May 20, 2024

വയല് നികത്തി റോഡ് വെട്ടാന്‍ വാര്‍ഡ് മെമ്പര്‍ കൂട്ടുനിന്നതായി ആരോപണം 

0
20240312 171319

പടിഞ്ഞാറത്തറ: കൃഷിഭൂമിയായി ഉപയോഗിച്ചു കൊണ്ടിരിക്കുന്ന വയലിന് നടുവിലൂടെ വെള്ളത്തിന്റെ ഒഴുക്ക് തടഞ്ഞ് റോഡ് വെട്ടാന്‍ സ്വകാര്യ വ്യക്തിക്ക് വാര്‍ഡ് മെമ്പര്‍ കൂട്ടുനിന്നതായി ആരോപണം . വിവിധ വ്യക്തികളില്‍ നിന്നായി പല പ്രാവശ്യമായി സ്ഥലം വാങ്ങി സ്ഥലങ്ങള്‍ സ്വന്തം അധീനതയിലാക്കിയാണ് സ്വകാര്യ വ്യക്തിയുടെ സ്ഥലത്തേക്ക് റോഡ് വെട്ടാനായി സ്ഥലം വിട്ട് കൊടുത്ത് അടുത്തുള്ള വയലുകളിലെ കര്‍ഷകരെ വെല്ലുവിളിക്കും വിധം ഒത്താശ ചെയ്ത് കൊടുക്കുകയായിരുന്നു വാര്‍ഡ് മെമ്പര്‍ എന്ന് പ്രദേശവാസികൾ ആരോപിച്ചു.

 

നാട്ടുകാരെ പറ്റിക്കും വിധം വയലില്‍ നിന്നും മണ്ണെടുത്ത് ഉയരത്തില്‍ റോഡ് വെട്ടി പോകെപ്പോകെ റോഡ് ആക്കി മാറ്റാന്‍ ബുദ്ധി ഉപദേശിക്കുകയും, അതിനുള്ള സൗകര്യവും ചെയ്ത് കൊടുക്കുന്ന വാര്‍ഡ് മെമ്പറുള്‍പ്പടെയുള്ളവരുടെ കള്ളക്കളി വെളിച്ചത്ത് കൊണ്ടുവരണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഇങ്ങനെ ഉയരത്തില്‍ മണ്ണ് തടഞ്ഞു നിര്‍ത്തുന്നതോടെ മുകള്‍ ഭാഗത്തുള്ള വയലിലെ വെള്ളം കെട്ടിക്കിടന്ന് കൃഷികള്‍ നശിച്ചു പോകുന്ന അവസ്ഥ ഉണ്ടാകുമെന്ന് കർഷകർ പറഞ്ഞു. ഇത് കര്‍ഷകരെ സാരമായി ബാധിക്കും.

 

സാധാരണയായി മഴക്കാലമായാല്‍ വെള്ളം കെട്ടി നില്‍ക്കുന്ന ഈ പ്രദേശത്ത് ഇത്തരത്തില്‍ റോഡ് വന്നതോടെ മുകളിലെ വെള്ളം താഴേക്ക് ഒഴുകുന്നത് നിലക്കുകയും ആ ഭാഗത്തെ വയലുകളിലുള്ള കൃഷി പാടെ നശിച്ചു പോകുന്ന അവസ്ഥയും ഉണ്ടാകും. റോഡ് സൈഡില്‍ നടക്കുന്ന ഈ അധികാര ദുര്‍വിനിയോഗത്തെ അധികാരികളും കണ്ടില്ലന്ന് നടിക്കുകയാണ് എന്ന സംശയവും നാട്ടുകാരില്‍ ഉയരുന്നുണ്ട്.

 

പ്രസ്തുത സംഭവത്തിന്റെ അടിസ്ഥാനത്തില്‍ തെങ്ങുമുണ്ട മുസ്‌ലിം ലീഗ് കമ്മിറ്റി പടിഞ്ഞാറത്തറ വില്ലേജ് ഓഫീസര്‍ക്ക് പരാതി നൽകി. പ്രസ്തുത പരാതിയുടെ അടിസ്ഥാനത്തില്‍ പരിശോധന നടത്തിയതിന്റെ ഭാഗമായി ഇത് തണ്ണീര്‍ത്തട നിയമ ലംഘനമാണെന്ന് വില്ലേജ് ഓഫീസര്‍ കണ്ടെത്തുകയും വാര്‍ഡ് മെമ്പര്‍ക്ക് സ്റ്റോപ്പ് മെമ്മോ നല്‍കുകയും ചെയ്തു.

 

മണ്ണിട്ട് ഉയര്‍ത്തിയ സ്ഥലം ഉടന്‍ പൂര്‍വ്വ സ്ഥിതിയില്‍ ആക്കിയില്ലെങ്കില്‍ ശക്തമായ പ്രതിഷേധ നടപടികളുമായി മുമ്പോട്ട് പോകുമെന്ന് തെങ്ങുമുണ്ട ശാഖാ മുസ്‌ലിം ലീഗ് കമ്മിറ്റി അറിയിച്ചു. ശാഖാ മുസ്‌ലിം ലീഗ് പ്രസിഡണ്ട് സാജിദ് മഞ്ചേരിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ മുസ്‌ലിം യൂത്ത് ലീഗ് ശാഖാ പ്രസിഡണ്ട് ഷമീര്‍ തുര്‍ക്കി, സെക്രട്ടറി നിസാര്‍ കൂത്താളി തുടങ്ങിയവര്‍ സംസാരിച്ചു. മുസ്‌ലിം ലീഗ് ശാഖാ സെക്രട്ടറി അബ്ദുള്ള പെരിങ്ങളവന്‍ സ്വാഗതവും ട്രഷറര്‍ മജീദ് തുര്‍ക്കി നന്ദിയും പറഞ്ഞു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *