June 22, 2024

കര്‍ഷക ആത്മഹത്യകള്‍ ഇല്ലാതാക്കാന്‍ സര്‍ക്കാര്‍ സത്വര നടപടി സ്വീകരിക്കണം: എന്‍ ഡി അപ്പച്ചന്‍

0
Img 20240528 202530

കല്‍പ്പറ്റ: വര്‍ധിച്ചുവരുന്ന കര്‍ഷക ആത്മഹത്യകള്‍ അവസാനിപ്പിക്കാന്‍ അടിയന്തരമായി സര്‍ക്കാര്‍ ഇടപെടണമെന്ന് ഡി സി സി പ്രസിഡന്റ് എന്‍ ഡി അപ്പച്ചന്‍ ആവശ്യപ്പെട്ടു. വയനാട്ടില്‍ കഴിഞ്ഞ 15 വര്‍ഷത്തിനിടയില്‍ നൂറിലേറെ കര്‍ഷകര്‍ ആത്മഹത്യ ചെയ്തിട്ടുണ്ടെന്നും, അതില്‍ ഭൂരിഭാഗവും കടക്കെണി മൂലമാണെന്നും ജില്ലാ കലക്ടര്‍ മനുഷ്യാവകാശ കമ്മിഷന് നല്‍കിയ റിപ്പോര്‍ട്ട് അതീവ ഗൗരവതരമാണ്. കാര്‍ഷികമേഖല സമാനതകളില്ലാത്ത പ്രതിസന്ധികളിലൂടെയാണ് കടന്നുപോകുമ്പോഴും സര്‍ക്കാര്‍ കൈയ്യുംകെട്ടി നോക്കിനില്‍ക്കുന്ന സാഹചര്യമാണുള്ളത്.

കാലവര്‍ഷക്കെടുതിയും, വരള്‍ച്ചയും മൂലം കാര്‍ഷികവിളകള്‍ നശിക്കപ്പെട്ടാല്‍ സമയബന്ധിതമായി നഷ്ടപരിഹാരം നല്‍കാന്‍ പോലും ഈ സര്‍ക്കാര്‍ തയ്യാറാവുന്നില്ല. വന്യമൃഗശല്യം മൂലം കാര്‍ഷികമേഖലയില്‍ നാശനഷ്ടങ്ങളുണ്ടാകുന്നത് തുടര്‍ക്കഥയായിട്ടും പരിഹാരം കാണാന്‍ ഈ സര്‍ക്കാരിന് സാധിച്ചിട്ടില്ല. കാര്‍ഷികമേഖലയെ ഇതുപോലെ അവഗണിച്ച ഒരു സര്‍ക്കാര്‍ ഇതിന് മുമ്പുണ്ടായിട്ടില്ല. ഇത്തവണ അതിരൂക്ഷമായ വരള്‍ച്ചയാണ് കാര്‍ഷിക മേഖലയിലുണ്ടായത്.

ഹെക്ടര്‍ കണക്കിന് സ്ഥലത്തെ കൃഷിയാണ് പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി ഗ്രാമപഞ്ചായത്തുകളില്‍ ഉള്‍പ്പെടെ കരിഞ്ഞുണങ്ങിയത്. കാപ്പിയും, കുരുമുളകും ഉള്‍പ്പെടെയുള്ള വിളകള്‍ കരിഞ്ഞുണങ്ങിയത് കര്‍ഷകരുടെ പ്രതീക്ഷകളെ തന്നെയാണ് ഇല്ലാതാക്കിയത്. ഇത്തരത്തില്‍ അതിരൂക്ഷമായ വരള്‍ച്ചയുണ്ടായി കാര്‍ഷികവിളകള്‍ കരിഞ്ഞുണങ്ങിയിട്ടും കര്‍ഷകരെ സഹായിക്കേണ്ട സര്‍ക്കാര്‍ നിസംഗത പാലിക്കുകയാണ് ചെയ്തത്.

കൃഷിവകുപ്പില്‍ നിന്നും ഏതാനം ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ചതൊഴിച്ചാല്‍ മറ്റൊരു നടപടിയും ഉണ്ടാകുന്നില്ലെന്നതാണ് പലപ്പോഴായി മനസിലാക്കാന്‍ കഴിഞ്ഞ വസ്തുത. വയനാടിന്റെ കാര്‍ഷികമേഖല ഇതുപോലെ തകര്‍ന്നടിയാന്‍ കാരണം സംസ്ഥാന സര്‍ക്കാരിന്റെ പിടിപ്പുകേടാണ്. ഏഴായിരം കോടി രൂപയുടെ വയനാട് പാക്കേജ് പ്രഖ്യാപനത്തിലൊതുങ്ങി.

വയനാടിന്റെ കാര്‍ഷികമേഖലക്ക് ഉള്‍പ്പെടെ ഗുണകരമാവേണ്ട ഒരു പദ്ധതി പോലും നടപ്പിലാക്കാന്‍ ഈ സര്‍ക്കാരിന് സാധിച്ചില്ല. വയനാട്ടിലെ കര്‍ഷകരില്‍ ഭൂരിഭാഗവും വായ്പയെടുത്താണ് കൃഷി ചെയ്തുവരുന്നത്. അതുകൊണ്ട് തന്നെ കൃഷി നശിച്ചാല്‍ കര്‍ഷകര്‍ കടക്കെണിയിലാകും. നേരത്തെ കര്‍ഷകര്‍ക്ക് നല്‍കിയിരുന്ന പലിശരഹിത വായ്പകള്‍ ഇല്ലാതാക്കിയെന്ന് മാത്രമല്ല, വളരെ ചെറിയ പലിശക്ക് കാര്‍ഷിക സ്വര്‍ണപണയവായ്പകള്‍ നല്‍കിയിരുന്നത് ഈ സര്‍ക്കാരിന്റെ ഇടപെടല്‍ മൂലം നിജപ്പെടുത്തി.

ഇന്ന് വയനാട്ടില്‍ മാത്രം ജപ്തിഭീഷണിയില്‍ കഴിയുന്നത് ആയിരങ്ങളാണ്. മുന്‍കാലങ്ങളില്‍ കര്‍ഷകര്‍ക്ക് സഹായകമായിരുന്ന കാര്‍ഷിക കടാശ്വാസ കമ്മീഷന്‍ ഇന്ന് നോക്കുകുത്തിയായി മാറിയെന്നും അദ്ദേഹം പറഞ്ഞു. ഇത്തരത്തില്‍ അതീവഗുരുതര സാഹചര്യത്തിലൂടെ കടന്നുപോകുന്ന വയനാട്ടിലെ കര്‍ഷകരെ സഹായിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കാന്‍ ഇനിയെങ്കിലും സര്‍ക്കാര്‍ തയ്യാറാകണമെന്നും, അല്ലെങ്കില്‍ കോണ്‍ഗ്രസ് അതിശക്തമായ പ്രക്ഷോഭത്തിലേക്ക് നീങ്ങുമെന്നും അപ്പച്ചന്‍ പറഞ്ഞു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *