നെടുങ്ങോട് സ്വസ്തി നഗറിൽ തോട് ഇടിഞ്ഞു വീടുകൾക്ക് ഭീഷണിയാകുന്നു
കൽപറ്റ: മണിയങ്കോട് നെടുങ്ങോട് സ്വസ്തി നഗറിൽ തോട് ഇടിഞ്ഞ് വീടുകൾക്ക് ഭീഷണിയാകുന്നതിനിതുവരെ പരിഹാരമായില്ലെന്ന് നാട്ടുകാരുടെ പരാതി. 2018, 2019 വർഷത്തിലാണ് വീടുകൾക്ക് ഭീഷണിയായി സമീപത്തുള്ള തോട് വലിയ തോതിലിടിഞ്ഞത്. ചിലരുടെ വീടുകൾക്ക് സമീപം വരെ മണ്ണിടിഞ്ഞിരുന്നു. നാട്ടുകാരുടെ പരാതിയിൽ നഗരസഭ 2020-21 വർഷം 500 മീറ്ററോളം കരിങ്കല്ല് കെട്ടിയിരുന്നു. ഇതിനിടെ നാട്ടുകാർ എംഎൽഎ, ജലസേചന വകുപ്പ് അധികൃതർക്കും പരാതി നൽകി. നഗരസഭയുടെ ഫണ്ട് ഉപയോഗിച്ച് അഞ്ഞൂറ് മീറ്ററോളം കല്ലുകൊണ്ട് കെട്ടി സംരക്ഷിച്ചതായും നഗരസഭയ്ക്ക് മാത്രമായി മുഴുവൻ ഫണ്ടും ചെലവഴിക്കാൻ കഴിയില്ലെന്നും നഗരസഭാ കൗൺസിലർ എം.കെ.ഷിബു അറിയിച്ചു.
ഓരോ വാർഡിനും ലഭിക്കുന്ന പദ്ധതി വിഹിതം വളരെ കുറവാണ്. വലിയ ഫണ്ടുകൾക്കായി മന്ത്രി തലത്തിൽ ബന്ധപ്പെടുന്നുണ്ടെന്നും കൗൺസിലർ അറിയിച്ചു. എംഎൽഎയുടെ പദ്ധതി ഫണ്ടിൽ നിന്നു തുക ലഭ്യമായാൽ തോട് സംരക്ഷണത്തിന്റെ ഭാഗമായി ജലസേചന വകുപ്പിന്റെ നേതൃത്വത്തിൽ പ്രവൃത്തി നടത്താനാകുമെന്ന അധികൃതരുടെ അറിയിപ്പിലാണു നാട്ടുകാരുടെ പ്രതീക്ഷ. മുഖ്യമന്ത്രി പങ്കെടുത്ത നവകേരള സദസ്സിലും നാട്ടുകാർ പരാതി നൽകിയിരുന്നു.
Leave a Reply