May 20, 2024

ഓൺലൈൻ വ്യാജ ഷെയർമാർക്കറ്റ് സൈറ്റിലൂടെ വേങ്ങര സ്വദേശിയുടെ ഒരു കോടി എട്ടുലക്ഷം രൂപ തട്ടിയെടുത്ത സംഘം കേരള പോലീസിന്റെ പിടിയിൽ 

0
Img 20240510 141422

മടിക്കേരി: ഒരു കോടി എട്ടുലക്ഷം രൂപ തട്ടിയെടുത്ത ഓൺലൈൻ ട്രേഡിംഗ് തട്ടിപ്പുകാർക്ക് സിം കാർഡ് എത്തിച്ചുകൊടുത്ത സംഘത്തിലെ മുഖ്യസൂത്രധാരനെ കർണാടകയിലെ മടിക്കേരിയിൽ നിന്ന് മലപ്പുറം സൈബർ ക്രൈം പോലീസ് പിടികൂടി. ഓൺലൈൻ വ്യാജ ഷെയർമാർക്കറ്റ് സൈറ്റിലൂടെ വേങ്ങര സ്വദേശിയുടെ ഒരു കോടി എട്ടുലക്ഷം രൂപ തട്ടിയെടുത്ത സംഘത്തിന് സിംകാർഡുകൾ സംഘടിപ്പിച്ചു നൽകുന്ന അബ്ദുൾ റോഷൻ (46 വയസ്സ്) എന്നയാളെയാണ് മലപ്പുറം ജില്ലാ പോലീസ് മേധാവി എസ് ശശിധരൻ്റെ നിർദ്ദേശപ്രകാരം പ്രത്യേക സൈബർ ക്രൈം സ്ക്വാഡ് അറസ്റ്റ് ചെയ്തത്.

വേങ്ങര സ്വദേശിയായ യുവാവ് ഫേസ്ബുക്കിൽ കണ്ട ഷെയർ മാർക്കറ്റ് സൈറ്റിന്റെ ലിങ്കിൽ ക്ലിക്ക് ചെയ്യുകയായിരുന്നു. തുടർന്ന് കസ്റ്റമർ കെയറിൽ നിന്ന് എന്ന വ്യാജേന വാട്സാപ്പിൽ ബന്ധപ്പെട്ട തട്ടിപ്പുകാർ പരാതിക്കാരനെ നിർബന്ധിച്ച് ഒരു കോടി എട്ടുലക്ഷം രൂപ വിവിധ ബാങ്ക് അക്കൌണ്ടുകളിൽ നിക്ഷേപിപ്പിക്കുകയായിരുന്നു.

സൈബർ ക്രൈം സ്ക്വാഡ് നടത്തിയ അന്വേഷണത്തിലാണ് സിംകാർഡുകൾ സംഘടിപ്പിച്ചു നൽകുന്ന പ്രതിയെപ്പറ്റി സൂചന ലഭിക്കുകയും പ്രതിയെ പിടികൂടുകയും ചെയ്തത്.

വിവിധ മൊബൈൽ കമ്പനികളുടെ അമ്പതിനായിരത്തോളം സിംകാർഡുകളും 180 ൽപരം മൊബൈൽ ഫോണുകളും പ്രതിയിൽ നിന്ന് കണ്ടെടുത്തു. പ്രതി കൃത്യത്തിന് ഉപയോഗിച്ച സിം കാർഡ് കസ്റ്റമറായ യുവതിക്ക് തന്റെ പേരിൽ ഇത്തരത്തിൽ ഒരു മൊബൈൽ നമ്പർ ആക്ടീവായ കാര്യം അറിയുമായിരുന്നില്ല. ഇത്തരത്തിൽ കസ്റ്റമർ അറിയാതെ കൈക്കലാക്കിയ അമ്പതിനായിരത്തിൽ പരം സിംകാർഡുകൾ പ്രതി തട്ടിപ്പിന് ഉപയോഗിച്ചിരിക്കാം എന്നാണ് നിഗമനം.

ഡി സി ആർ ബി ഡിവൈ എസ് പി വി എസ് ഷാജുവിൻ്റെ നേതൃത്വത്തിൽ സൈബർ പോലീസ് ഇൻസ്പെക്ടർ ഐ സി ചിത്തരഞ്ജനും പ്രത്യേക ജില്ലാ സൈബർ സ്ക്വാഡ് അംഗങ്ങളായ സബ്ബ് ഇൻസ്പെകടർ നജുമുദ്ദീൻ മണ്ണിശ്ശേരി, പോലീസ് ഉദ്യോഗസ്ഥരായ പി.എം ഷൈജൽ പടിപ്പുര, ഇ.ജി. പ്രദീപ്, കെ.എം ഷാഫി പന്ത്രാല, രാജരത്നം, മടിക്കേരി പോലീസ് സ്റ്റേഷനിലെ മുനീർ പി.യു എന്നിവരും സൈബർ പോലീസ് സ്റ്റേഷനിലെ സൈബർ വിദഗ്ധരും ചേർന്നാണ് പ്രതിയെ പിടികൂടിയത്.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *