May 25, 2024

മുട്ടിൽ മരംമുറി: സ്പെഷ്യൽ ഗവ.പ്രോസിക്യൂട്ടര്‍ അഡ്വ. ജോസഫ് മാത്യു ക്രൈം ബ്രാഞ്ച് എ.ഡി.ജി.പിക്ക് കത്തയച്ചു

0
Img 20240516 120053

മുട്ടിൽ: 2021ലെ മുട്ടില്‍ മരം മുറിയുമായി ബന്ധപ്പെട്ട് സമർപ്പിച്ച കുറ്റ പത്രവും കേസ് അന്വേഷണവും ദുർബലമെന്ന് കാണിച്ച് സ്പെഷ്യൽ ഗവ.പ്രോസിക്യൂട്ടര്‍ അഡ്വ. ജോസഫ് മാത്യു ക്രൈം ബ്രാഞ്ച് എ.ഡി.ജി.പിക്ക് കത്തയച്ചു. കേസ് ജയിക്കുന്നതിനാവശ്യമായ തെളിവുകളുടേയും സാക്ഷികളുടേയും അഭാവം കത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. നിലവിലുള്ള കുറ്റ പത്രവുമായി മുന്നോട്ട് പോയാൽ കോടതിയിൽ കേസ് ദുർബലമാകുമെന്നും തുടരന്വേഷണത്തിന് അനുമതി തേടി കോടതിയില്‍ അപേക്ഷ നല്‍കണമെന്നുമാണ് കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്.

കത്തിന്റെ അടിസ്ഥാനത്തിൽ എ.ഡി.ജി.പി അടിയന്തര വീഡിയോ കോൺഫറൻസ് വിളിച്ചു. എ.ഡി.ജി.പി യെ കൂടാതെ സ്പെഷ്യൽ ഗവ.പ്രോസിക്യൂട്ടറും രണ്ട് എസ്.പി മാരും അന്വേഷണ ഉദ്യോഗസ്ഥനായ ഡി.വൈ.എസ്പിയുമാണ് യോഗത്തിൽ പങ്കെടുത്തത്. തുടരന്വേഷണം നടത്താതെയും അഡീഷനൽ കുറ്റ പത്രം കോടതിയിൽ സമർപ്പിക്കാതെയും കേസ് മുന്നോട്ട് പോകാനാകില്ലെന്നാണ് പ്രോസിക്യൂട്ടർ യോഗത്തിൽ അറിയിച്ചത്. വനം വകുപ്പ് കേസ് ചാർജ് ചെയ്യാത്തത് ഉൾപ്പടെയുള്ള അപാകതകളും കേസിൽ പ്രധാനപ്പെട്ട പലരേയും ചോദ്യും ചെയ്യാത്തതുമടക്കമുള്ള വീഴ്ചകൾ പ്രോസിക്യൂട്ടർ യോഗത്തിൽ ചൂണ്ടിക്കാട്ടി. തുടർന്ന് വിഷയത്തിൽ അന്തിമ തീരുമാനമെടുക്കാൻ 18 ന് വീണ്ടും യോഗം ചേരാൻ തീരുമാനിച്ചിട്ടുണ്ട്.

മുട്ടില്‍ മരം മുറി കേസിലെ സ്‌പെഷല്‍ ഗവ.പ്രോസിക്യൂട്ടറായ അഡ്വ.ജോസഫ് മാത്യു അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന സുൽത്താൻ ബത്തേരി മുന്‍ ഡി.വൈ.എസ്പി വി.വി. ബെന്നിക്കു കേസിലെ ബലഹീനതയും പോരായ്മകളും ചൂണ്ടിക്കാണിച്ച് കത്തയച്ചിരുന്നു. തുടർ നടപടികൾ ഉണ്ടാവാത്തതിനെ തുടർന്നാണ് എ.ഡി.ജി.പിക്ക് കത്തയച്ചത്. കേസില്‍ പ്രത്യേക അന്വേഷണ സംഘം 2023 ഡിസംബര്‍ നാലിനാണ് സുൽത്താൻ ബത്തേരി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. രാജ്യത്ത് ആദ്യമായി തടികളുടെ ഡി.എ.ന്‍എ പരിശോധനാ ഫലവും ഉള്‍പ്പെടുത്തിയാണ് കുറ്റപത്രം സമര്‍പ്പിച്ചത്.

എന്നാൽ, 86,000 പേജുവരുന്ന കുറ്റപത്രം ദുര്‍ബലമാണെന്നും കേസിന്റെ വിജയകരമായ നടത്തിപ്പിനു പര്യാപ്തമല്ലെന്നുമാണ് പറയപ്പെടുന്നത്. പ്രതികള്‍ക്ക് ശിക്ഷ ഉറപ്പുവരുത്തുന്നതിന് കേസില്‍ തുടരന്വേഷണം നടത്തി പഴുതുകള്‍ അടച്ച കുറ്റപത്രം സമര്‍പ്പിക്കണം. അനധികൃത മരംമുറി നടന്ന കാലത്തെ ജില്ലാ കലക്ടര്‍ ഉള്‍പ്പെടെ റവന്യൂ ഉദ്യോഗസ്ഥരില്‍ ചിലരെ വിശദമായി ചോദ്യം ചെയ്യണം. ഇത്തരത്തിലുള്ള നടപടികളൊന്നും അന്വേഷണത്തിനൻറെ ഭാഗമായി ഉണ്ടാകാത്തത് കേസ് ദുർബലമാക്കുമെന്നാണ് പ്രോസിക്യൂഷൻ പറയുന്നത്.

റവന്യൂ പട്ടയ ഭൂമിയിലെ വൃക്ഷവില അടച്ചതും സ്വയം കിളിര്‍ത്തതും നട്ടുവളര്‍ത്തിയതുമായ മരങ്ങളില്‍ ചന്ദനം ഒഴികെയുള്ളവ മുറിച്ചെടുക്കുന്നതിനു കൈവശക്കാരെ അനുവദിച്ച് റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി 2020 ഒക്ടോബര്‍ 24നു ഉത്തരവിനൻറെ മറവിലായിരുന്നു അനധികൃ മരം മുറി. വയനാട്ടിലടക്കം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ റവന്യൂ പട്ടയഭൂമികളില്‍ നിന്നാണ് അനധികതൃതമായി ഈട്ടി, തേക്ക് മരങ്ങൾ മറിച്ചു കടത്തിയത്. മുട്ടില്‍ സൗത്ത് വില്ലേജില്‍ മുറിച്ച മരങ്ങള്‍ 2021 ജൂണിലാണ് വനം വകുപ്പ് കസ്റ്റഡിയിലെടുത്ത് ഡിപ്പോയിലേക്ക് മാറ്റിയത്.

മുട്ടില്‍ മരം മുറി കേസ് വ്യാഴാഴ്ച സുൽത്താൻ ബത്തേരി കോടതി വീണ്ടും പരിഗണിക്കുന്നുണ്ട്. സഹോദരൻമാരായ റോജി അഗസ്റ്റിന്‍, ആന്റോ അഗസ്റ്റിന്‍, ജോസ് കുട്ടി അഗസ്റ്റിന്‍ എന്നിവരാണ് കേസിലെ മുഖ്യ പ്രതികള്‍. കേസ് മുമ്പ് പരിഗണിച്ച രണ്ടു തവണയും പ്രതികള്‍ കോടതിയില്‍ ഹാജരായിരുന്നില്ല. ഇന്നും ഹാജരാവാനുള്ള സാധ്യതയില്ലെന്നാണ് പറയപ്പെടുന്നത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *