May 18, 2024

ചാത്തമംഗലം പള്ളിച്ചിറയിൽ കാട്ടാനശല്യം രൂക്ഷം

0
Img 20240430 171313

പുൽപ്പള്ളി: പുൽപ്പള്ളി ചാത്തമംഗലം പള്ളിച്ചിറയിൽ കാട്ടാനശല്യം രൂക്ഷമാകുന്നു. കഴിഞ്ഞ ദിവസങ്ങളിൽ ജനവാസ മേഖലയിലിറങ്ങിയ കാട്ടാന വ്യാപക കൃഷിനാശമാണ് വരുത്തിവച്ചത്. വനാതിർത്തി പ്രദേശമായ പള്ളിച്ചിറയിൽ കഴിഞ്ഞ മൂന്ന് ദിവസമായി കാട്ടാനയിറങ്ങി ഭീതിവിതയ്ക്കുകയാണ്. ഇവിടുത്തെ വനാതിർത്തിയിൽ ജനകീയ പങ്കാളിത്തത്തോടെ സോളാർ വൈദ്യുതി വേലി സ്ഥാപിച്ച് വന്യമൃഗങ്ങൾ നാടിറങ്ങുന്നത് ഫലപ്രദമായി തടഞ്ഞിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം ഈ വൈദ്യുതി വേലി തകർത്താണ് കാട്ടാന നാട്ടിലേക്കിറങ്ങിയത്. ചെതലത്ത് റെയ്ഞ്ചിലെ പാതിരി സെക്ഷനിലെ ചങ്ങലഗേറ്റ് വനഭാഗത്തുനിന്നാണ് കാട്ടാന ഇവിടേയ്ക്കെത്തുന്നത്. രാത്രിയോടെ ജനവാസ മേഖലയിലേക്കിറങ്ങി കൃഷിയിടങ്ങളിൽ തമ്പടിക്കുന്ന ആന നേരം പുലർന്നാലേ തിരികെ കാടുകയറുകയുള്ളൂ.

ഞായറാഴ്ച‌ രാത്രി ജനവാസ മേഖലയിലിറങ്ങിയ ആന കൈനിക്കുടി ബേബി, മാളപ്പുര തിമ്മപ്പൻ, കൈനിക്കുടി ലാലി എന്നിവരുടെ കൃഷിയിടം നശിപ്പിച്ചു. തോട്ടത്തിലുണ്ടായിരുന്ന വാഴകളും കമുകുമാണ് ആന വ്യാപകമായി നശിപ്പിച്ചത്. കൈനിക്കുടി ബേബിയുടെ വീട്ടിലേക്കുള്ള കുടിവെള്ള പൈപ്പും മോട്ടോറിലേക്കുള്ള വൈദ്യുതി വയറുകളും ആന നശിപ്പിച്ചു. നാട്ടുകാർ ചേർന്ന് പടക്കംപൊട്ടിച്ചാണ് ആനയെ കാട്ടിലേക്ക് തുരത്തിയോടിച്ചത്. തകർന്ന വൈദ്യുതി വേലി എത്രയും വേഗത്തിൽ പുനസ്ഥാപിക്കണമെന്നും കാട്ടാനശല്യത്തിന് ശാശ്വത പരിഹാരം നൽകണമെന്നുമാണ് പ്രദേശവാസികളുടെ ആവശ്യം.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *