May 18, 2024

വറ്റിവരണ്ട് കബനി: അതിർത്തി ഗ്രാമങ്ങളിൽ ജല ലഭ്യതയില്ല; പ്രതിസന്ധി അതിരൂക്ഷം

0
Img 20240504 124618

പുൽപ്പള്ളി: വേനൽ കടുത്തതോടെ കബനിനദിയിലെ നീരൊഴുക്ക് കുറഞ്ഞു. മരക്കടവ് മുതൽ കൊളവള്ളി വരെയുള്ള ഭാഗങ്ങൾ പൂർണമായും വറ്റിവരണ്ടു. പുഴ വറ്റിയതോടെ അതിർത്തി ഗ്രാമങ്ങളിലെ കുടിവെള്ളക്ഷമം അതിരൂക്ഷമായി. ജലസേചന മാർഗങ്ങൾ ഇല്ലാതായതോടെ ഇവിടങ്ങളിലെ കൃഷികൾ നശിക്കുന്ന നിലയിലാണ്. കബനി നദിക്ക് കുറുകെ മരക്കടവ് പമ്പ് ഹൗസിന് അടുത്തായി തടയിണ നിർമിച്ചതോടെ ഇവിടെ നിന്നും പുറത്തേക്കുള്ള നീരൊഴുക്ക് നിലച്ചു.

ഇതോടെ തയണക്ക് അപ്പുറത്തേക്കുള്ള പുഴയുടെ ഭാഗങ്ങൾ പൂർണമായി വറ്റി വരണ്ടു. കബനിയിൽ മാർച്ച്‌ മുതൽ ജലനിരപ്പ് താഴ്ന്ന് തുടങ്ങി. പുഴ പൂർണമായി വറ്റിവരണ്ടതോടെ മരക്കടവ് പമ്പ്ഹൗസിൽനിന്നുള്ള ജലഅതോറിറ്റിയുടെ കുടിവെള്ള വിതരണത്തിനുള്ള പമ്പിങ്ങും പൂർണമായി മുടങ്ങി. ഇതോടെ ജില്ലാഭരണകൂടം മരക്കടവ് പമ്പ് ഹൗസിന് സമീപം തടയണ നിർമിക്കാൻ പ്രാദേശിക ഭരണകൂടത്തോട് നിർദേശിച്ചു.

ഏപ്രിൽ പതിനാറോടെ തടയണയുടെ നിർമാണം പൂർത്തിയാക്കുകയും, കാരാപ്പുഴ ഡാമിൽ നിന്ന് വെള്ളമെത്തിച്ച് പുഴയിലെ ജലനിരപ്പ് ഉയർത്തുകയും പമ്പിങ് പുനരാരംഭിക്കുകയും ചെയ്തു. അതേസമയം, തന്നെ ജില്ലയിൽ വേനൽ മഴലഭിച്ചതോടെ പുഴയിലെ ജലനിരപ്പ് നന്നായി ഉയരുകയും തടയണകവിഞ്ഞു കൊളവള്ളിയടക്കമുള്ള ഭാഗങ്ങളിലേക്ക് വെള്ളം എത്തുകയും ചെയ്തു. എന്നാൽ പിന്നീട് മഴ ലഭിക്കാതിരുന്നതിനാൽ കബനിയിലെ ജല നിരപ്പ് വീണ്ടും താഴ്ന്നു.

തടയണയിൽ നിന്ന് വെള്ളത്തിന്റെ ഒഴുക്ക് നിലക്കുകയും മരക്കടവ് കഴിഞ്ഞുള്ള കബനിയുടെ ഭാഗങ്ങളിൽ വെള്ളമില്ലാതാകുകയും ചെയ്തു. കടുത്ത വേനൽ ചൂടിൽ ഭൂരിഭാഗം കാർഷിക വിളകളും നശിച്ചു. മഴ ലഭിക്കുന്നില്ലങ്കിൽ ജലസേചനം ലഭിക്കാതെ ബാക്കിയുള്ളവയും നശിക്കുന്ന അവസ്ഥയിലാണ്. അതിർത്തി പ്രദേശത്തെ ഭൂരിഭാഗം പ്രദേശങ്ങളിലും കിണറുകളും കുളങ്ങളുമടക്കമുള്ളവ വറ്റി.

കർണാടക ബീച്ചനഹള്ളി ഡാമിൽനിന്ന് കൂടുതൽ വെള്ളം തുറന്നുവിട്ടതാണ് ഈ ഭാഗങ്ങളിൽ പുഴയിലെ ജലനിരപ്പ് കുത്തനെ താഴാനിടയാക്കിയതെന്നാണ് നാട്ടുകാർ പറയുന്നത്. അടിയന്തരമായി, മരക്കടവിലെ മാതൃകയിൽ കൊളവള്ളിക്ക് സമീപവും പുഴയിൽ താത്കാലിക തടയണ നിർമിച്ച് വെള്ളം കെട്ടിനിർത്താൻ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *