May 18, 2024

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് കാരണം കെഎസ്‌ഇബിയുടെ ഗുരുതര വീഴ്ച്ച: ആം ആദ്മി പാർട്ടി

0
Img 20240502 154802

കൽപ്പറ്റ: സംസ്ഥാന വൈദ്യുതി ഗ്രിഡിനെ ചരിത്രത്തിൽ ആദ്യമായി ഒരു ബ്രേക്കിംഗ്‌ പോയിന്റിൽ കൊണ്ടെത്തിച്ച കെഎസ്‌ഇബി ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം നടത്തി നടപടിയെടുക്കണമെന്ന് ആം ആദ്മി പാർട്ടി.

വൈദ്യുതി വകുപ്പിനെ നയിക്കുന്നതിൽ പരാജയപ്പെട്ട മന്ത്രി കെ.കൃഷ്ണൻ കുട്ടി രാജി വെക്കുകയും ഗ്രിഡ്‌ എന്താണ്‌ എന്നെങ്കിലും മനസ്സിലാകുന്ന ആരെയെങ്കിലും വകുപ്പ്‌ ഏൽപ്പിക്കുകയും ചെയ്യണമെന്ന് ജില്ലാ പ്രസിഡൻ്റ് ഡോ സുരേഷ് എ.റ്റി ആവശ്യപ്പെട്ടു. സംസ്ഥാനത്തിന്റെ ആവശ്യത്തിനനുസരിച്ച്‌ വൈദ്യുതി ഉത്പാദിപ്പിക്കാനും, അതു ജനങ്ങളിലേക്ക്‌ വിതരണം ചെയ്യാനുള്ള ഗ്രിഡ്‌ നിർമ്മിക്കാനും, ഇവ രണ്ടും കാലാകാലങ്ങളിലെ ഉപഭോഗത്തിലെ വർദ്ധനവ്‌ മുൻകൂട്ടിക്കണ്ട്‌ പരിഷ്ക്കരിക്കാനുമുള്ള ഉത്തരവാദിത്തം ഏൽപ്പിച്ചിരിക്കുന്നത്‌ സംസ്ഥാന വൈദ്യുതി ബോർഡിനെയാണ്‌. വർഷങ്ങളായി കാര്യക്ഷമതയിൽ ദേശീയ ശരാശരിയേക്കാൾ പുറകിലായിട്ടും, നഷ്ടത്തിലോടിയിട്ടും, പൊതുസ്ഥാപനം ആയതിനാൽ മാത്രം കേരളം ഈ സ്ഥാപനത്തെ നിലനിർത്തി പോരുന്നു.

കേരളത്തിനാവശ്യമായ വൈദ്യുതി ഉത്പാദിപ്പിക്കുക എന്ന പ്രാഥമിക ഉത്തരവാദിത്വത്തിൽ തന്നെ കെഎസ്‌ഇബി വീഴ്ച വരുത്തുകയും കഴിഞ്ഞ 20 വർഷമായി അഭ്യന്തര ഉത്പാദനത്തിൽ കാര്യമായി ഒരു വർദ്ധനവും വരുത്താൻ കെഎസ്‌ഇബിക്കു സാധിച്ചിട്ടുമില്ല. ഇപ്പോൾ രാത്രികാലങ്ങളിൽ ഉണ്ടാവുന്ന പീക്ക്‌ ഉപയോഗത്തിനുള്ള വൈദ്യുതിയുടെ 80% നാഷണൽ ഗ്രിഡിൽ നിന്ന് വലിയ വിലക്കു വാങ്ങുകയാണു കെഎസ്‌ഇബി ചെയ്യുന്നത്‌.

പുറത്തുനിന്നു വാങ്ങുന്ന ഈ അധിക വൈദ്യുതി ഉപഭോക്താവിലേക്കു എത്തിക്കാനുള്ള ഗ്രിഡ്‌ വികസിപ്പിച്ചു നിലനിർത്തുന്നതിൽ പോലും കെഎസ്‌ഇബി പരാജയപ്പെട്ടു എന്ന ഞെട്ടിക്കുന്ന വിവരമാണ്‌ ഇപ്പോൾ പുറത്തു വരുന്നത്‌.

രണ്ടു ദിവസം മുൻപ്‌ കേരളത്തിലെ പീക്ക്‌ വൈദ്യുതി ഉപയോഗം 5717 മെഗാവാട്ട്‌ എന്ന സർവ്വകാല റെക്കോർഡിലെത്തി. ഇനിയും ഉപയോഗം കൂടിയാൽ ഗ്രിഡ്‌ സ്വയം നിലക്കും (ഷട്ട്‌ ഡൗൺ) എന്ന് കെഎസ്‌ഇബി തന്നെ അറിയിപ്പ് നൽകി. ഒരു സംസ്ഥാന തല ഗ്രിഡ്‌ ബ്ലാക്കൗട്ട്‌ ഉണ്ടാവുക എന്നത്‌ അതീവ ഗുരുതരമായ സ്ഥിതി വിശേഷമാണ്‌. ഗ്രിഡിലെ ഉപകരണങ്ങൾക്ക്‌ തകരാറു സംഭവിക്കുകയും കോടികളുടെ നഷ്ടം ഉണ്ടാവുകയും ചെയ്യാം. പിന്നീട്‌ ഗ്രിഡ്‌ റീസ്റ്റാർട്ട്‌ ചെയ്യുന്നത്‌ ഒരു ഭഗീരഥ പ്രയത്നം ആയിരിക്കും.

രാജഭരണകാലം മുതൽ ആരംഭിച്ച്‌ മുടക്കമില്ലാത നടത്തിക്കൊണ്ടു പോകുന്ന സംസ്ഥാന വൈദ്യുതി ഗ്രിഡിനെ ഈ ദുരവസ്ഥയിലെത്തിച്ചത്‌ കെഎസ്‌ഇബിയുടേയും സംസ്ഥാന വൈദ്യുതി വകുപ്പിന്റെയും പിടിപ്പുകേടാണ്‌.

കേരളത്തിൽ ഉപയോഗത്തിലുണ്ടായ വർദ്ധന ഒട്ടും അപ്രതീക്ഷിതമല്ല. കഴിഞ്ഞ ഏതാനും വർഷങ്ങളായി കേരളത്തിൽ വേനൽ ചൂടു കൂടിവരുന്നതായി കാലാവസ്ഥാ വകുപ്പിന്റെ ഡാറ്റയുണ്ട്‌. എ.സിയുടെ വിൽപനയും കേരളത്തിൽ കഴിഞ്ഞ ഏതാനും വർഷങ്ങളായി വൻ തോതിൽ വർദ്ധിച്ചിട്ടുണ്ട്‌.

2023ൽ തന്നെ കെഎസ്‌ഇബിയുടെ കണക്കു പ്രകാരം 5024 മെഗാവാട്ട്‌ എന്ന പീക്ക്‌ ഉപയോഗം രേഖപ്പെടുത്തിയതാണ്‌. അങ്ങനെയിരിക്കെ ഈ വർഷം എൽനിനൊ പ്രതിഭാസം കൂടി പ്രവചിക്കപ്പെട്ടിരുന്നതിനാൽ ഈ വർഷം ഉപയോഗം വീണ്ടും വർദ്ധിക്കും എന്ന് കെഎസ്‌ഇബി എന്ന പ്രഫഷണൽ സ്ഥാപനത്തിനു മുൻകൂട്ടി കാണാൻ കഴിയേണ്ടതായിരുന്നു. ഗ്രിഡ്‌ അപ്‌ഗ്രഡേഷൻ മുൻഗണനയായി നടത്തേണ്ടതുമായിരുന്നു.എന്നാൽ കഴിഞ്ഞ വർഷം തന്നെ 5024 മെഗാവാട്ട്‌ എന്ന റെക്കോർഡ്‌ ഉപയോഗം രേഖപ്പെടുത്തിയിട്ടും ഗ്രിഡ്‌ വികസനതിനു മുൻഗണ നൽകാതിരുന്ന കെഎസ്‌ഇബി വരുത്തിയത്‌ ഗുരുതര വീഴ്ച്ചയാണ്‌.

ഇതിന്റെയൊക്കെ ദുരിതം ലോഡ്‌ ഷെഡ്ഡിങ്ങിന്റെ രൂപത്തിൽ അനുഭവിക്കേണ്ടി വരുന്നത്‌ ജനങ്ങളാണ്‌. വൈദ്യുതി ലൈനിൽ ജോലി ചെയ്യുന്നത്‌ ബുദ്ധിമുട്ടുള്ള പണിയാണ്‌ എന്ന ന്യായം പറഞ്ഞ്‌, യാതൊരു റിസ്ക്കുമില്ലാത്ത ഓഫീസ്‌ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥർ പോലും അവിശ്വസനീയമായ അമിതശമ്പളം വാങ്ങുന്ന ഒരു സ്ഥാപനം കൂടിയാണ്‌ കെഎസ്‌ഇബി.

സംസ്ഥാന വൈദ്യുതി ഗ്രിഡിനെ ചരിത്രത്തിൽ ആദ്യമായി ഒരു ബ്രേക്കിംഗ്‌ പോയിന്റിൽ കൊണ്ടെത്തിച്ച കെഎസ്‌ഇബി ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം നടത്തി നടപടിയെടുക്കണമെന്ന് ആം ആദ്മി പാർട്ടി ആവശ്യപ്പെട്ടു. ഡൽഹി, പഞ്ചാബ് സർക്കാരുകൾ വർഷങ്ങളായി വൈദ്യുതി സൗജന്യമായി വിതരണം ചെയ്യുമ്പോൾ കേരളത്തിൽ ഇടക്കിടെ ഉള്ള വർധനവ് ഭരണ പരാചയത്തിൻ്റെ തെളിവ് കൂടിയാണ് എന്ന് ജില്ലാ സെക്രട്ടറി പോൾസൺ അമ്പലവയൽ, ഭാരവാഹികൾ ആയ മനു മത്തായി മാനന്തവാടി, ബാബു തചറോത്ത്, ഗഫൂർ കോട്ടത്തറ എന്നിവർ അറിയിച്ചു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *