വാളത്തൂര്‍ ക്വാറി; കോണ്‍ഗ്രസ്സ് സമരത്തിലേക്ക് ക്വാറി പ്രദേശം ടി.സിദ്ധിഖ് എം.എല്‍.എ സന്ദര്‍ശിച്ചു
കല്‍പ്പറ്റ: മൂപ്പൈനാട് ഗ്രാമപഞ്ചായത്തിലെ വാളത്തൂര്‍ ജനവാസ മേഖലയിലെ ക്വാറിക്കെതിരെ കോണ്‍ഗ്രസ്സ് സമരവുമായി മുന്നോട്ട് പോകുമെന്ന് മൂപ്പൈനാട് മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ ജനറല്‍ ബോഡി യോഗത്തില്‍ കല്‍പ്പറ്റ നിയോജക മണ്ഡലം എം.എല്‍.എ അഡ്വ. ടി.സിദ്ധിഖ് അറിയിച്ചു. നേരത്തെ ഈ ക്വാറിയുമായി ബന്ധപ്പെട്ട് വില്ലേജ് ഓഫീസിലും, വിവിധങ്ങളായ സമരങ്ങള്‍ നടന്നിരുന്നു. ക്വാറി അവിടെ വരുന്നതിന് മുമ്പ് തന്നെ ജനങ്ങള്‍ക്ക് തടസ്സമാകുന്ന സാഹചര്യം ഉണ്ടാവരുതെന്നും ആവശ്യപ്പെട്ടിരുന്നു.
നിലവില്‍ ക്വാറിക്ക് അനുകൂലമായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലം പ്രദേശത്ത് ദുരന്തം ക്ഷണിച്ച് വരുത്താന്‍ കാരണമാകും, റെഡ്‌സോണില്‍ ഉള്‍പ്പെട്ട പ്രദേശവും, തൊഴിലുറപ്പ് പണി നടക്കാത്ത പ്രദേശവും, ക്വാറിയില്‍ നിന്നും 50 മീറ്റർ അകലം പോലുമില്ലാതെ വീടുകളും നൂറ് കണക്കിന് ആളുകള്‍ ഉപയോഗിക്കുന്ന കുടിവെള്ള ടാങ്കും ഉള്‍ക്കൊള്ളുന്ന അതീവ പരിസ്ഥിതിലോല പ്രദേശവുമാണ്. ഗ്രാമസഭയും പഞ്ചായത്ത് ഭരണസമിതിയും എതിര്‍ത്തിട്ടും ക്വാറിക്ക് വേണ്ടി ഉദ്യോഗസ്ഥര്‍ നിലകൊള്ളുന്നതും ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും ക്വാറി പ്രദേശം സന്ദര്‍ശിച്ച് കൊണ്ട് എം.എല്‍.എ പറഞ്ഞു.
മൂപ്പൈനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.എന്‍ ശശീന്ദ്രന്റെ നേതൃത്വത്തില്‍ പ്രദേശത്ത് സര്‍വ്വകക്ഷി യോഗം വിളിച്ച് പഞ്ചായത്ത് അടിയന്തിര നടപടികള്‍ കൈകൊള്ളുമെന്നും എം.എല്‍.എ കൂട്ടിച്ചേര്‍ത്തു. ബി സുരേഷ്ബാബു, ജഷീര്‍ പള്ളിവയല്‍, ആര്‍ ഉണ്ണികൃഷ്ണന്‍, ജോസ് കണ്ടത്തില്‍, ടി.എം.എ ശിഹാബ്, ജോയി വഞ്ചിത്താനം, കമറുദ്ദീന്‍, മോളി റിപ്പണ്‍ തുടങ്ങിയവര്‍ സന്ദര്‍ശന വേളയില്‍ ഉണ്ടായിരുന്നു.
Leave a Reply