സി പി എം ജില്ലാസെക്രട്ടറിയുടെ ആരോപണം അടിസ്ഥാനരഹിതം: ജ്യോതിഷ്‌കുമാര്‍
കല്‍പ്പറ്റ: പൂക്കോട് വെറ്ററിനറി കോളജിലെ സിദ്ധാര്‍ഥന്റെ മരണത്തെ തുടര്‍ന്ന് നടക്കുന്ന പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് സി പി എം ജില്ലാസെക്രട്ടറി പി ഗഗാറിന്‍ തനിക്കെതിരെ നടത്തിയ പരാമര്‍ശങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് വൈത്തിരി ഗ്രാമപഞ്ചായത്ത് അംഗമായ ജ്യോതിഷ്‌കുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 2006-ലാണ് സി പി എമ്മുമായുള്ള ബന്ധം അവസാനിപ്പിക്കുന്നത്. റിസോര്‍ട്ട് ഉടമയുടെ വധവുമായി ബന്ധപ്പെട്ടുണ്ടായിരുന്ന കേസില്‍ നിന്നും വടകര കോടതി വെറുതെ വിട്ടയാളാണ് താന്‍. ആ കേസില്‍ ബോധപൂര്‍വം തന്നെ പ്രതി ചേര്‍ക്കാന്‍ ഇടപെട്ടയാളാണ് ഗഗാറിന്‍. സി പി എം വൈത്തിരി ഏരിയാകമ്മിറ്റി ഓഫീസിലെ ഫോണില്‍ നിന്നും കോഴിക്കോട് ക്രൈംബ്രാഞ്ച് എസ് പിയെ വിളിച്ച് റിസോര്‍ട്ട് ഉടമ വധക്കേസുമായി ബന്ധപ്പെട്ട് 28 ലക്ഷം രൂപ വാങ്ങിയെന്ന് പറയുകയായിരുന്നു. പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ നിന്നും തന്നെ മാറ്റി നിര്‍ത്താനുള്ള നീക്കത്തിന്റെ ഭാഗമായിരുന്നു അത്. എന്നാല്‍ ഈ കേസില്‍ വടകര കോടതി വെറുതെവിട്ടു. മരിച്ചയാളുടെ ഭാര്യ പോലും കോടതിയില്‍ പറഞ്ഞത് താനത് ചെയ്യില്ലെന്നായിരുന്നു. മാനനഷ്ടത്തിനുള്‍പ്പെടെ കേസ് ഫയല്‍ ചെയ്യാമെന്നായിരുന്നു അന്നത്തെ കോടതി വിധിയിലുണ്ടായിരുന്നത്. എന്നിട്ടും ഇപ്പോഴും താന്‍ പ്രതിയാണെന്നാണ് ഗഗാറിന്‍ പറയുന്നതെന്നും ജ്യോതിഷ് പറഞ്ഞു. സി പി എം ജില്ലാസെക്രട്ടറി കോടതി വിധി അംഗീകരിക്കാത്തതിന്റെ കാരണം ഗഗാറിന്‍ താമസിക്കുന്ന സ്ഥലത്ത് താന്‍ ജനപ്രതിനിധിയായി എന്നത് കൊണ്ടാണ്. മാത്രമല്ല, സമീപകാലത്ത് സി പി എമ്മില്‍ നിന്നും 18 പാര്‍ട്ടി അംഗങ്ങളാണ് ഇവിടെ നിന്നും രാജിവെച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. പൂക്കോട് സമരത്തിന്റെ ഭാഗമായ മറ്റൊരു കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ പേരില്‍ ആംസ് ആക്ട് പ്രകാരം കേസുണ്ടെന്നാണ് ഗഗാറിന്‍ പറഞ്ഞത്. നിലവില്‍ ഒരു കേസുമില്ലാത്തയാള്‍ക്കെതിരെയാണ് ഇത്തരത്തില്‍ പരാമര്‍ശം നടത്തുന്നത്. സ്വന്തം കാല്‍ചുവട്ടിലെ മണ്ണ് ഒലിച്ചുപോകുന്നത് ഗഗാറിന്‍ അറിയുന്നില്ല. നാല്‍പ്പത് വര്‍ഷത്തിന് ശേഷമാണ് ഒരു വാര്‍ഡ് സി പി എമ്മില്‍ നിന്നും താന്‍ പിടിച്ചെടുത്തതെന്നും ജ്യോതിഷ് ചൂണ്ടിക്കാട്ടി. ഗഗാറിനെതിരെ വയനാടിനകത്ത് പല വിഷയങ്ങളുമുണ്ട്. പഴയ കഥകള്‍ പറഞ്ഞുതുടങ്ങിയാല്‍ ഇവിടെയൊന്നും തീരില്ല. 2019-ല്‍ ഒരു സ്ത്രീ തൂങ്ങിമരിച്ചതുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് തന്നെ ഇദ്ദേഹത്തിനെതിരെ പരാതി നല്‍കിയിരുന്നു. എന്നാല്‍ ആ കേസ് ഭരണസ്വാധീനം ഉപയോഗിച്ച് ഇല്ലാതാക്കി. ആ കേസിന്റെ യഥാര്‍ഥ സ്ഥിതി പുറത്തുകൊണ്ടുവരാനുള്ള ശ്രമങ്ങള്‍ നടത്തും. പല വിഷയങ്ങളും തെളിവ് സഹിതം ഘട്ടം ഘട്ടമായി പുറത്തുപറയുമെന്നും അദ്ദേഹം പറഞ്ഞു. ഒരു ജനപ്രതിനിധിയെ മോശക്കാരനാക്കി മാറ്റാനുള്ള ശ്രമമാണ് ഗഗാറിന്‍ നടത്തുന്നത്. എന്നാല്‍ ഗഗാറിന്‍ വിചാരിച്ചാല്‍ തന്നെ പൊതുപ്രവര്‍ത്തനരംഗത്ത് നിന്ന് മാറ്റിനിര്‍ത്താനാവില്ലെന്നും ജ്യോതിഷ്‌കുമാര്‍ പറഞ്ഞു.
Leave a Reply