June 21, 2024

മുട്ടില്‍ ഈട്ടി മുറി: തുടരന്വേഷണം ഉണ്ടാകാനിടയില്ല

0
Img 20240529 114255

കല്‍പ്പറ്റ: മുട്ടില്‍ സൗത്ത് വില്ലേജില്‍ 2021ല്‍ നടന്ന അനധികൃത ഈട്ടി മുറിയുമായി ബന്ധപ്പെട്ട കേസില്‍ സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ അഡ്വ.ജോസഫ് മാത്യു ആവശ്യപ്പെട്ട തുടരന്വേഷണത്തിനു സാധ്യത മങ്ങുന്നു. മരം മുറിക്കേസില്‍ 2023 ഡിസംബര്‍ നാലിനു സുല്‍ത്താന്‍ ബത്തേരി ജുഡീഷല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രം ന്യൂനതകള്‍ ഇല്ലാത്തതാണെന്ന് കേസ് അന്വേഷണത്തിനു നേതൃത്വം നല്‍കിയ മുന്‍ ബത്തേരി ഡിവൈഎസ്പി വി.വി. ബെന്നി ക്രൈംബ്രാഞ്ച് എഡിജിപി എച്ച്. വെങ്കിടേഷിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചതാണ് തുടരന്വേഷണ സാധ്യത കുറയ്ക്കുന്നത്.

കേസില്‍ തുടരന്വേഷണത്തിനും അഡീഷണല്‍ കുറ്റപത്ര സമര്‍പ്പണത്തിനും കോടതിയെ സമീപിക്കുന്നതില്‍ എഡിജിപി തീരുമാനമെടുക്കും.

നിയമവിരുദ്ധമായി മരം മുറിച്ചതിനു വനം വകുപ്പ് രജിസ്റ്റര്‍ ചെയ്ത 43 ഒആര്‍ കേസിന്റെ അടിസ്ഥാനത്തില്‍ 2021 ജൂണില്‍ മീനങ്ങാടി പോലീസ് രജിസ്റ്റര്‍ ചെയ്ത 281/2021 നമ്പര്‍ കേസിലാണ് ബത്തേരി ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ അന്വേഷണം നടന്നത്. മാസങ്ങള്‍ നീണ്ട അന്വേഷണത്തിനൊടുവില്‍ രാജ്യത്ത് ആദ്യമായി തടികളുടെ ഡിഎന്‍എ പരിശോധനാഫലവും ഉള്‍പ്പെടുത്തിയാണ് 86,000 പേജ് വരുന്ന കുറ്റപത്രം സമര്‍പ്പിച്ചത്.

ഇതിനുശേഷമാണ് കേസില്‍ സ്‌പെഷല്‍ പ്രോസിക്യൂട്ടറായി അഡ്വ.ജോസഫ് മാത്യുവിനെ സര്‍ക്കാര്‍ നിയോഗിച്ചത്. മരം മുറിക്കേസ് തുടക്കത്തില്‍ കൈകാര്യം ചെയ്തത് മുന്‍ ജില്ലാ ഗവ.പ്ലീഡറും പബ്ലിക് പ്രോസിക്യൂട്ടറുമായ ജോസഫ് മാത്യുവാണ്. ഇത് കണക്കിലെടുത്തും പോലീസ് ശിപാര്‍ശ പരിഗണിച്ചുമായിരുന്നു അഡ്വ.ജോസഫ് മാത്യുവിനു നിയമനം. ചുമതലേയറ്റ ജോസഫ് മാത്യു കുറ്റപത്രം ദുര്‍ബലമാണെന്നും കേസിന്റെ വിജയകരമായ നടത്തിപ്പിനു പര്യാപ്തമല്ലെന്നുമാണ് വിലയിരുത്തിയത്. തുടരന്വേഷണം നടത്തി പഴുതുകള്‍ അടച്ച കുറ്റപത്രം സമര്‍പ്പിക്കുന്നതിന് കോടതിയില്‍ അപേക്ഷ നല്‍കണമെന്ന് അദ്ദേഹം നിലവില്‍ താനൂര്‍ ഡിവൈഎസ്പിയുമായ ബെന്നിയെ കത്തിലൂടെ ഉപദേശിച്ചു.

അനധികൃത മരംമുറി നടന്ന കാലത്തെ ജില്ലാ കളക്ടര്‍ ഉള്‍പ്പെടെ റവന്യൂ ഉദ്യോഗസ്ഥരില്‍ ചിലരുടെ പങ്ക് അന്വേഷിക്കേണ്ടതുണ്ടെന്നും കത്തില്‍ അഭിപ്രായപ്പെട്ടു. ദിവസങ്ങള്‍ കഴിഞ്ഞിട്ടും ഡിവൈഎസ്പിയുടെ പ്രതികരണം ഉണ്ടാകാത്ത സാഹചര്യത്തില്‍ സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ ക്രൈംബ്രാഞ്ച് എഡിജിപിക്കു കത്തയച്ചു. കുറ്റപത്രത്തിലെ പോരായ്മകള്‍ ചൂണ്ടിക്കാട്ടിയായിരുന്നു കത്ത്. ഇതിന്റെ അടിസ്ഥാനത്തില്‍ സ്‌പെഷല്‍ പ്രോസിക്യൂട്ടറുമായി വീഡിയോ കോണ്‍ഫറന്‍സിംഗ് നടത്തിയ എഡിജിപി പിന്നീട് വിളിച്ചു ചേര്‍ത്ത ഉന്നതതല യോഗത്തെത്തുടര്‍ന്നു നിര്‍ദേശിച്ചതനുസരിച്ചാണ് ഡിവൈഎസ്പി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

റവന്യൂ പട്ടയ ഭൂമിയിലെ വൃക്ഷവില അടച്ചതും സ്വയം കിളിര്‍ത്തതും നട്ടുവളര്‍ത്തിയതുമായ മരങ്ങളില്‍ ചന്ദനം ഒഴികെയുള്ളവ മുറിച്ചെടുക്കുന്നതിനു കൈവശക്കാരെ അനുവദിച്ച് റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി 2020 ഒക്ടോബര്‍ 24നു ഉത്തരവായിരുന്നു. ഇതിന്റെ മറവിലാണ് വയനാട്ടിലടക്കം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ റവന്യൂ പട്ടയഭൂമികളില്‍ ഈട്ടി, തേക്ക് മുറി നടന്നത്. മുട്ടില്‍ സൗത്ത് വില്ലേജില്‍ മുറിച്ച മരങ്ങള്‍ 2021 ജൂണിലാണ് വനം വകുപ്പ് കസ്റ്റഡിയിലെടുത്ത് ഡിപ്പോയിലേക്ക് മാറ്റിയത്.

മുട്ടില്‍ സൗത്ത് വില്ലേജില്‍ റവന്യൂ പട്ടയ ഭൂമികളില്‍ 2020 നവംബര്‍, ഡിസംബര്‍, 2021 ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ നടന്ന ഈട്ടി മുറിയില്‍ ഉന്നത റവന്യൂ ഉദ്യോഗസ്ഥരുടെ വീഴ്ച അന്വേഷിക്കുന്നതിനു അഡ്വ.ജോസഫ് മാത്യു നേരത്തേ വകുപ്പുമന്ത്രി കെ. രാജന് കത്ത് നല്‍കിയിരുന്നു. റവന്യൂ പട്ടയഭൂമികളിലെ സര്‍ക്കാരിന് ഉടമാവകാശമുള്ള മരങ്ങള്‍ വെട്ടുന്നതു തടയുന്നതില്‍ അന്നത്തെ ജില്ലാ കളക്ടറും വൈത്തിരി തഹസില്‍ദാരും ഗുരുതര വീഴ്ച വരുത്തിയെന്ന് ചൂണ്ടിക്കാട്ടുന്ന കത്തില്‍ മേല്‍ നടപടി ഉണ്ടായില്ല. റവന്യൂ പട്ടയഭൂമികളിലെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഈട്ടി മരങ്ങള്‍ മുറിക്കുന്നതു നിയമവിരുദ്ധമാണെന്ന ഉപദേശം ജില്ലാ ഗവ.പ്ലീഡറും പ്രോസിക്യൂട്ടറുമായിരിക്കേ അഡ്വ.ജോസഫ് മാത്യു നല്‍കിയിരുന്നെങ്കിലും റവന്യൂ, വനം അധികൃതര്‍ ഗൗനിച്ചിരുന്നില്ല.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *