‘ഒപ്പം ചിരിക്കാം’ – സാന്ത്വന സ്പർശവുമായി വയനാട് പോലീസ്
കല്‍പ്പറ്റ: ‘ചൂരല്‍മല, മുണ്ടക്കൈ പ്രദേശങ്ങളിലെ ദുരന്തത്തെ തുടര്‍ന്ന് വിവിധ സ്ഥലങ്ങളിലേക്ക് മാറ്റി പാര്‍പ്പിച്ച കുടുംബങ്ങള്‍ക്ക് സാന്ത്വനമേകാൻ ‘ഒപ്പം ചിരിക്കാം’ പദ്ധതിയുമായി വയനാട് പോലീസ്. പോലീസ് ഉദ്യോഗസ്ഥരും കൗണ്സിലർമാരും സ്റ്റുഡന്റ് പോലീസ് കേഡറ്റുകളും അടങ്ങുന്ന സംഘം ഞായറാഴ്ച 24 കുടുംബങ്ങൾ താമസിക്കുന്ന ബന്ധു വീടുകളിലും, വാടക വീടുകളിലും സന്ദർശനം നടത്തി. ശനിയാഴ്ച 11 വീടുകൾ സന്ദർശിച്ചിരുന്നു. ദുരന്തത്തിന്റെ ആഘാതത്തിൽ തളർന്നിരിക്കുന്ന കുടുംബാംഗങ്ങൾക്കും കുട്ടികൾക്കും പോലീസ് സംഘത്തിന്റെ സന്ദർശനം ആശ്വാസമായി.
വയനാട് ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി ഐ.പി.എസിന്റെ നിർദ്ദേശ പ്രകാരം അഡീഷണല്‍ എസ്.പിയും സോഷ്യല്‍ പോലീസിന്റെ ക്യാപ്പ് പദ്ധതിയുടെ ജില്ലാ നോഡല്‍ ഓഫിസറുമായ വിനോദ് പിള്ള, ഡിവൈഎസ്പിമാരായ എം.കെ. ഭരതന്‍(നാര്‍ക്കോട്ടിക്), ദിലീപ്കുമാര്‍ ദാസ്(ഡി.സി.ആര്‍.ബി), ക്യാപ്പ് പദ്ധതിയുടെ അഡി. നോഡല്‍ ഓഫിസര്‍ കെ. മോഹന്‍ദാസ്, പ്രൊജക്ട് അസിസ്റ്റന്റ് ടി.കെ. ദീപ, വിവിധ ജില്ലകളിലെ ഡി.സി.ആര്‍.സി, ഡി. ഡാഡ് പദ്ധതിയുടെ കീഴിലുള്ള കൗണ്‍സിലേഴ്‌സ്, ഡബ്‌ള്യു.ഒ.എച്ച്.എസ് സ്‌കൂളിലെ എസ്.പി.സി കേഡറ്റ്‌സ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു സന്ദർശനം. വരും ദിവസങ്ങളിലും സന്ദർശനം തുടരുമെന്ന് വയനാട് പോലീസ് അറിയിച്ചു.
Leave a Reply