കുടുംബശ്രീ ബഡ്സ് ഫെസ്റ്റ് – പൂതാടി ചാമ്പ്യൻമാരായി
കൽപ്പറ്റ:കുടുംബശ്രീ പട്ടിക വർഗ്ഗ സുസ്ഥിര വികസന പദ്ധതിയുടെ ഭാഗമായി വിവിധ ഊരുകളിലെ ബ്രിഡ്ജ് കോഴ്സ് സെന്ററുകളിലുള്ള കുട്ടികൾക്കായി കലോത്സവം സംഘടിപ്പിച്ചു.
കേരള സംസ്ഥാന സഹകരണ ക്ഷേമനിധി ബോർഡ് വൈസ് ചെയർമാൻ സി.കെ ശശീന്ദ്രൻ പരിപാടി ഉദ്ഘാടനം ചെയ്തു.
പദ്യം ചൊല്ലൽ, മിമിക്രി, നാടൻപാട്ട്, സംഘനൃത്തം തുടങ്ങി 16 ഇനങ്ങളിലായി നടന്ന മത്സരത്തിൽ 35 പോയിന്റ് നേടി പൂതാടി സി ഡി എസ് ചാമ്പ്യൻമാരായി. 33 പോയിന്റുമായി പനമരം സി ഡി എസ് രണ്ടാം സ്ഥാനവും 30 പോയിന്റ് നേടി വെള്ളമുണ്ട സി ഡി എസ് മൂന്നാം സ്ഥാനവും നേടി.
പനമരം സി ഡി എസിലെ ഷിബിത്ര കെ കലാരത്നമായി തിരഞ്ഞെടുത്തു. സ്കൂളുകളിൽ നിന്നും കുട്ടികളുടെ കൊഴിഞ്ഞു പോക്ക് തടയുന്നതിനായി 2018 ലാണ് ബ്രിഡ്ജ് കോഴ്സ് സെന്ററുകൾ ജില്ലയിൽ ആരംഭിച്ചത്.
ആയിരത്തോളം കുട്ടികളാണ് ജില്ലയിലെ വിവിധ സെന്ററുകളിലായി പഠിക്കുന്നത്. കഴിഞ്ഞ വർഷമാണ് ബ്രിഡ്ജ് കോഴ്സ് ഫെസ്റ്റ് ജില്ലയിൽ ആരംഭിച്ചത്. കുടുംബശ്രീ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ പി.കെ ബാലസുബ്രഹ്മണ്യൻ അധ്യക്ഷനായിരുന്ന പരിപാടിയിൽ അസിസ്റ്റന്റ് ജില്ലാ മിഷൻ കോർഡിനേറ്റർ വി.കെ റജീന, സി ഡി എസ് ചെയർപേഴ്സന്മാരായ ഇന്ദിര സുകുമാരൻ, രജനി ജനീഷ്, ജില്ലാ പ്രോഗ്രാം മാനേജർ വി. ജയേഷ് എന്നിവർ സംസാരിച്ചു.
Leave a Reply