April 27, 2024

ഉറപ്പ് പാലിച്ച് രാഹുല്‍ ഗാന്ധി: കാട്ടാന കൊലപ്പെടുത്തിയ പോളിന്റെ കുടുംബത്തിനായുള്ള വീടൊരുങ്ങി

0
Img 20240326 181730

പുല്‍പ്പള്ളി: കാട്ടാനക്കലിയില്‍ ജീവന്‍ നഷ്ടമായ പാക്കം കുറുവാ ദ്വീപ് ഇക്കോടൂറിസം കേന്ദ്രത്തിലെ, വനംസംരക്ഷണ സമിതി താത്ക്കാലിക ജീവനക്കാരനായിരുന്ന പാക്കം തിരുമുഖത്ത് തേക്കിന്‍കൂപ്പില്‍ വെള്ളച്ചാലില്‍ പോളിന്റെ കുടുംബത്തിന്റെ സ്വപ്നം സഫലമായി. പോളിന്റെ കുടുംബത്തിന്റെ സുപ്രധാന ആവശ്യങ്ങളിലൊന്നായ വീടിന്റെ പ്രവൃത്തി പൂര്‍ത്തീകരിച്ചു.

പോളിന്റെ മരണശേഷം രാഹുല്‍ ഗാന്ധി എം പി വീട്ടിലെത്തി കുടുംബാംഗങ്ങളെ കണ്ടിരുന്നു. ഇതേ സമയത്തായിരുന്നു പണിതീരാത്ത വീടിന്റെ പ്രവൃത്തി പൂര്‍ത്തീകരിക്കുകയെന്ന പോളിന്റെ ഭാര്യ സാലിയുടെയും മകള്‍ സോനയുടെയും പ്രധാന ആവശ്യം മനസിലാക്കുന്നത്. ഉടന്‍ തന്നെ രാഹുല്‍ ഗാന്ധി മണ്ഡലത്തില്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന ‘കൈത്താങ്ങ്’ പദ്ധതിയില്‍ ഉള്‍പ്പെടുത്തി വീടിന്റെ പൂര്‍ത്തീകരണം എത്രയും വേഗത്തില്‍ നടത്തണമെന്ന് നിര്‍ദേശം നല്‍കുന്നത്. ഇതോടെ ദ്രുതഗതിയില്‍ നിര്‍മ്മാണ പ്രവൃത്തികള്‍ ആരംഭിക്കുകയായിരുന്നു.

ഫെബ്രുവരി 20-നായിരുന്നു പ്രവൃത്തികള്‍ക്ക് തുടക്കമിട്ടത്. കൃത്യം ഒരുമാസം പിന്നിടുമ്പോള്‍ കുടുംബത്തിന്റെ ആഗ്രഹപ്രകാരമുള്ള എല്ലാവിധ പ്രവൃത്തികളും പൂര്‍ത്തിയാക്കി കഴിഞ്ഞു. നേരത്തെ വീടിന്റെ മുന്‍ഭാഗം മാത്രമായിരുന്നു തേച്ചിരുന്നത്. ബാക്കി ഭാഗങ്ങളിലെല്ലാം പ്ലാസ്റ്ററിംഗ് വര്‍ക്കുകള്‍ പൂര്‍ത്തിയാക്കുകയും, വീടിന്റെ പിന്‍ഭാഗത്ത് അടുക്കളയും സ്റ്റോര്‍റൂം എന്നിവ നിര്‍മ്മിക്കുകയും, ടൈല്‍പതിപ്പിക്കുന്ന പ്രവൃത്തികളും ആഴ്ചകള്‍ക്ക് മുമ്പ് ചെയ്തുതീര്‍ത്തു. വയറിംഗും പ്ലംമ്പിംഗും, ജനാലകളും, വാതിലുകളും സ്ഥാപിക്കുന്നതുള്‍പ്പെടെയുള്ള പ്രവൃത്തികളും ഇതിനിടയില്‍ പൂര്‍ത്തിയാക്കി.

കുടുംബത്തിന്റെ ആവശ്യങ്ങള്‍ പരിഗണിച്ചും, മനസിലാക്കിയുമാണ് പ്രവൃത്തികളെല്ലാം പൂര്‍ത്തിയാക്കിയത്. മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയാണ് പ്രവൃത്തികള്‍ക്കെല്ലാം നേതൃത്വം നല്‍കിയത്. ഞങ്ങള്‍ക്ക് സാധിക്കാത്ത കാര്യമാണ് വളരെ വേഗത്തില്‍ രാഹുല്‍ ഗാന്ധി പൂര്‍ത്തീകരിച്ച് നല്‍കിയതെന്ന് പോളിന്റെ ഭാര്യ സാലി പറഞ്ഞു. മനുഷ്യരുടെ വിഷമതകള്‍ തിരിച്ചറിഞ്ഞ്, കണ്ണീരുമായി കഴിയുന്ന, കുടുംബനാഥന്മാര്‍ നഷ്ടപ്പെട്ട നിരവധി പേര്‍ക്ക് അദ്ദേഹം വീടുകള്‍പ്പെടെയുള്ള സഹായം ചെയ്തതായി അറിയാന്‍ സാധിച്ചുവെന്നും, തന്റെ സഹോദരനാണ് രാഹുല്‍ ഗാന്ധിയെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *