May 20, 2024

കേരള കർണാടക സംസ്ഥാനങ്ങളെ തമ്മിൽ ബന്ധിപ്പിച്ചു കബനി നദിക്ക് കുറുകെ നടത്തിയിരുന്ന തോണി സർവീസ് പുനരാരംഭിച്ചു 

0
Img 20240401 154503

പുൽപ്പള്ളി: കേരള – കർണാടക സംസ്ഥാനങ്ങളെ തമ്മിൽ ബന്ധിപ്പിച്ച് കബനി നദിക്ക് കുറുകെ നടത്തിയിരുന്ന തോണി സർവീസ് പുനരാരംഭിച്ചു. മരക്കടവ് ഡിപ്പോയിൽ നിന്നും കർണാടകയിലെ മച്ചൂരിലേക്കുള്ള സർവീസ് ഒരാഴ്ചയ്ക്ക് മുൻപ് കർണാടക വനംവകുപ്പ് ഇടപെട്ട് നിർത്തിവച്ചിരുന്നു.

ദിവസേന നൂറുകണക്കിന് ആളുകളാണ് ഈ സർവീസിനെ ആശ്രയിച്ച് യാത്ര ചെയ്തിരുന്നത്. പുൽപ്പള്ളി, മുള്ളൻകൊല്ലി മേഖലകളിൽ അടക്കമുള്ളവർ കർണാടകയിലേക്ക് പോകുന്നതിനും തിരിച്ചു വരുന്നതിനുമെല്ലാം പ്രധാനമായും ഈ മാർഗമാണ് ആശ്രയിച്ചിരുന്നത്. കർണാടക അതിർത്തി ഗ്രാമങ്ങളിലെ വിദ്യാർഥികൾ പഠനത്തിനായും രോഗികൾ ചികിത്സയ്ക്കായും സംസ്ഥാനത്തേയ്ക്ക് വന്നിരുന്നതും ഈ തോണി സർവീസിനെ ആശ്രയിച്ചാണ്. കർണാടകയിൽ പാലിന്റെ വില വളരെ കുറവായതിനാൽ മിക്ക കർഷകരും കേരളാതിർത്തിയിലെ കബനിഗിരി ക്ഷീരസംഘത്തിലാണ് പാൽ അളക്കുന്നത്. തോണി സർവീസ് നിർത്തിയതോടെ ഇവരെല്ലാം വലയുകയായിരുന്നു.

കബനിയുടെ ഇരുകരകളിലായി പരസ്‌പരം ബന്ധപ്പെട്ട് കഴിഞ്ഞവരിപ്പോൾ യാത്ര ചെയ്യാൻ മാർഗമില്ലാതെ പ്രയാസത്തിലായതോടെ വലിയ പ്രതിഷേധമുയർന്നിരുന്നു. മരക്കടവിൽ നിന്നും മച്ചൂരിലേക്ക് പ്രവേശിക്കുന്ന ഭാഗം വനഭൂമിയായതിനാലാണ് തോണി സർവീസ് നിർത്തിവെക്കാൻ നിർദേശം നൽകിയതെന്നാണ് കർണാടക വനംവകുപ്പ് പറയുന്നത്.

വനംവകുപ്പിന്റെ ഈ നടപടിക്കെതിരെ കർണാടകയിലെ ജനപ്രതിനിധികളടക്കമുള്ളവർക്ക് നാട്ടുകാർ പരാതി നൽകിയിരുന്നു. ഇതേത്തുടർന്ന് ബൈരക്കുപ്പ ഗ്രാമപ്പഞ്ചായത്തിന്റേയും ജനപ്രതിനിധികളുടേയും ഇടപെടലിനെ തുടർന്നാണ് ഇന്ന് മുതൽ തോണി സർവീസ് പുനരാരംഭിക്കാൻ വനംവകുപ്പ് അനുമതി നൽകിയത്. രാവിലെ ആറ് മുതൽ വൈകുന്നേരം ആറുവരെ മാത്രമേ തോണി സർവീസ് നടത്താൻ പാടുള്ളുവെന്നാണ് വനംവകുപ്പിന്റെ നിർദേശം.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *