April 21, 2024

കർഷകർ ആത്മഹത്യയുടെ വക്കിൽ: രാജ്യത്ത് നടക്കുന്ന ആത്മഹത്യകളിൽ ഭൂരിഭാഗവും കർഷക ആത്മഹത്യകൾ

0
Img 20240319 075006

ഒരു നാടിനെ ഒന്നാകെ ഊട്ടുന്നവൻ കർഷകൻ

മാനന്തവാടി: സൂര്യൻ ഉതിക്കുന്നതിന് മുന്നേ ഉണരുകയും, പ്രകൃതിയിൽ പ്രകാശ കിരണങ്ങൾ ഇറങ്ങുന്നതിന് മുൻപേ തന്റെ കൃഷിഭൂമിയിൽ എത്തുകയും ചെയ്യുന്നവരാണ് കർഷകർ. ഒരു കാലത്ത് കൃഷിയെ മാത്രം ആശ്രയിച്ചാണ് വയനാട്ടുകാർ ജീവിച്ചത്. നെല്ല്, പയർ, തക്കാളി, പച്ചമുളക്, ചീര, ചേമ്പ്, കാച്ചിൽ, മരച്ചീനി, വെള്ളരി, ചക്ക, മാങ്ങ, തേങ്ങ തുടങ്ങി ഒരു വീട്ടിലേക്ക് ആവിശ്യമായ എല്ലാം തന്നെ വീട്ടുപറമ്പിൽ സുലഭമായിരുന്നു. ഇതുകൂടാതെ നാണ്യ വിളകളായ വാഴ, കാപ്പി, കുരുമുളക്, റബ്ബർ തുടങ്ങിയവയും.

എന്നാൽ ഇന്ന് ചുരുക്കം ചിലർ മാത്രമേ കാർഷിക മേഖലയിലേക്ക് ഇറങ്ങുന്നുള്ളു. ഇവർക്കാകട്ടെ ചിലവിനുള്ള വക പോലും കൃഷിയിൽ നിന്നും ലഭിക്കുന്നില്ല. വീടും കൃഷിഭൂമിയും പണയ പെടുത്തിയാണ് പല കർഷകരും കൃഷിയിലേക്ക് ഇറങ്ങുന്നത്. ഇതിന്റെ അനന്തര ഫലമാവട്ടെ ജപ്തിയും ലോണും നഷ്ടങ്ങളും മാത്രം.

വന്യമൃഗങ്ങളുടെ തുടർച്ചയായുള്ള ആക്രമണങ്ങളാണ് വയനാട്, ഇടുക്കി പോലെയുള്ള മലയോര മേഖലയിലെ കർഷകർ അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്‌നം. ആന, കാട്ടുപന്നി, കരടി അടക്കമുള്ള വന്യജീവി ആക്രമണത്തിൽ കർഷകർക്ക് ഉണ്ടാകുന്ന നഷ്ടം ചെറുതല്ല. ഇവക്ക് പരിഹരമായി കർഷകർക്ക് നൽകാനുള്ള നഷ്ടപരിഹാരം പോലും കൃത്യമായി നൽകാൻ സർക്കാർ സംവിധാനങ്ങൾക്ക് കഴിയുന്നില്ല എന്നത് മറ്റൊരു വസ്തുതയാണ്.

മാറി മാറി വരുന്ന കാലാവസ്ഥ വ്യതിയാനം കർഷകർ നേരിടുന്ന മറ്റൊരു പ്രധാന വെല്ലുവിളിയാണ്. കാലാവസ്ഥയെ അടിസ്ഥാനമാക്കിയുള്ള കൃഷി രീതിയാണ് കർഷകർ പിന്തുടരുന്നത്. അതിനാൽ തന്നെ കാലാവസ്ഥയിലുണ്ടാകുന്ന സ്ഥിരതയില്ലാത്ത മാറ്റങ്ങൾ കാർഷിക വിളകൾക്ക് നാശം ഉണ്ടാക്കുന്നു.

ഇത്തരം അപ്രതീക്ഷിത സാഹചര്യങ്ങളാലുണ്ടാകുന്ന ഉൽപാദന നഷ്ടം, പരിപാലനത്തിലുണ്ടാകുന്ന അധിക ചെലവുകൾ കാലാവസ്ഥയിലെ ദീർഘകാല ഹ്രസ്വകാല വ്യതിയാനങ്ങൾ എന്നിവയെല്ലാം കർഷകരുടെ സാമ്പത്തിക അടിത്തറ ഇല്ലാതെയാക്കുന്നു.

ഇവിടെയും അവസാനിക്കുന്നതല്ല കർഷകരുടെ പ്രതിസന്ധികൾ. കയ്യിൽ ഉള്ളതെല്ലാം നുള്ളി പെറുക്കി ഒരു കയ്യിൽ പണിയായുധവും, മറുകയ്യിൽ ജെപ്തി നോട്ടീസും കൊണ്ട് മുണ്ട് മുറിക്കി പാടത്തേക്കും പറമ്പിലേക്കും ഇറങ്ങുന്നവരാണ് കർഷകർ.

ഇത്തരം പ്രതിസന്ധികൾ തരണം ചെയ്യാൻ കഴിയാത്ത കർഷകർ ആത്മഹത്യ എന്ന പോംവയി സ്വീകരിക്കുന്നു. 2021ൽ ഇന്ത്യയിൽ കാർഷിക മേഖലയിൽ ഏർപ്പെട്ടവരിൽ 10,881 പേർ ആത്മഹത്യ ചെയ്തു എന്നാണ് എഡിഎസ്ഐയുടെ കണക്കുകൾ സൂചിപ്പിക്കുന്നത്. ഇവരിൽ 5,318 പേർ കർഷകരും, 5,563 പേർ കർഷകത്തൊഴിലാളികളുമാണ്. കൂടാതെ, 5,318 കർഷക ആത്മഹത്യയിൽ 5,107 പേർ പുരുഷന്മാരും 211 പേർ സ്ത്രീകളുമായിരുന്നു. 2021ൽ ഇന്ത്യയിൽ നടന്ന മൊത്തം ആത്മഹത്യകളിൽ 6.6 ശതമാനവും കാർഷിക മേഖലയിലെ ആത്മഹത്യയാണെന്ന് എഡിഎസ്ഐയുടെ റിപ്പോർട്ടുകൾ പറയുന്നു.

പകലന്തിയോളം കഠിനാധ്വാനം ചെയ്യുന്നവരാണ് കർഷകർ അവരെ കണ്ടില്ലെന്ന് നടിക്കുന്നത് ശരിയായ പ്രവണതയല്ല. 2014 കഴിഞ്ഞുള്ള ഇന്ത്യയെക്കുറിച്ച് പ്രധാനമന്ത്രിയും, 2016 കഴിഞ്ഞുള്ള കേരളത്തെക്കുറിച്ച് സംസ്ഥാന മുഖ്യമന്ത്രിയും വാചാലരമാകുമ്പോള്‍, അത് കേവലം അവകാശവാദങ്ങളുടെ മാത്രം പ്രശ്‌നമല്ലെന്നും, പ്രത്യേകിച്ചൊന്നും ബാക്കിയാക്കാത്തവരുടെ പാഴ്‌വാക്കുകള്‍ മാത്രമെന്നും മനസ്സിലാക്കുന്നവരില്‍, പരാജയപ്പെട്ട് ജീവിതത്തിൽ നിന്നും പിന്‍വാങ്ങിയവർ മാത്രമല്ല ഉൾപ്പെടുന്നത്. അതിൽ പരാതിപ്പെടാന്‍ ഒരിടം പോലുമില്ലാത്ത സാധാരണക്കാരുമുണ്ടെന്ന വസ്തുത ഖേദകരമാണ്; വോട്ടുറപ്പിക്കാനുള്ള രാഷ്ട്രീയ പ്രചാരണ ജാഥ മാത്രമായി നവകരേള സദസ്സ് ഒതുങ്ങുമ്പോൾ മതരാഷ്ട്രീയ ഭേദമെന്യേ, വിലപേശാൻ ശേഷിയുള്ള സംഘടിത ശക്തിയായി നിലകൊള്ളുന്ന കര്‍ഷകര്‍ ഉണരുക മാത്രമാണ് ഈ കാലഘട്ടത്തിൽ കാര്‍ഷിക പ്രതിസന്ധിക്കും, കർഷകർ നേരിടുന്ന വെല്ലുവിളികൾക്കും പരിഹാരമെന്നത് ഓരോരുത്തരും തിരിച്ചറിയണം. കണ്ണീര്‍പാടത്ത് കഷ്ടതമാത്രം വിതച്ച് വിളയിക്കുന്ന അവരും മനുഷ്യരാണ്, അത് മറക്കരുത് ഒരിക്കലും.

 

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news