തിയിട്ടുണ്ട്. കര്‍ഷകരുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പുവരുത്തുന്ന വിധത്തിലാണ് ഭേദഗതികള്‍ കൊണ്ടുവന്നത്. ഇക്കാര്യം ഉദ്യോഗസ്ഥര്‍ വേണ്ടവിധം ജനങ്ങളെ ബോധ്യപ്പടുത്തുന്നില്ല. കര്‍ഷക നേതാക്കള്‍ നിരവധി ആവശ്യങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്. ഇത് പ്രധാനമന്ത്രിയടക്കമുള്ളവരുടെ ശ്രദ്ധയില്‍ കൊണ്ടുവരും. ദക്ഷിണേന്ത്യയില്‍ കടുവകളുടെയും ആനകളുടെയും പ്രധാന ആവാസ വ്യവസ്ഥയാണ് കര്‍ണാടക, തമിഴ്‌നാട്, കേരളം എന്നീ സംസ്ഥാനങ്ങളിലുള്ള ബന്ദിപ്പുര, നാഗരഹോള, മുതുമല, വയനാട് പ്രദേശങ്ങള്‍. ഇവിടങ്ങളില്‍ മനുഷ്യ-വന്യജീവി സംഘര്‍ഷ ലഘൂകരണത്തിന് ഏതു രീതിയില്‍ ഇടപെടണം എന്നതില്‍ പഠനം നടത്തി നടപടികള്‍ സ്വീകരിക്കുമെന്നു കേന്ദ്ര മന്ത്രി പറഞ്ഞു. ബി.ജെ.പി ദേശീയ സമിതി അംഗം പി.കെ.കൃഷ്ണദാസ്, എന്‍.ഡി.എ നേതാക്കളായ സുധീര്‍, രഞ്ജിത്ത്, കെ.സദാനന്ദന്‍, കെ.പി.മധു, പി.സി.മോഹനന്‍, കെ.മോഹനന്‍, രാജന്‍, പ്രശാന്ത് മലവയല്‍ എന്നിവര്‍ അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്നു.

ജില്ലയിലെ വന്യജീവി സംഘര്‍ഷം മന്ത്രി പങ്കെടുത്ത എന്‍.ഡി.എ യോഗത്തില്‍ ചര്‍ച്ചയായി. വന്യമൃഗശല്യം പരിഹരിക്കുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ ഉത്തരവാദിത്തം കാട്ടുന്നില്ലെന്ന ഇടതു, വലതു പാര്‍ട്ടികളുടെ ആരോപണം എന്‍.ഡി.എ ജില്ലാ നേതാക്കള്‍ മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി. സംസ്ഥാനം സമര്‍പ്പിച്ച 620 കോടി രൂപ ചെലവ് കണക്കാക്കുന്ന പദ്ധതിയില്‍ നടപടി സ്വീകരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ കൂട്ടാക്കുന്നില്ലെന്ന ആരോപണത്തിലേക്കും നേതാക്കള്‍ മന്ത്രിയുടെ ശ്രദ്ധ ക്ഷണിച്ചു.

പൂതാടി പഞ്ചായത്തിലെ മൂടക്കൊല്ലി കൂടല്ലൂരില്‍ കടുവ കൊലപ്പെടുത്തിയ പ്രജീഷ്, കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട കുറുവ വിനോദസഞ്ചാര കേന്ദ്രം ജീവനക്കാരന്‍ പുല്‍പള്ളി പാക്കം വെള്ളച്ചാലില്‍ പോള്‍, കര്‍ണാടകയില്‍നിന്നെത്തിയ കാട്ടാന ചവിട്ടിക്കൊന്ന പയ്യമ്പള്ള ചാലിഗദ്ദ പനച്ചിയില്‍ അജീഷ് എന്നിവരുടെ വീടുകളിലാണ് മന്ത്രി എത്തിയത്.

ബംഗളൂരുവില്‍നിന്നു റോഡ് മാര്‍ഗം ബത്തേരിയിലെത്തിയ മന്ത്രി നഗരപരിധിയിലെ ദൊട്ടപ്പന്‍കുളത്ത് എന്‍.ഡി.എ സംസ്ഥാന, ജില്ലാ നേതാക്കളുടെ യോഗത്തില്‍ പങ്കെടുത്തശേഷമാണ് വന്യമൃഗ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെ സന്ദര്‍ശിക്കുന്നതിനു പുറപ്പെട്ടത്.

മൂടക്കൊല്ലി കൂടല്ലൂരില്‍ പ്രജീഷിന്റെ വീട്ടിലാണ് മന്ത്രിയും സംഘവും ആദ്യം എത്തിയത്. പ്രജീഷിന്റെ മാതാവ് ശാരദയുടെ നേതൃത്വത്തില്‍ കുടുംബാംഗങ്ങള്‍ മന്ത്രിയെ സ്വീകരിച്ചു.’അമ്മയെ കാണാന്‍ ഡല്‍ഹിയില്‍നിന്നു വന്നതാണ്. മകന്‍ നഷ്ടപ്പെട്ടതിലുള്ള വിഷമം ശരിക്കും മനസിലാക്കുന്നുണ്ട്. വയനാട്ടിലെ വിഷയങ്ങള്‍ മോഡിജിയെ അറിയിക്കും. പ്രശ്‌നങ്ങളെല്ലാം പരിഹരിക്കും. ജനങ്ങള്‍ക്ക് ഒപ്പമാണ് കേന്ദ്ര സര്‍ക്കാര്‍’ശാരദയോടു മന്ത്രി പറഞ്ഞു.

മൂടക്കൊല്ലിയില്‍നിന്നു പാക്കത്തേക്കായിരുന്നു മന്ത്രിയുടെ യാത്ര. രാത്രി ഏഴേമുക്കാലോടെയാണ് അദ്ദേഹം വെള്ളച്ചാലില്‍ പോളിന്റെ വീട്ടിലെത്തിയത്. കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച അദ്ദേഹം ദുഃഖത്തില്‍ പങ്കുചേരുന്നതായി അറിയിച്ചു. നന്നായി പഠിക്കണമെന്ന് പോളിന്റെ മകള്‍ സോനയെ ഉപദേശിച്ചു. തലയില്‍ കൈവെച്ച് അനുഗ്രഹിച്ചു.

പയ്യമ്പള്ളി ചാലിഗദ്ദയില്‍ കാട്ടാന കൊലപ്പെടുത്തിയ അജീഷിന്റെ വീട്ടിലാണ് മന്ത്രി ഒടുവിലെത്തിയത്. വയനാട്ടിലെ വന്യജീവി പ്രശ്‌നം പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തണമെന്ന് അജീഷിന്റെ മകള്‍ സോന മന്ത്രിയോട് അഭ്യര്‍ഥിച്ചു. പിതാവിനെ കൊലപ്പെടുത്തിയ മോഴയെ ഇനിയും പിടികൂടാത്തത് ചൂണ്ടിക്കാട്ടി. സോനയുടെ ആവശ്യം പ്രധാനമന്ത്രിയെ അറിയിക്കുമെന്ന് മന്ത്രി പറഞ്ഞു. സോനയെയും സഹോദരന്‍ അലനെയും തലയില്‍ കൈവെച്ച് അനുഗ്രഹിച്ചശേഷമാണ് മന്ത്രി മടങ്ങിയത്. അദ്ദേഹം വ്യാഴാഴ്ച കലക്ടറേറ്റില്‍ വനം ഉള്‍പ്പെടെ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തില്‍ പങ്കെടുക്കും.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *