സിദ്ധാര്‍ത്ഥന്റെ ആത്മഹത്യ ; ഇന്ന് നാല് പേർ കൂടെ അറസ്റ്റിൽ
കല്‍പ്പറ്റ: പൂക്കോട് വെറ്ററിനറി കോളേജ് രണ്ടാംവര്‍ഷ ബിരുദ വിദ്യാര്‍ഥി സിദ്ധാര്‍ത്ഥന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസില്‍ ഇന്ന് നാല് പേർ കൂടെ അറസ്റ്റിലായി.
എസ്എഫ്‌ഐ നേതാക്കളായ കോളേജ് യൂണിയന്‍ പ്രസിഡന്റ് മാനന്തവാടി കണിയാരം കേളോത്ത് വീട്ടില്‍ അരുണ്‍ (23), എസ് എഫ് ഐ യൂണിറ്റ് സെക്രട്ടറി മാനന്തവാടി ക്ലബ് കുന്നില്‍ ഏരി വീട്ടില്‍ അമല്‍ ഇഹ് സാന്‍ (23) എന്നിവരെ രാവിലെ പിടികൂടിയിരുന്നു.
യൂണിയന്‍ അംഗം തിരുവനന്തപുരം വര്‍ക്കല ആസിഫ് മന്‍സില്‍ എന്‍ ആസിഫ് ഖാന്‍(23)നെ ഉച്ചയോടെ അറസ്റ്റ് ചെയ്തു. മലപ്പുറം മഞ്ചേരി നെല്ലിക്കുത്ത് അമീന്‍ അക്ബര്‍ അലി (25) എന്നയാള്‍ കോടതിയില്‍ കീഴടുങ്ങുകയുമായിരുന്നു. ഇതോടെ കേസില്‍ പിടിയിലായവരുടെ എണ്ണം 11 ആയി. മറ്റു പ്രതികള്‍ക്കായി ഊര്‍ജിതമായി അന്വേഷണം നടക്കുകയാണ്.
ആകെ 18 പ്രതികളാണ് കേസില്‍. ആദ്യം അറസ്റ്റിലായ ആറു പേരെ വിശദമായി ചോദ്യം ചെയ്യുന്നതിനു കസ്റ്റഡിയില്‍ കിട്ടുന്നതിനുള്ള പോലീസിന്റെ അപേക്ഷ കല്‍പറ്റ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ശനിയാഴ്ച പരിഗണിക്കും. പ്രതികളെ ഹാജരാക്കുന്നതിന് കോടതി ഉത്തരവായിട്ടുണ്ട്. കേസില്‍ പ്രതിചേര്‍ത്ത വിദ്യാര്‍ഥികള്‍ക്ക് കോളേജ് ആന്റി റാഗിംഗ് കമ്മിറ്റി മൂന്നു വര്‍ഷത്തെ പഠന വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.
Leave a Reply