May 18, 2024

അരളി; ‘വിഷമയമായൊരു ഔഷധ സസ്യം’

0
Img 20240504 Wa0169

ഒരു നിത്യഹരിത സസ്യമാണ് അരളി. ഇന്ത്യയിലുടനീളം കാണുന്ന ഈ സസ്യത്തിന് എല്ലാത്തരം കാലാവസ്ഥയിലും വളരാൻ തക്ക ശേഷിയുണ്ട്. മഞ്ഞ, ചുവപ്പ്, വെളുപ്പ്, കൃഷ്‌ണ എന്നീ നിറങ്ങളിലുള്ള പുഷ്‌പങ്ങൾ ഉണ്ടാകുന്ന അരളിച്ചെടികൾ കണ്ടുവരുന്നു. അരളിച്ചെടി അലങ്കാരത്തിനും, ക്ഷേത്രങ്ങളിൽ അരളിപ്പൂക്കൾ പൂജയ്ക്കും ഉപയോഗിക്കുന്നു. കരവീര, അശ്വഘ്ന, അശ്വമാരക, ഹയമാരക പേരുകളിൽ സംസ്കൃതത്തിലും കനേർ എന്ന് ഹിന്ദിയിലും ഈ സസ്യം അറിയപ്പെടുന്നു.

Img 20240504 Wa0165

സവിശേഷതകൾ

ഏകദേശം 3 മീറ്റർ വരെ പൊക്കത്തിൽ അരളിച്ചെടി വളരുന്നു. തൊലിക്ക് ചാര നിറമാണ്. രണ്ടുവശവും കൂർത്ത് നടുക്ക് വീതിയുള്ളതും കട്ടിയുള്ളതും കടും പച്ചനിറത്തിലും ദീർഘരൂപത്തിലുമുള്ള ഇലകൾ ഈ സസ്യത്തിന്റെ പ്രത്യേകതകളാണ്. 5 ദളങ്ങൾ വീതമുള്ള പൂക്കൾ തണ്ടിന്റെ അറ്റത്ത് കുലകളായി കാണപ്പെടുന്നു. ചെടിയ്ക്ക് വെളുത്ത നിറത്തിൽ കറ ഉണ്ടാകുന്നു. അരളിയുടെ എല്ലാഭാഗവും വിഷമുള്ളതും ദുർഗന്ധമുള്ളതുമാണ്.

Img 20240504 Wa0169

ഔഷധമൂല്യം

ഡൽഹി സർവകലാശാലയിലെ രസതന്ത്രവിഭാഗം പ്രൊഫസർമാരായ എസ്. രംഗസ്വാമി, ടി.എസ്.ശേഷാദ്രി എന്നിവർ നടത്തിയ ഗവേഷണങ്ങളിൽ നിന്നും, വേര്, ഇല എന്നിവിടങ്ങളിൽ നിന്നും വേർതിരിച്ചെടുക്കുന്ന ഗ്ലൈക്കോസൈഡുകൾ ഹൃദയപേശികളിൽ പ്രവർത്തിച്ച്; അതിൻ്റെ സങ്കോച-വികാസങ്ങളുടെ ശേഷി വർദ്ധിപ്പിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. കൂടാതെ വേരിലെ തൊലിക്ക് ശ്വാസകോശത്തിന്റെ സങ്കോച – വികാസശേഷി വർദ്ധിപ്പിക്കുന്നതിനും ഉള്ള കഴിവ് ഉണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. വളരെ ലഘുവായ മാത്രയിലാണ് ഔഷധങ്ങൾ ഉപയോഗിക്കേണ്ടത്. അല്ലെങ്കിൽ വിപരീതഫലം ഉണ്ടാക്കാൻ വഴിവയ്ക്കുന്നു.

വിഷമുള്ളതാണ് എങ്കിലും ഔഷധമായും ഉപയോഗിക്കുന്ന ഈ സസ്യത്തെ ഉള്ളിലേയ്ക്ക് കഴിക്കുന്നതിനായി ആയുർവേദത്തിന്റെ പ്രാമാണിക ഗ്രന്ഥങ്ങൾ വിവരിക്കുന്നില്ല, എങ്കിലും വൃണങ്ങളിലും കുഷ്‌ഠരോഗം തുടങ്ങിയ രോഗങ്ങൾക്ക് പുറമേ പുരട്ടുന്നതിന് നല്ലതാണെന്ന് ശുശ്രുതൻ വിധിക്കുന്നു. നിയന്ത്രിതമാത്രയിൽ ഹൃദയപേശികളുടെ സങ്കോചവികാസക്ഷമത വർദ്ധിപ്പിക്കും, കൂടുതൽ അളവിൽ ഇവയുടെ പ്രവർത്തനം മന്ദഗതിയിലാകും. അർബുദ ചികിത്സയിൽ ചക്രദത്തിൽ വിവരിക്കുന്ന കരവീരാദി തൈലത്തിൽ അരളി ഉപയോഗിക്കുന്നു.

Img 20240504 Wa0170

ശ്രദ്ധിക്കേണ്ടത്

തണ്ടും ഇലയും വളരെ വിഷമയമായ സസ്യമാണിത്. ചെറിയ അളവിലെങ്കിലും ഉള്ളിൽ പോയാൽ വിഷബാധയേൽക്കാനുള്ള സാധ്യതയുണ്ട്. കത്തിച്ച് പുക ശ്വസിച്ചാലും വിഷബാധയേൽക്കാം.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *