May 20, 2024

കേന്ദ്ര വനം മന്ത്രിയുടെ വാദം പരിഹാസ്യം: സിപിഎം

0
Img 20240222 210326ck4ev5d

 

കൽപ്പറ്റ:

ജില്ലയിലെത്തി വസ്‌തുതകൾ മറച്ചും നുണപറഞ്ഞും ജനlങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ച കേന്ദ്ര വനംമന്ത്രി ഭൂപേന്ദർ യാദവിന്റെ നടപടി പരിഹാസ്യമാണെന്ന്‌ സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ്‌ പ്രസ്‌താവനയിൽ പറഞ്ഞു. വന്യജീവി സംരക്ഷണ നിയമങ്ങളെക്കുറിച്ചും നഷ്ടപരിഹാരം സംബന്ധിച്ചും കേന്ദ്രമന്ത്രിക്ക്‌ പ്രാഥമിക ധാരണപോലുമില്ലെന്നാണ്‌ വ്യാഴാഴ്‌ച കൽപ്പറ്റയിൽ നടത്തിയ വാർത്താസമ്മേളനത്തിലെ പ്രസ്‌താവന തെളിയിക്കുന്നത്‌. വന്യമൃഗ ആക്രമണങ്ങളിൽ കൊല്ലപ്പെടുന്നവർക്ക്‌ സംസ്ഥാന സർക്കാർ നൽകുന്ന 10 ലക്ഷം രൂപ കേന്ദ്രത്തിന്റേതാണെന്ന വാദം അസംബന്ധമാണ്‌. സംസ്ഥാന സർക്കാരിന്റെ ബജറ്റ് തുകയിൽനിന്നാണ് നഷ്ടപരിഹാരം അനുവദിച്ചത്. വന്യമൃഗ ആക്രമണങ്ങളിലെ നഷ്ടപരിഹാരത്തിനായി  ഈ വർഷം 13.7 കോടി രൂപ നോൺ പ്ലാൻ ഫണ്ടിൽനിന്നും 8.63 കോടി രൂപ മനുഷ്യ–-വന്യജീവി സംഘർഷം തടയുന്നതിനായുള്ള ഫണ്ടിൽനിന്നുമാണ് നൽകിയതെന്ന്‌ സംസ്ഥാന വനം മന്ത്രിതന്നെ വ്യക്തമാക്കിയിട്ടുണ്ട്‌. കഴിഞ്ഞ ദിവസവും 13 കോടി രൂപ അനുവദിച്ചു.

മനുഷ്യജീവന് അപകടകരമായ വന്യജീവികളെ കൊല്ലാൻ ചീഫ്‌ വൈൽഡ്‌ ലൈഫ്‌ വാർഡന്‌ ഉത്തരവിടണമെങ്കിൽ കേന്ദ്ര വന്യജീവി സംരക്ഷണ നിയമത്തിലെ 11 (1) വകുപ്പ് പ്രകാരം കർശന വ്യവസ്ഥകളാണുള്ളത്‌. കാലതാമസവമുണ്ട്‌. ഇതൊന്നും മനസ്സിലാക്കാതെ ഉദ്യോഗസ്ഥർ വാട്‌സാപ്പിലൂടെ മെസേജ്‌ നൽകിയാൽ വനമൃഗങ്ങളെ വെടിവച്ചുകൊല്ലാൻ ഉത്തരവിടാനാകുമെന്ന്‌ കേന്ദ്രമന്ത്രി മാധ്യമങ്ങളോട്‌ പറയുന്നത്‌ വിഡ്ഢിത്തത്തിന്റെ അങ്ങേയറ്റമാണ്‌.

ജില്ലയിലെ അതിരൂക്ഷമായ വന്യമൃഗ ആക്രമണം പ്രതിരോധിക്കാർ കേന്ദ്രപദ്ധതി കൊണ്ടുവരികയോ,  ജീവൻ നഷ്ടമായവുടെ കുടുംബങ്ങളെ സഹായിക്കാനോ തയ്യാറാകാതെ രാഷ്‌ട്രീയ ലക്ഷ്യത്തോടെ സംസ്ഥാന സർക്കാരിനെതിരെ തിരിയുന്നത്‌ ഫെഡറൽ തത്വങ്ങൾക്കെതിരും സാമാന്യ മര്യാദയ്‌ക്ക്‌ നിരക്കാത്തതുമാണ്‌.
കേന്ദ്രത്തിന്‌ മലയോര ജനതയോട്‌ ആത്മാർഥതയുണ്ടെങ്കിൽ വന്യമൃഗ പ്രതിരോധത്തിനായി സംസ്ഥാന സർക്കാർ സമർപ്പിച്ച 620 കോടി രൂപയുടെ പദ്ധതി അംഗീകരിച്ച്‌ സഹായം നൽകുകയാണ്‌ വേണ്ടതെന്നും സെക്രട്ടറിയറ്റ്‌ പ്രസ്‌താവനയിൽ പറഞ്ഞു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *