May 21, 2024

പ്ലസ് വണ്‍ പ്രവേശനം; അധിക സീറ്റ് അനുവദിക്കണം: ടി. സിദ്ധിഖ് എം.എല്‍.എ

0
Img 20240516 205820ywzohyx

കല്‍പ്പറ്റ: പട്ടികജാതി-പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികളും, തോട്ടം തൊഴിലാളികളുടെ മക്കളും മറ്റു പിന്നോക്ക വിദ്യാര്‍ത്ഥികളും ഉള്‍പ്പെടെ വയനാട് ജില്ലയിലും, പ്രത്യേകിച്ച് മലബാറിലും എസ്.എസ്.എല്‍.സി പാസ്സായ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും തുടര്‍പഠനത്തിന് സീറ്റ് ലഭ്യത ഉറപ്പു വരുത്തണമെന്നാവശ്യപ്പെട്ട് കൊണ്ട് കേരളാ മുഖ്യമന്ത്രി പിണറായി വിജയനും, വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടിക്കും കല്‍പ്പറ്റ നിയോജകമണ്ഡലം എം.എല്‍.എ അഡ്വ. ടി. സിദ്ധിഖ് നിവേദനം നല്‍കി.

വിവിധ ജീവിത സാഹചര്യങ്ങളില്‍ നിന്നും പഠിച്ച് ഉന്നതവിജയം നേടിയെങ്കിലും തുടര്‍പഠനത്തിന് ആവശ്യമായ പ്ലസ് വണ്‍ സീറ്റുകളുടെ എണ്ണം അപര്യപ്തമാണെന്നതാണ് നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി. ജില്ലയില്‍ നിന്നും ഈ വര്‍ഷം തുടര്‍പഠനത്തിനായി 11515 വിദ്യാര്‍ത്ഥികള്‍ യോഗ്യത നേടിയിട്ടുണ്ട്. ഈ വിദ്യാര്‍ത്ഥികളിലധികവും ഉള്‍പ്രദേശങ്ങളില്‍ താമസിക്കുന്നവരാണ്. പ്രസ്തുത പ്രദേശത്തെ ഗവണ്‍മെന്റ് സ്‌കൂളുകളില്‍ പ്ലസ് വണ്ണിന് സീറ്റ് കുറവായതിനാല്‍ ജില്ലയിലെ പ്രധാന പട്ടണങ്ങളിലെ സ്‌കൂളുകളിലാണ് ഇവര്‍ പഠിക്കാനാഗ്രഹിക്കുന്നത്. എന്നാല്‍ ഗാതാഗത സംവിധാനം കാര്യക്ഷമമല്ലാത്തതിനാല്‍ ഗോത്രവര്‍ഗ വിഭാഗത്തിലടക്കമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് പഠനം വഴിമുട്ടുന്ന സ്ഥിതിയാണ്.

അതിനാല്‍ ജില്ലയുടെ പ്രത്യേക പരിതസ്ഥിതി മനസ്സിലാക്കി പട്ടികജാതി-പട്ടികവര്‍ഗ വിദ്യാര്‍ത്ഥികള്‍ അധികമായി ആശ്രയിക്കുന്ന കല്‍പ്പറ്റ മുണ്ടേരി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, മേപ്പാടി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, തരിയോട് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, കാക്കവയല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്നിവിടങ്ങളില്‍ പുതിയ ഹ്യൂമാനിറ്റീസ് ബാച്ച് ആരംഭിക്കുകയാണെങ്കില്‍ വിദ്യാര്‍ത്ഥികള്‍ക്ക് തുടര്‍പഠനം സാധ്യമാകുന്നതാണ്.

ഒന്നര പതിറ്റാണ്ടിലധികമായി മലബാറിലെ ജില്ലകളില്‍ അഭിമുഖീകരിക്കുന്ന വലിയ വിദ്യാഭ്യാസ പ്രതിസന്ധിയാണ് പ്ലസ് വണ്‍ സീറ്റുകളുടെ അപര്യാപ്തത. ഈ വര്‍ഷവും രൂക്ഷമായ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി തുടരുകയാണ്. കഴിഞ്ഞ ഓരോ വര്‍ഷവും പത്താം ക്ലാസ് വിജയിക്കുന്ന അര ലക്ഷത്തോളം വിദ്യാര്‍ഥികളാണ് പ്ലസ് വണ്‍ സീറ്റില്ലാതെ ഉപരിപഠന പ്രതിസന്ധി നേരിടുന്നത്. കേരളത്തില്‍ പ്ലസ് വണ്‍ ആരംഭിച്ചത് മുതല്‍ ഇന്നുവരെ മലബാറിന് പുറത്തുള്ള ജില്ലകള്‍ ഈ പ്രതിസന്ധി ഈ രീതിയില്‍ അഭിമുഖീകരിച്ചിട്ടില്ല. ഈ വര്‍ഷം മലബാറിലെ 6 ജില്ലകളിലായി പത്താം ക്ലാസ് വിജയിച്ച 41,000 വിദ്യാര്‍ത്ഥികള്‍ക്ക് സീറ്റില്ല. സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകളിലായി അനുവദിച്ച താല്‍ക്കാലിക ബാച്ചും 30 ശതമാനം വരെയുള്ള സീറ്റ് വര്‍ദ്ധനവും പരിഗണിച്ച ശേഷമാണ് ഈ കുറവ്. 79730 വിദ്യാര്‍ത്ഥികള്‍ പത്താം ക്ലാസ് വിജയിച്ച മലപ്പുറം ജില്ലയില്‍ 30 ശതമാനം സീറ്റുവര്‍ധനവിന് ശേഷവും സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകളിലെ നിലവിലെ സീറ്റ് 59690 ആണ്. അതായത് മലപ്പുറത്ത് മാത്രം 20040 സീറ്റുകളുടെ കുറവുണ്ട്. പത്താം ക്ലാസിന് ശേഷമുള്ള മറ്റു ഉപരിപഠന സാധ്യതകളായ വി.എച്ച്.സി.ഇ, പോളിടെക്‌നിക്, ഐ.ടി.ഐ മേഖലകളില്‍ ആകെ 25150 സീറ്റുകള്‍ മാത്രമാണ് മലബാര്‍ മേഖലയിലുള്ളത്. ഈ രംഗത്തും സ്ഥാപനങ്ങളും കോഴ്‌സുകളും കൂടുതലുള്ളത് മലബാറിന് പുറത്താണ്. ആകെയുള്ള 72641 സീറ്റുകളില്‍ 47491 സീറ്റും തൃശൂര്‍ മുതല്‍ തിരുവനന്തപുരം വരെ ജില്ലകളിലാണ്.

ഈ വര്‍ഷത്തെ ഫലം എടുത്ത് പരിശോധിച്ചാല്‍ ഫുള്‍ എ പ്ലസ് നേടുന്നതില്‍ സംസ്ഥാന ശരാശരിയെക്കാള്‍ പിറകില്‍ നില്‍ക്കുന്ന ആറ് ജില്ലകളില്‍ നാലും മലബാറിലെ ജില്ലകളാണെന്ന് കാണാം. 100% വിജയം നേടുന്ന സ്‌കൂളുകളുടെ എണ്ണത്തിലും ഈ പ്രശ്നത്തിന്റെ പ്രതിഫലനം കാണാം. മലബാര്‍ ജില്ലകളില്‍ സംസ്ഥാനത്ത് നിലനില്‍ക്കുന്ന 1:50 എന്ന അനുപാതത്തില്‍ പ്ലസ് വണ്‍ ക്ലാസുകള്‍ വരുന്ന വിധത്തില്‍ പുതിയ അഡീഷണല്‍ ബാച്ചുകള്‍ അനുവദിക്കുക മാത്രമാണ് ഈ വിഷയത്തിന് ശാശ്വത പരിഹാരം.

ആയതിനാല്‍ മലബാറിലെ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും തുടര്‍ പഠനത്തിന് സീറ്റ് ഉറപ്പ് വരുത്തുന്നതിനായി അഡീഷണല്‍ ബാച്ച് അനുവദിക്കുന്നതിനും, വി.എച്ച്.എസ്.ഇ, പോളിടെക്‌നിക്ക്, ഐ.ടി.ഐ മേഖലയില്‍ പുതിയ ബാച്ചുകള്‍ അനുവദിക്കുന്നതിനുമുള്ള അടിയന്തിര നടപടികള്‍ ഉണ്ടാവണമെന്ന് നിവേദനത്തില്‍ എം.എല്‍.എ ആവശ്യപ്പെട്ടു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *