May 1, 2024

വേനൽക്കാല ഡ്രൈവിംഗ്; ഈ കാര്യങ്ങൾ ശ്രദ്ധിക്കണം: മോട്ടോർ വാഹന വകുപ്പ് 

0
Img 20240403 Wa0021

തിരുവനന്തപുരം: വേനൽ ചൂട് ഏറ്റവും പ്രബലപ്പെട്ട് വരികയാണ്. വേനൽ കാലത്ത് പുറത്ത് ഇറങ്ങുമ്പോൾ മാത്രമല്ല. വാഹനം ഓടിക്കുമ്പോളും നിരവധി കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് മോട്ടോർ വാഹന വകുപ്പ് പറയുന്നു. അറിയാം എംവിഡിയുടെ നിർദ്ദേശങ്ങൾ ന്യൂസ്‌ വയനാടിലൂടെ.

മോട്ടോർ വാഹന വകുപ്പ് പറയുന്നു “വേനൽചൂട് അതിൻെറ പാരമ്യത്തിലേക്ക് എത്തുകയാണ്. ചൂടും പൊടിയും ശബ്ദ മലിനീകരണവും എല്ലാം ഡ്രൈവർക്കും യാത്രക്കാർക്കും വളരെയധികം ശാരീരിക പ്രശ്‌നങ്ങൾ ഉണ്ടാക്കാവുന്ന ഒന്നാണ്. ഉറക്കം, അമിത ക്ഷീണം, നിർജ്ജലീകരണം (Dehydration ), മാനസിക പിരിമുറുക്കം, പുറം വേദന (Backpain), കണ്ണിന് കൂടുതൽ ആയാസം സൃഷ്ടിക്കൽ എന്നിവയെല്ലാം സുരക്ഷിതമായ യാത്രയെ ബാധിക്കും. ദീർഘദൂര യാത്രകളിൽ ഇത് കൂടുതൽ വെല്ലുവിളികൾ സൃഷ്ടിക്കും. ദാഹവും ശാരീരിക പ്രശ്നങ്ങളും മാത്രമല്ല ഹൈവേകളിൽ റോഡ് മരീചിക (Road Mirage ) പോലെയുള്ള താൽക്കാലിക പ്രതിഭാസങ്ങളും ഡ്രൈവിംഗ് ദുഷ്കരമാക്കും. വേനൽ ചൂടിൽ ഉച്ചകഴിഞ്ഞുള്ള ഡ്രൈവിംഗിൽ ഉറക്കത്തിനുള്ള സാദ്ധ്യത കൂടുതലാണ്. രാത്രികാല ഉറക്കത്തേക്കാൾ അപകടകരമാണ് പകൽ സമയത്തെ മയക്കം, റോഡിൽ കൂടുതൽ വാഹനങ്ങളും ആളുകളും ഉണ്ടാകുമെന്നതാണ് കാരണം.

റബ്ബർ ഭാഗങ്ങളും ടയറും വൈപ്പർ ബ്ലേഡുകളും ഫാൻ ബെൽറ്റും കൃത്യമായ പരിശോധിക്കുകയും ആവശ്യമെങ്കിൽ മാറ്റിയിടുകയും ചെയ്യുക. ടയർ എയർ പ്രഷർ സ്വല്പം കുറച്ചിടുക. റേഡിയേറ്റർ കൂളൻ്റിന്റെ അളവ് ഇടയ്ക്കിടെ പരിശോധിക്കുക. കഴിയുന്നതും വാഹനങ്ങൾ തണലത്ത് പാർക്ക് ചെയ്യാൻ ശ്രദ്ധിക്കുക. വെയിലത്ത് പാർക്ക് ചെയ്യേണ്ടി വരുന്ന സന്ദർഭങ്ങളിൽ നേരിട്ട് വെയിൽ ഡാഷ്ബോർഡിൽ കൊള്ളാത്ത രീതിയിൽ പാർക്ക് ചെയ്യുക. പാർക്ക് ചെയ്യുമ്പോൾ ഡാഷ് ബോർഡ് സൺ പ്രൊട്ടക്ഷൻ ഷീൽഡ് ഘടിപ്പിക്കുന്നത് നല്ലതാണ്.

പാർക്ക് ചെയ്യുമ്പോൾ ഡോർ ഗ്ലാസ് അൽപ്പം താഴ്ത്തി ഇടുകയും വൈപ്പർ ബ്ലേഡ് ഉയർത്തി വക്കുകയും ചെയ്യുക. ഉണങ്ങിയ ഇലകളോ മറ്റ് തീപിടുത്തത്തിന് സാധ്യതയുള്ള സ്ഥലങ്ങളിലോ വാഹനം പാർക്ക് ചെയ്യുന്നത് ഒഴിവാക്കുക. വെയിലത്ത് നിർത്തിയിട്ടുള്ള വാഹനങ്ങളിൽ ഉണ്ടാകാവുന്ന ആരോഗ്യത്തിന് ഹാനികരമായ വാതകങ്ങൾ പുറന്തള്ളുന്നതിനായി യാത്ര ആരംഭിക്കുന്ന സമയത്ത് ഗ്ലാസ് താഴ്ത്തിയിടുകയും കാലുകളിലേക്ക് വായു സഞ്ചാരം വരുന്ന രീതിയിൽ ഫാൻ ക്രമീകരിക്കുകയും സ്വൽപദൂരം വാഹനം ഓടിയതിനു ശേഷം മാത്രം എസി ഓൺ ചെയ്യുകയും ഗ്ലാസ് കയറ്റിയിടുകയും ചെയ്യുക.

പെറ്റ് ബോട്ടിലുകളിലും ഗ്ലാസ് ബോട്ടിലുകളിലും വെള്ളം വാഹനത്തിൽ സൂക്ഷിക്കാതിരിക്കുക. ഡാഷ്ബോർഡിൽ വെയിൽ നേരിട്ട് കൊള്ളുന്ന രീതിയിൽ ഇങ്ങിനെ സൂക്ഷിക്കുന്നത് പ്രിസം എഫക്ട് മൂലം തീപിടുത്തത്തിന് ഉള്ള സാധ്യതയും ഉണ്ടായേക്കാം. ബോട്ടിലുകളിൽ ഇന്ധനം വാങ്ങി സൂക്ഷിക്കുന്നത് നിർബന്ധമായും ഒഴിവാക്കുക. തീപിടിത്തത്തിന് സാദ്ധ്യതയുള്ള സാധനങ്ങൾ, സ്പ്രേകൾ, സാനിറ്റൈസർ എന്നിവ വാഹനത്തിൽ സൂക്ഷിക്കരുത്” തുടങ്ങിയവ വാഹനവുമായി ബന്ധപ്പെട്ട് ശ്രദ്ധിക്കണം.

മോട്ടോർ വാഹന വകുപ്പ് തുടർന്നു “ദീർഘ ദൂര യാത്രകളിൽ അസ്വസ്ഥതയും മറ്റ് ശാരീരിക വെല്ലുവിളികളും നേരിടാൻ യാത്രയിൽ ഇടക്കിടെ ഇടവേളകൾ എടുക്കുകയും ധാരാളം, ജലാംശം നിലനിർത്താൻ ദാഹമില്ലെങ്കിലും ഇടക്കിടെ വെള്ളം കുടിക്കുകയും ചെയ്യുക. ജലാംശം അടങ്ങിയ പഴവർഗ്ഗങ്ങൾ യാത്രയിൽ കരുതുന്നത് നല്ലതാണ്. എണ്ണയും കൊഴുപ്പും കൂടുതലുള്ള ഭക്ഷണപദാർത്ഥങ്ങളും ഫാസ്റ്റ് ഫുഡുകളും ഒഴിവാക്കുക. കൂടുതൽ ഭക്ഷണം കഴിച്ചതിന് ശേഷമുള്ള ഡ്രൈവിംഗ് കഴിയുന്നതും ഒഴിവാക്കുക. ചായയും മറ്റ് സോഫ്റ്റ് ഡ്രിക്സുകളും കഴിയുന്നതും ഒഴിവാക്കുകയും പകരം കരിക്കിൻ വെള്ളമോ സംഭാരമോ, ജ്യൂസുകളോ ഉപയോഗിക്കുകയും ചെയ്യുക. അയഞ്ഞ കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക. നല്ല വെയിലത്ത് ഇരുചക്രവാഹനങ്ങളിൽ സഞ്ചരിക്കുന്ന സമയത്ത് ചൂട് കാറ്റ് മൂലം, നാം പോലും അറിയാതെ ഡീഹൈഡ്രേഷൻ നടക്കുവാനുള്ള സാധ്യതയുണ്ട്. ഇത്തരം സന്ദർഭങ്ങളിൽ നേരിട്ട് വെയിൽ ശരീരത്ത് തട്ടുന്നത് ഒഴിവാക്കുന്ന തരത്തിലുള്ള ജാക്കറ്റുകളും കയ്യുറയും ധരിക്കുക. ഇരിപ്പിടം ശരിയാം വണ്ണം ക്രമീകരിക്കുകയും കാർ സ്‌റ്റീരിയോ കുറഞ്ഞ ശബ്ദത്തിൽ മാത്രം പ്രവർത്തിപ്പിക്കുകയും ചെയ്യുക. കണ്ണിൻ്റെ ആയാസം കുറയ്ക്കാൻ, ഇടവേളകൾ എടുക്കുകയും ശുദ്ധജലം ഉപയോഗിച്ച് മുഖം ഇടക്കിടെ കഴുകുകയും കണ്ണടച്ച് വിശ്രമം എടുക്കുകയും ചെയ്യുക.

വെയിൽ നേരിട്ട് തട്ടുന്നത് ഒഴിവാക്കാനും റോഡ് മിറേജ് ഒഴിവാക്കുന്നതിനു സൺഗ്ലാസ് ധരിക്കുക. തണൽ തേടി നായകളോ മറ്റു ജീവികളോ പാർക്ക് ചെയ്ത വാഹനത്തിൻറെ അടിയിൽ അഭയം തേടാൻ ഇടയുണ്ട്,മുന്നോട്ട് എടുക്കുന്നതിന് മുമ്പ് നിർബന്ധമായും വാഹനത്തിൻ്റെ അടിഭാഗം ശ്രദ്ധിക്കണമെന്ന്” മോട്ടോർ വാഹന വകുപ്പ് പറഞ്ഞു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *