October 8, 2024

കേന്ദ്ര വനം പരിസ്ഥിതി മന്ത്രിയുടെ പ്രസ്താവന വസ്തുതാ വിരുദ്ധം – എ.കെ.ശശീന്ദ്രന്‍

0
Img 20240222 183541

 

കൽപ്പറ്റ:വയനാട്ടിലെ വന്യജീവി ആക്രണമവുമായി ബന്ധപ്പെട്ട് വയനാട് സന്ദര്‍ശിക്കാന്‍ എത്തിയ കേന്ദ്ര വനം പരിസ്ഥിതി വകുപ്പുമന്ത്രി ശ്രീ. ഭുപേന്ദര്‍ യാദവ് വന്യജീവി ആക്രമണങ്ങളും നഷ്ടപരിഹാരം നല്‍കുന്നതുമായി ബന്ധപ്പെട്ട് ചില കാര്യങ്ങള്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് മുന്‍പില്‍ പറഞ്ഞതായി മനസ്സിലാക്കുന്നുവെന്നും യഥാര്‍ത്ഥ വസ്തുതകള്‍ വ്യക്തമാക്കാതെ വസ്തുതകള്‍ക്ക് നിരക്കാത്ത കാര്യങ്ങളാണ് അദ്ദേഹം പറഞ്ഞിട്ടുള്ളത് എന്നും വനം വകുപ്പുമന്ത്രി എ.കെ.ശശീന്ദ്രന്‍ അറിയിച്ചു.

കേന്ദ്ര വന്യജീവി സംരക്ഷണ നിയമത്തിലെ 11-ാം വകുപ്പ് പ്രകാരം ജനവാസമേഖലയില്‍ ഇറങ്ങുന്ന അക്രമണകാരികളായ ഏതൊരു വന്യജീവിയെയും വെടിവെച്ച് കൊല്ലാന്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന് അധികാരമുണ്ടെന്നും സംസ്ഥാനത്ത് വന്യജീവി ആക്രമണങ്ങളുമായി ബന്ധപ്പെട്ട് നല്‍കേണ്ടി വരുന്ന നഷ്ടപരിഹാര തുക കേന്ദ്ര സര്‍ക്കാരാണ് നല്‍കുന്നത് എന്നും CAMPA ഫണ്ടില്‍ നിന്നും വന്യജീവി ആക്രമണം മൂലമുള്ള നഷ്ടപരിഹാരത്തിന് തുക അനുവദിച്ചിട്ടുണ്ട് തുടങ്ങിയ കാര്യങ്ങള്‍ രാഷ്ട്രീയ ലക്ഷ്യത്തോടെ പറഞ്ഞതായാണ് മനസ്സിലാക്കുന്നത്.

കേന്ദ്ര വന്യജീവി സംരക്ഷണ നിയമത്തിലെ 11 (എ) വകുപ്പ് പ്രകാരം ചില സാഹചര്യങ്ങളില്‍ മനുഷ്യ ജീവന് അപകടകരമായ വന്യജീവികളെ കൊല്ലാന്‍ ഉത്തരവിടാന്‍ വ്യവസ്ഥ ചെയ്യുന്നതോടൊപ്പം തന്നെ അങ്ങനെ കൊല്ലുന്നതിന് മുന്‍പായി ആ മൃഗത്തെ പിടികൂടാനോ മയക്കുവെടി വെയ്ക്കാനോ മറ്റൊരു സ്ഥലത്തേക്ക് മാറ്റാനോ സാധ്യമല്ല എന്ന് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന് ബോധ്യപ്പെട്ടെങ്കില്‍ മാത്രമെ അങ്ങനെ ചെയ്യാന്‍ പാടുള്ളൂ എന്നും പിടികൂടുന്ന വന്യമൃഗത്തെ വനത്തില്‍ തുറന്നു വിടാന്‍ സാധിക്കാത്ത പക്ഷം മാത്രമെ അതിനെ തടവില്‍ പാര്‍പ്പിക്കാന്‍ പാടുള്ളൂ എന്നും നിയമത്തില്‍ തന്നെ പറയുന്നുണ്ട്. ഈ കര്‍ശ്ശന വ്യവസ്ഥകള്‍ വീണ്ടും കര്‍ശനമാക്കുന്നതും പ്രായോഗികമല്ലാത്ത രീതിയിലും കേന്ദ്ര സര്‍ക്കാറും അതിന്റെ വിവിധ ഏജന്‍സികളും സ്റ്റാന്‍ഡേര്‍ഡ്് ഓപ്പറേറ്റിംഗ് പ്രോസീജിയര്‍, ഗൈഡ്‌ലൈന്‍സ്, അഡൈ്വസറി എന്നിങ്ങനെ അപ്രായോഗിക വ്യവസ്ഥകള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. 30.01.2013-ല്‍ നാഷണല്‍ ടൈഗര്‍ കണ്‍സര്‍വേഷന്‍ അതോറിറ്റി അക്രമണകാരികളായ കടുവകളെ എങ്ങനെ കൈകാര്യം ചെയ്യണമെന്നത് സംബന്ധിച്ചും കേന്ദ്ര സര്‍ക്കാരിന്റെ ഗൈഡ്‌ലൈന്‍സില്‍ കാട്ടാനകളെ എങ്ങെനെ കൈകാര്യം ചെയ്യണമെന്നത് സംബന്ധിച്ചും വിശദീകരിക്കുന്നുണ്ട്. അവയില്‍ ചിലത് താഴെ പറയുന്നു.

കടുവ / പുലി എന്നിവയെ എങ്ങനെ കൈകാര്യം ചെയ്യണം
1. കടുവ / പുലി ഇറങ്ങിയാല്‍ ആദ്യപടി എന്ന നിലയില്‍ ഒരു ആറംഗ സമിതി രൂപീകരിക്കണം. ഇതില്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പുറമെ NTCA -യുടെ പ്രതിനിധി, മൃഗഡോക്ടര്‍, പ്രദേശത്തെ എന്‍.ജി.ഒ പ്രതിനിധി, പ്രദേശത്തെ പഞ്ചായത്ത് പ്രതിനിധി, ഡി.എഫ്.ഒ തുടങ്ങിയവര്‍ ഉണ്ടായിരിക്കണം. അതായത് ഇതൊരു സ്ഥിരം സമിതി ആയി ഉണ്ടാക്കാന്‍ പറ്റില്ല. വന്യജീവി ആക്രമണം നടന്ന സ്ഥലത്തെ എന്‍.ജി.ഒ പ്രതിനിധി, പ്രദേശത്തെ പഞ്ചായത്ത് പ്രതിനിധി എന്നിവരെ ഉള്‍പ്പെടുത്തി സംഭവസ്ഥലത്ത് രൂപീകരിക്കേണ്ടതാണ്.
2. ക്യാമറ വച്ച് അതില്‍ ലഭിക്കുന്ന ചിത്രങ്ങള്‍ പരിശോധിച്ച് ആക്രമണം നടത്തിയ വന്യമൃഗത്തെ തിരിച്ചറിയാന്‍ നടപടി സ്വീകരിക്കണം.
3. പ്രദേശത്ത് കന്നുകാലികള്‍ക്ക് ഉണ്ടായിട്ടുള്ള പരിക്ക്, ഗുരുതരമായ ഏറ്റുമുട്ടല്‍ സംബന്ധിച്ച വിശദാംശങ്ങള്‍ ഉണ്ടെങ്കില്‍ അവ, ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുന്നതിന്റെ കാരണം എന്നിവ നിശ്ചയിക്കുന്നതിന് ഒരു വിശദമായ ഗവേഷണം നടത്തണം.
4. മനുഷ്യനും വളര്‍ത്തുമൃഗങ്ങള്‍ക്കും പരിക്ക്, പരസ്പരം ഏറ്റുമുട്ടല്‍ എന്നിവ ഉറപ്പ് വരുത്തിയാല്‍ ഓട്ടോമാറ്റിക് വാതിലുള്ള കെണി (കൂട്) വയ്ക്കാന്‍ നടപടി സ്വീകരിക്കണം.
5. ഇങ്ങനെ കൊല്ലപ്പെടുന്ന സ്ഥലത്തിനരികെ മൃഗത്തെ തിരിച്ചറിയാന്‍ ക്യാമറ ട്രാപ്പ് സ്ഥാപിക്കണം.

6. ഇങ്ങനെയുള്ള വന്യമൃഗത്തിന്റെ ദിവസേനയുള്ള ചലനം മനസ്സിലാക്കാന്‍ പ്രഷര്‍ ഇംപ്രഷന്‍ പാഡുകള്‍ (PIPs) സ്ഥാപിക്കണം.

7. സ്ഥലത്ത് 144 പ്രഖ്യാപിച്ച് പൊതുജനങ്ങളെ നിയന്ത്രിക്കണം.

8. കൂട് വെയ്ക്കുന്നതും കെണിവെയ്ക്കുന്നതും തുടര്‍ച്ചയായി പരാജയപ്പെട്ടാല്‍ മാത്രം മയക്കുവെടി വയ്ക്കാന്‍ നിര്‍ദ്ദേശിക്കാം. ഇതിനായി അനുബന്ധം കല്‍ ചേര്‍്ത്ത് നടപടി ക്രമങ്ങള്‍ പാലിക്കണം.
9. മയക്കുവെടി വയ്ക്കപ്പെട്ട കടുവ / പുലി ആരോഗ്യമുള്ളതാണോ അല്ലയോ എന്നത് പ്രസ്തുത സമിതി പരിശോധിച്ച് ഉറപ്പ് വരുത്തണം. ആരോഗ്യമുള്ളതാണെങ്കില്‍ അതിന് റേഡിയോ കോളര്‍ ഘടിപ്പിച്ച് NTCAയെ അറിയിച്ച് വനത്തിലേയ്ക്ക് തുറുന്നുവിടണം. പരിക്കേറ്റതാണെങ്കില്‍ മൃഗശാലയിലേയ്ക്ക് മാറ്റണം.

10. സ്ഥിരമായി മനുഷ്യന്റെ മരണത്തിന് കാരണമാകുന്ന, കൊല്ലുന്നത് ശീലമാക്കിയ കടുവയല്ലെങ്കില്‍ അതിനെ യാതൊരു കാരണവശാലും 1972-ലെ വന്യജീവി സംരക്ഷണ നിയമ പ്രകാരം കൊല്ലാന്‍ പാടുള്ളതല്ല.

ക്രിമിനല്‍ നടപടി ക്രമത്തിലെ (CrPC) 133ാം വകുപ്പുപ്രകാരം അക്രമണകാരികളായ വന്യ മൃഗങ്ങളെ വെടിവെച്ചുകൊല്ലാന്‍ അധികാരം ഉണ്ടോ എന്ന് പരിശോധിച്ചതില്‍ ഒഴിവാക്കാന്‍ പറ്റാത്ത സാഹചര്യങ്ങളില്‍ മാത്രമേ ഒരു വന്യജീവിയെ കൊല്ലാന്‍ കേന്ദ്ര വന്യജീവി സംരക്ഷണ നിയമത്തിന്റെ വകുപ്പ് 11 അനുവദിക്കുന്നുള്ളു എന്നും CrPC 133 ഉപയോഗിക്കാന്‍ സാധിക്കുകയില്ല എന്നും അപ്രകാരം വന്യജീവികള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍
ഈ വകുപ്പ് ജില്ലാ കളക്ടറെ അനുവദിക്കുന്നില്ല എന്നും WP (C) No.13204/2021 നമ്പര്‍ കേസിലെ 19.02.2024ലെ ഉത്തരവില്‍ ബഹു. കേരള ഹൈക്കോടതിയും വ്യക്തമാക്കിയിട്ടുണ്ട്.

വന്യജീവി ആക്രമണത്തില്‍ നഷ്ടപരിഹാരം നല്‍കുന്നതിന് തുക അനുവദിക്കുന്നത് സംബന്ധിച്ച് അദ്ദേഹം നടത്തിയ പ്രസ്താവന ജനങ്ങളില്‍ തെറ്റിദ്ധാരണ ഉണ്ടാക്കുന്നതും വസ്തുതകള്‍ക്ക് നിരക്കാത്തതുമാണ്. കോമ്പന്‍സേറ്ററി അഫോറസ്‌റ്റേഷന്‍ ഫണ്ടില്‍ (CAMPA) നിന്നും വന്യജീവി ആക്രണമങ്ങള്‍ക്കുള്ള നഷ്ടപരിഹാരം നല്‍കുന്നതിന് തുക അനുവദിക്കുന്നു എന്ന് അദ്ദേഹം പറഞ്ഞതായി മനസ്സിലാക്കുന്നു. 2016-ലെ കോമ്പന്‍സേറ്ററി അഫോറസ്‌റ്റേഷന്‍ ഫണ്ട് ആക്ട് പ്രകാരം പരിഹാരവനവത്കരണം, അധിക പരിഹാര വനവത്കരണം, പീനല്‍ പരിഹാര വനവത്കരണം, നെറ്റ് പ്രസന്റ് വാല്യു തുടങ്ങിയവയ്ക്കാണ് CAMPA ഫണ്ട് ഉപയോഗിക്കാവു എന്ന് പറയുന്നു. ഈ നിയമപ്രകാരം 2018-ല്‍ കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച CAMPA ഫണ്ട് റൂള്‍സ് പ്രകാരം ഏതെല്ലാം ആവശ്യങ്ങള്‍ക്ക് പ്രസ്തുത ഫണ്ട് ഉപയോഗിക്കാം എന്ന് വ്യക്തമാക്കിയിട്ടുള്ളതാണ്. വന്യജീവി ആക്രമണത്തിന് പ്രസ്തുത ഫണ്ട് ഉപയോഗിക്കാന്‍ വ്യവസ്ഥ ഇല്ല. ആക്ടിലെയും ചട്ടങ്ങളിലെയും വ്യവസ്ഥകള്‍ക്ക് വിരുദ്ധമായി വന്യജീവി ആക്രമണത്തിന് വിധേയരായവര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ ഫണ്ട് അനുവദിച്ചു എന്ന കേന്ദ്രമന്ത്രിയുടെ പ്രസ്താവന ശരിയല്ല.

വിവിധ ആവശ്യങ്ങള്‍ക്കായി നഷ്ടപരിഹാരം ഉള്‍പ്പെടെ 15.8 കോടി രൂപ സംസ്ഥാന സര്‍ക്കാരിന് അനുവദിച്ചതായി കേന്ദ്രമന്ത്രി പറഞ്ഞതായും കണ്ടു. എന്നാല്‍ പ്രോജക്റ്റ് എലിഫന്റ്, പ്രോജക്റ്റ് ടൈഗര്‍, ഇന്റഗ്രേറ്റഡ് ഡെവലപ്‌മെന്റ് ഫോര്‍ വൈല്‍ഡ് ലൈഫ് ഹാബിറ്റേറ്റ് തുടങ്ങിയ 8 സ്‌കീമുകളിലായി വിവിധ ഉപശീര്‍ഷകങ്ങക്ക് കീഴില്‍ 12.73 കോടി രൂപ മാത്രമാണ് അനുവദിച്ചത്. ഇതില്‍ 80 ലക്ഷം രൂപ മാത്രമാണ് നഷ്ടപരിഹാരം നല്‍കുന്നതിലേക്കായി കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചത്. ഇതില്‍ 7.20 ലക്ഷം രൂപ മാത്രമാണ് വയനാട് ജില്ലയ്ക്കായി കേന്ദ്ര വിഹിതത്തില്‍ നിന്നും ലഭ്യമായത്. പ്രസ്തുത പ്രോജക്ടുകള്‍ക്ക് കീഴില്‍ കടുവ, കാട്ടാന സംരക്ഷണത്തിനും നടപടികള്‍ക്കുമായാണ് ഈ ഫണ്ട് അനുവദിച്ചിട്ടുള്ളത്. എന്നാല്‍ പ്രത്യേക സാഹചര്യത്തില്‍ ഈ ഫണ്ടില്‍ നിന്നും ചെറിയ തുക മാത്രം നഷ്ടപരിഹാരത്തിന് ഉപയോഗിക്കാവുന്നതാണ്. സംസ്ഥാന സര്‍ക്കാരിന്റെ ബജറ്റ് തുകയില്‍ നിന്നാണ് നഷ്ടപരിഹാരം നല്‍കുന്നതിനായി ഈ വര്‍ഷം തുക അനുവദിച്ചത്. ഇതിലേക്ക് ഈ വര്‍ഷം 13.7 കോടി നോണ്‍ പ്ലാന്‍ ഫണ്ടില്‍ നിന്നും 8.63 കോടി രൂപ മനുഷ്യ വന്യജീവി സംഘര്‍ഷം തടയുന്നതിനായുള്ള ഫണ്ടില്‍ നിന്നുമാണ് നല്‍കിയിട്ടുള്ളത്. ഏറ്റവും അവസാനമായി 19.02.2024-ന് 13 കോടി രൂപ ഇപ്രകാരമാണ് അനുവദിച്ചത്.

ഫണ്ട് അനുവദിക്കുന്നതിനായി പ്രോജക്റ്റുകള്‍ തയ്യാറാക്കി സംസ്ഥാനം കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടില്ല എന്ന കേന്ദ്രമന്ത്രി പറഞ്ഞതായി കാണുന്നു. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ മനുഷ്യ-വന്യജീവി സംഘര്‍ഷം കൈകാര്യം ചെയ്യുന്നതിനായി 620 കോടി രൂപയുടെ ഒരു പദ്ധതി തയ്യാറാക്കി കേന്ദ്ര സര്‍ക്കാരിന് 24.11.2022-ന് സമര്‍പ്പിച്ചിരുന്നു. കേന്ദ്ര വനം മന്ത്രിയുടെ 12.01.2023 -ലെ DO No NA/13/16/2020/NA നമ്പര്‍ പ്രകാരം പ്രസ്തുത 620 കോടിയുടെ പദ്ധതിയ്ക്ക് തുക അനുവദിക്കാന്‍ സാധിക്കില്ല എന്ന് അറിയിക്കുകയും പദ്ധതി നടത്തിപ്പിനായി സംസ്ഥാന സര്‍ക്കാരിന്റെ വിവിധ പദ്ധതികളില്‍ നിന്ന് പണം കണ്ടെത്താനും ഇതിനായി ശാസ്ത്രീയവും നൂതനവുമായ ധനാഗമന മാര്‍ഗ്ഗങ്ങള്‍ കണ്ടെത്താനും നിര്‍ദ്ദേശിക്കുകയാണ് ഉണ്ടായത്.

ആക്രമണകാരികളായ വന്യജീവികളെ ഉന്മൂലനം ചെയ്യുന്നതിനും ചില വന്യജീവികളെ ക്ഷുദ്രജീവികളായി പ്രഖ്യാപിക്കുന്നതിനുമുള്ള പൂര്‍ണ്ണ അധികാരം സംസ്ഥാന വൈല്‍ഡ് ലൈഫ് വാര്‍ഡനില്‍ നിഷിപ്തമാണെന്നും ഇതില്‍ കേന്ദ്ര വനം മന്ത്രാലയത്തിന് യാതൊന്നും പ്രത്യേകിച്ച് ചെയ്യാനില്ലെന്നും കേന്ദ്ര വനം മന്ത്രി പറഞ്ഞതായും അറിയുന്നു. കേന്ദ്ര വന്യജീവി നിയമത്തിലെ 62-ാം വകുപ്പിലെ വ്യവസ്ഥകള്‍ മനസിലാക്കാതെയോ അല്ലെങ്കില്‍ മറ്റു നിക്ഷിപ്തതാല്പര്യത്തോടെയോ ആണ് അദ്ദേഹം ഈ പ്രസ്താവന നടത്തിയതെന്ന് സംശയിക്കേണ്ടിവരും. 62-ാം വകുപ്പിലെ വ്യവസ്ഥകള്‍ വായിച്ചുനോക്കിയാല്‍ പൊതുസമൂഹത്തിനു തന്നെ ഇക്കാര്യം ബോധ്യപ്പെടുന്നതാണ്.

മേല്‍ പ്രസ്താവിച്ചവയുടെ വെളിച്ചത്തില്‍ കേന്ദ്രമന്ത്രിയുടെ പ്രസ്താവന മാധ്യമങ്ങള്‍ വിലയിരുത്തേണ്ടതാണെന്നും മന്ത്രി അറിയിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *