June 21, 2024

യുവാവിനെ സംഘം ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ചു പരിക്കേല്‍പ്പിച്ച സംഭവം: മൂന്ന് പേരെ കൂടി മേപ്പാടി പോലീസ് പിടികൂടി

0
Img 20240530 195003

– കേസില്‍ ഇതുവരെ ആറു പേരെ പിടികൂടി, ഒരാളെ കൂടി പിടിക്കാനുണ്ട്

–  നിരവധി കേസുകളില്‍ പ്രതികളായ യുവാക്കളെ പിടികൂടിയത് ‘ഓപ്പറേഷന്‍ ആഗ്’മായി ബന്ധപ്പെട്ട് കരുതല്‍ തടങ്കലിലാക്കപ്പെട്ടവരില്‍ നിന്നും ലഭിച്ച വിവരത്തില്‍ നിന്നും

– പിടിയിലായ ഒരാള്‍ കാപ്പ നിയമപ്രകാരം വയനാട്ടില്‍ നിന്നും നാടുകടത്തപ്പെട്ടയാള്‍

 

മേപ്പാടി: കാര്‍ ബൈക്കിനോട് ചേര്‍ന്ന് ഓവര്‍ടേക്ക് ചെയ്തതുമായി ബന്ധപ്പെട്ടുള്ള തര്‍ക്കത്തെ തുടര്‍ന്ന് യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ചു പരിക്കേല്‍പ്പിച്ച് കാര്‍ തട്ടിയെടുത്ത സംഭവത്തില്‍ മൂന്ന് പേര്‍ കൂടി അറസ്റ്റില്‍. വടുവഞ്ചാല്‍, കോട്ടൂര്‍, തെക്കിനേടത്ത് വീട്ടില്‍ ബുളു എന്ന ജിതിന്‍ ജോസഫ്(35), ചുളളിയോട്, മാടക്കര, പുത്തന്‍വീട്ടില്‍ വീ്ട്ടില്‍ മുഹമ്മദ് ഷിനാസ്(23), ചെല്ലങ്കോട്, വട്ടച്ചോല, വഴിക്കുഴിയില്‍ വീട്ടില്‍ ശുപ്പാണ്ടി എന്ന ടിനീഷ്(31) എന്നിവരെയാണ് മേപ്പാടി പോലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ ഇതുവരെ ആറു പേരെ പിടികൂടി. ഒരാളെ കൂടി പിടികൂടാനുണ്ട്. പിടിയിലായ മൂവരും നിരവധി കേസുകളിലെ പ്രതിയാണ്. ജിതിന്‍ ജോസഫിന് അമ്പലവയല്‍, കല്‍പ്പറ്റ, ഹൊസൂര്‍, താമരശ്ശേരി, മീനങ്ങാടി, ബത്തേരി സ്‌റ്റേഷനുകളിലും, ഷിനാസിന് കല്‍പ്പറ്റ, നൂല്‍പ്പുഴ, അയിരൂര്‍, മേപ്പാടി സ്‌റ്റേഷനുകളിലും, ടിനീഷിന് അമ്പലവയല്‍ സ്‌റ്റേഷനിലുമാണ് കേസുകള്‍. ഇവരെ റിമാന്‍ഡ് ചെയ്തു.

ഈ മാസം 22ന് കാപ്പ നിയമ പ്രകാരം കണ്ണൂര്‍ ഡി.ഐ.ജിയുടെ ഉത്തരവിന്മേല്‍ നാടുകടത്തപ്പെട്ടയാളാണ് മുഹമ്മദ് ഷിനാസ്. വയനാട് ജില്ലയില്‍ പ്രവേശിക്കുന്നതിന് വിലക്കുള്ള ഇയാള്‍ ഒളിവില്‍ കഴിയുകയായിരുന്നു. ഇയാള്‍ക്കെതിരെ കാപ്പ ഉത്തരവ് ലംഘനത്തിന് കാപ്പാ നിയമത്തിലെ 15(4) പ്രകാരം മേപ്പാടി പോലീസ് മറ്റൊരു േകസുമെടുത്തിട്ടുണ്ട്. ഇയാളെ ഒളിവില്‍ കഴിയാന്‍ സഹായിച്ചവരെയും കാപ്പ നിയമപ്രകാരം ഉടന്‍ പിടികൂടും.

‘ഓപ്പറേഷന്‍ ആഗ്’മായി ബന്ധപ്പെട്ട് മേപ്പാടി പോലീസ് കരുതല്‍ തടങ്കലിലാക്കിയവരില്‍ നിന്നാണ് ജിതിന്‍ ജോസഫിനെ കുറിച്ചുള്ള നിര്‍ണായക വിവരങ്ങള്‍ പോലീസിന് ലഭിക്കുന്നത്. ഇയാള്‍ കര്‍ണാടകയിലേക്ക് രക്ഷപ്പെടാന്‍ ശ്രമിക്കുന്ന വിവരമറിഞ്ഞ് വയനാട് ജില്ലാ പോലീസിന്റെ പ്രത്യേക സ്‌ക്വാഡ് ഇയാളെ ബത്തേരിയില്‍ നിന്ന് ബുധനാഴ്ച കസ്റ്റഡിയിലെടുക്കുകയായിരുന്നു. ജിതിനെ ചോദ്യം ചെയ്തതില്‍ നിന്നാണ് മറ്റു പ്രതികളിലേക്ക് പോലീസ് എത്തിയത്. തുടര്‍ന്ന്, മേപ്പാടി പോലീസ് നടത്തിയ കൃത്യമായ ആസൂത്രണത്തിലുടെ മുഹമ്മദ് ഷിനാസിനെ അമ്മായിപാലത്ത് നിന്നും ടിനീഷിനെ മാടക്കര എന്ന സ്ഥലത്ത് നിന്നും ബുധനാഴ്ച രാത്രിയോടെ തന്നെ പിടികൂടുകയായിരുന്നു. പ്രതികള്‍ രക്ഷപ്പെടാന്‍ ഉപയോഗിച്ച രണ്ട് ബൈക്കുകളും പരാതിക്കാരനില്‍ നിന്ന് തട്ടിയെടുത്ത കാറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

2024 മെയ് 5ന് പുലര്‍ച്ചെ വടുവാഞ്ചല്‍ ടൗണില്‍ വെച്ചാണ് കേസിനാസ്പദമായ സംഭവം നടന്നത്. തോമ്മാട്ടുച്ചാല്‍ സ്വദേശിയായ യുവാവ് ഓടിച്ചിരുന്ന കാര്‍ ബൈക്കിനോട് ചേര്‍ന്ന് ഓവര്‍ടേക്ക് ചെയ്തതായി ആരോപിച്ച് ഒരു കൂട്ടം ആളുകള്‍ ചേര്‍ന്ന് യുവാവിനെ കാറില്‍ നിന്നും വലിച്ചിറക്കി ഇരുമ്പ് പൈപ്പുകളും വടികൊണ്ടും അതിക്രൂരമായി മര്‍ദിക്കുകയായിരുന്നു. കാറിന്റെ താക്കോല്‍ കവര്‍ന്നെടുക്കുകയും ചെയ്തു. തുടര്‍ന്ന്, വാഹനത്തില്‍ കയറ്റി ചിത്രമൂലയിലെ ചായത്തോട്ടത്തില്‍ കൊണ്ടുപോയി വീണ്ടും മര്‍ദിക്കുകയും കത്തി കാണിച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. മര്‍ദനത്തില്‍ യുവാവിന്റെ കാല്‍പാദത്തിന്റെ എല്ലു പൊട്ടി ഗുരുതര പരിക്കേറ്റിരുന്നു. പരാതി ലഭിച്ചതിനെ തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ കടല്‍മാട് കമ്പാളകൊല്ലി, കൊച്ചുപുരക്കല്‍ വീട്ടില്‍ വേട്ടാളന്‍ എന്ന അബിന്‍ കെ. ബോവസ്(29), മലപ്പുറം, കടമ്പോട്, ചാത്തന്‍ചിറ വീറ്റില്‍ ബാദുഷ(26), മലപ്പുറം, തിരൂര്‍, പൂക്കയില്‍ പുഴക്കല്‍ വീട്ടില്‍ മുഹമ്മദ് റാഷിദ്(29) എന്നിവരെ മുന്‍പ് അറസ്റ്റ് ചെയ്തിരുന്നു. എസ്.ഐമാരായ ഷാജി, ഹരീഷ്, എസ്.സി.പി.ഒമാരായ സുനില്‍, ഫിനു, ഷബീര്‍, സി.പി.ഒ ഹഫ്‌സ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *