April 13, 2024

മോട്ടോർ വാഹന വകുപ്പിന്റെ ഇരുമെയ്യാണെങ്കിലും 5.O ജനശ്രദ്ധ നേടുന്നു

0
Img 20240401 Wa0321

തിരുവനന്തപുരം: കേരള മോട്ടോർ വാഹന വകുപ്പിന്റെ ഫേസ്ബുക്ക് ലേഖനം ഇരുമെയ്യാണെങ്കിലും 5.O ജനശ്രദ്ധ ആകർഷിക്കുന്നു. “നിരത്തിൽ വാഹനം എങ്ങനെ കൈകാര്യം ചെയ്യണം. എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണം. വാഹനം എങ്ങനെ ഡ്രൈവ് ചെയ്യണം. റോഡ് നിയമങ്ങൾ എന്തെല്ലാം, നിയമങ്ങൾ എന്തിനു പാലിക്കണം എന്നിങ്ങനെയുള്ള കാര്യങ്ങളിൽ ജനങ്ങളെ ബോധവത്ക്കരിക്കുവാൻ വേണ്ടിയാണ് കേരളത്തിലെ മോട്ടോർ വാഹന വകുപ്പ് ഇരുമെയ്യാണെങ്കിലും 5.O ലേഖന പരമ്പരയുമായി മുന്നോട്ട് പോകുന്നത്.

ഏറ്റവും പുതിയ ലേഖനത്തിന്റെ പൂർണ രൂപം വായിക്കാം ന്യൂസ്‌ വയനാടിലൂടെ;

ഇരുമെയ്യാണെങ്കിലും..5.O

ദൈനംദിനയാത്രകൾ കൂടുതൽ സുഖകരവും അയത്നലളിതവുമാക്കുന്ന ഗതാഗതസാങ്കേതികത, മറ്റേതൊരു സാങ്കേതികതയും പോലെ ഒരു ‘ഇരുതലവാളാ‘ണ്. ഇതര വാഹന യാത്രകളെ അപേക്ഷിച്ച് ഇരുചക്രവാഹനയാത്ര കൂടുതൽ അപകടകരമാക്കുന്ന സാങ്കേതികവും മാനുഷികവുമായ ഘടകങ്ങളെക്കുറിച്ചാണ് ഈ പരമ്പരയിലൂടെ കൂടുതലും സംവദിക്കുന്നത്.

ഒന്നാം ഭാഗത്തിൽ ഇതിൻ്റെ സുരക്ഷാ ന്യൂനതകളും രണ്ടാമത്തേതിൽ ചുറ്റിലും ചുറ്റുന്നവരുടെ മനോഭാവം ഉൾപ്പെടേയുള്ള ഭീഷണികളുമായിരുന്നു സംവദിച്ചതെങ്കിൽ മൂന്ന് നാല് ഭാഗങ്ങളിൽ ഡ്രൈവിംഗിലെ ബാലൻസിംഗ്, സ്ഥിരത തുടങ്ങിയ വെല്ലുവിളികളായിരുന്നു വിഷയങ്ങൾ.

ഇരുചക്ര വാഹനങ്ങളുടെ വളവുകളിലെ സ്ഥിരതയും നിയന്ത്രണത്തിലെ ഭീഷണികളുമാണ് ഇന്നത്തെ ചിന്താവിഷയം. വളവുകളിൽ ഒരു ഇരുചക്രവാഹനത്തെ നാമറിയാതെ തന്നെ ചരിച്ച് പിടിക്കുന്നത് എല്ലാവർക്കും അനുഭവമുള്ളതാണല്ലോ? എന്തിനാണ് ഇത്തരത്തിൽ വളവുകളിൽ വാഹനം ചരിച്ച് പിടിക്കേണ്ടിവരുന്നത് എന്ന് ചിന്തിച്ചിട്ടുണ്ടോ?

മുന്നോട്ട് നിശ്ചിത വേഗതയിൽ ചലിച്ചുകൊണ്ടിരിക്കുന്ന ഒരു ചക്രത്തിൻ്റെ സഞ്ചാരദിശമാറ്റുന്ന പ്രവൃത്തി അഥവാ സ്റ്റിയറിംഗ് എന്നത്, ഡ്രൈവിംഗിൽ ഏറ്റവും അപകടകരമായ പ്രവൃത്തിയാണ്. അതിനാൽ തന്നെ നേർരേഖയിൽ ചലിക്കാൻ പാകത്തിലാണ് എല്ലാ വാഹനങ്ങളും നിർമ്മിച്ചിരിക്കുന്നത് എന്നു മനസ്സിലാക്കുക.

പക്ഷെ വളവുകൾ, നമ്മുടെ പാതകളുടെ അനിവാര്യതയുമാണ്. വാഹനങ്ങളുടെ ഏറ്റവും സാഹസികമായ സാങ്കേതിക വെല്ലുവിളിയാണ് വളവുകൾ തിരിയുക എന്നത്. ഈ വസ്തുത ഓർത്തിരിക്കേണ്ടത് അപകടരഹിത യാത്രയ്ക്ക് അത്യന്താപേക്ഷിതമാണ്.

വാഹനത്തിൻ്റെ നിയന്ത്രണം നഷ്ടപ്പെടാൻ സാധ്യത ഏറെയുള്ള വളവുകളിൽ വില്ലനാകുന്നത് Gyroscopic effect എന്ന പ്രതിഭാസമാണ്. വാഹനത്തിൻ്റെ വേഗത, ഭാരം, ഉയരം, കറങ്ങുന്ന ഭാഗങ്ങൾ, യാത്രക്കാരുടെ എണ്ണം, വളവിൻ്റെ ആരം (radius of Curvature), ടയറുകളുടെ കണ്ടീഷൻ, പ്രതലസ്വഭാവം, ചരിവ് തുടങ്ങി ഒട്ടനവധി ഘടകങ്ങളിൽ അധിഷ്ഠിതമായ സങ്കീർണ്ണമായ ഒന്നാണ് ഈ ഭൗതികപ്രതിഭാസം.

നേർരേഖയിൽ ചലിച്ചു കൊണ്ടിരിക്കുന്ന ഒരു വസ്തുവിന് ദിശമാറ്റം സംഭവിക്കുമ്പോൾ അപകേന്ദ്രബലം അഥവാ സെൻട്രിഫ്യൂഗൽഫോഴ്സും ഗുരുത്വകേന്ദ്രവും മാറുന്നതിനാൽ മറ്റു അസന്തുലിതബലങ്ങളും അധികമായി അനുഭവപ്പെടും. ഈ ബലങ്ങൾ സന്തുലിതമായില്ലെങ്കിൽ ആ വസ്തുവിൻ്റെ നിയന്ത്രണം നഷ്ടമാകുന്ന പ്രതിഭാസമാണ് ഈ ജൈറോസ്കോപ്പിക് ഇഫക്ട് എന്നത്.

വാഹനരൂപകല്പനയിൽ ഒരു മെക്കാനിക്കൽ എൻജീനിയർക്ക് ഈ വളവിലെ തിരിയൽ സങ്കീർണ്ണസമസ്യയാണെങ്കിലും ഒരു ഡ്രൈവർക്ക് വളരെ നിസ്സാരമായ ഒരു സ്വാഭാവികനിയന്ത്രണപ്രക്രിയ മാത്രമാണിത് എന്നതാണ് രസകരം.

ടയറിൻ്റെ മുന്നോട്ടുള്ള റോളിംഗും വാഹനത്തിൻ്റെ സ്ഥിരതയും നിലനിർത്തി, അധിക സ്റ്റിയറിംഗ് അദ്ധ്വാനമില്ലാതെ, വാഹനത്തിൻ്റെ നിയന്ത്രണം നഷ്ടപ്പെടാത്ത വിധം സുരക്ഷിതമായി കടന്നു പോകാൻ സഹായിക്കുന്ന ഒരു പ്രവൃത്തിയാണ്, വളയ്ക്കേണ്ടി വരുമ്പോൾ വാഹനത്തെ അനുയോജ്യമായ അളവിൽ ചരിച്ചു പിടിക്കുക എന്നത്. വാഹനം എത്രമാത്രം ചരിച്ചു പിടിക്കണം എന്നത്, അവിടെ എത്തിച്ചേരുന്ന വേഗതയ്ക്കും ലോഡിനും റോഡ്, ടയർ പ്രതലങ്ങളുടെ സ്വഭാവത്തിനും ആനുപാതികവുമായിരിക്കും. വളവുകളിൽ റോഡുകൾക്ക് ഒരു സ്വാഭാവിക ചരിവ് (Banking of Curves) നൽകാറുള്ളതും നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടാകുമല്ലോ..

തിരുവനന്തപുരം – നെടുമങ്ങാട് റൂട്ടിൽ വഴയിലയിലെ സാമാന്യം നീണ്ട വളവിൽ രണ്ടു യുവാക്കളുടെ ജീവനെടുത്ത ദൗർഭാഗ്യകരമായ അപകടത്തിന് വളവിലെ ഈ പ്രതിഭാസവും ഒരു പ്രധാനകാരണമായിരുന്നു എന്ന് മനസ്സിലാക്കുക.

ഓരോ വളവിനും അനുയോജ്യമായ സുരക്ഷിതവേഗത നിലനിർത്താൻ വളവുകളിലെല്ലാം (പ്രത്യേകിച്ച് വലത്തോട്ടുള്ളവ) പരമാവധി ഇടതുവശം ചേർന്ന് വാഹനം ഓടിക്കുന്നത് ശീലിക്കുക. സ്വാഭാവികമായി വേഗത ചുരുക്കപ്പെടുന്നതിനാൽ, വളവുകളിൽ മേൽപറഞ്ഞ ‘ചാത്തന്മാരു’ടെ പിടിയിൽ പെടാതെ രക്ഷിയ്ക്കുന്നു. കൂടാതെ എതിരെ വരുന്ന വാഹനങ്ങളുടെ സഞ്ചാരപരിധിയിൽപ്പെടാതെ, അപകടരഹിതമായി വളവ് കടക്കാൻ ഈ ‘ചെറിയ‘ ശീലം വലിയൊരളവ് വരെ നിങ്ങളെ പ്രാപ്തരാക്കുകയും ചെയ്യും, സംശയമില്ല.

ഇന്നത്തെ ചിന്താവിഷയം ഇതാകട്ടെ: കൈവിട്ട ആയുധം വാവിട്ട വാക്ക് രണ്ടും തിരിച്ചെടുക്കാനാവില്ല ഓർക്കണം ഓർത്താൽ നന്ന്….!

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *