മഴക്കാല മുന്നൊരുക്കം: ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കി
കൽപ്പറ്റ: മഴക്കാല മുന്നൊരുക്കത്തിന്റെ ഭാഗമായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ ആഭിമുഖ്യത്തില്‍ വയനാട്, കണ്ണുര്‍, കോഴിക്കോട്, കാസര്‍ഗോഡ് ജില്ലയിലെ ഉദ്യോഗസ്ഥര്‍ക്ക് ഇന്‍സിഡന്റ് റെസ്‌പോണ്‍സ് സിസ്റ്റത്തില്‍ ഓണ്‍ലൈനായി പരിശീലനം നല്‍കി. പരിശീലനത്തില്‍ ദുരന്തസമയങ്ങളില്‍ സ്വീകരിക്കേണ്ട അടിയന്തര പ്രതിരോധം, ഐആര്‍എസ് പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് ക്ലാസ്സ് നടന്നു. ദുരന്തങ്ങളുടെ വ്യാപ്തി കുറയ്ക്കുന്നതിനും ഇന്‍സിഡന്റ് റെസ്‌പോണ്‍സ് സിസ്റ്റത്തിന്റെ ഭാഗമായുള്ള ഉദ്യോഗസ്ഥര്‍ കൃത്യതയോടെ ചുമതലകള്‍ നിര്‍വഹിക്കുന്നതിനുമാണ് ജില്ലാ-താലൂക്ക്തലത്തില്‍ പരിശീലനം സംഘടിപ്പിച്ചത്.
ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്കായി ഐആര്‍എസിന് കീഴില്‍ ഓരോ വകുപ്പുകള്‍ നിര്‍വഹിക്കേണ്ട ചുമതലകള്‍, ഐ.ആര്‍.എസിന്റെ ഘടന, ഉത്തരവാദിത്വം, വിഭവങ്ങളടെ പ്രയോജനപ്പെടുത്തല്‍, പദ്ധതി തയ്യാറാക്കല്‍-നടപ്പിലാക്കല്‍, പൊതുജനങ്ങള്‍ക്ക് അവബോധം നല്‍കല്‍, ക്യാമ്പ് പ്രവര്‍ത്തനങ്ങള്‍, അടിസ്ഥാന സൗകര്യം ഒരുക്കല്‍ എന്നിവ ഉള്‍പ്പെടെ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളുടെ സമഗ്ര വിവരങ്ങള്‍ പരിശീലനത്തില്‍ അവതരിപ്പിച്ചു.ജില്ലാതലത്തില്‍ റസ്പോണ്‍സിബിള്‍ ഓഫീസറായി ജില്ലാ കളക്ടര്‍ക്കാണ് ചുമതല. ഡെപ്യൂട്ടി ഇന്‍സിഡന്റ് കമാന്‍ഡര്‍, ഓപ്പറേഷന്‍ വിഭാഗം മേധാവി, ലോജിസ്റ്റിക്‌സ് വിഭാഗം മേധാവി, ആസൂത്രണ വിഭാഗം ചീഫ്, സേഫ്റ്റി ഓഫീസര്‍, മീഡിയ ഓഫീസര്‍, ലെയ്‌സണ്‍ ഓഫീസര്‍ തുടങ്ങിയവരും ഐആര്‍എസ് അംഗങ്ങളായി പ്രവര്‍ത്തിക്കും.
ജില്ലാതല ഐആര്‍എസ് ടീമിന് പുറമേ ഡെപ്യൂട്ടി കളക്ടര്‍മാര്‍ റസ്പോണ്‍സിബിള്‍ ഓഫീസറായി കല്‍പ്പറ്റ, മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി താലൂക്കുകളിലും ഐആര്‍എസ് ടീം അംഗങ്ങള്‍ സജ്ജീവമാവും.
Leave a Reply