September 8, 2024

വികസന പദ്ധതികളുടെ തുടര്‍പ്രവര്‍ത്തനം വേഗത്തിലാക്കണം:ജില്ലാ വികസന സമിതി

0
20240831 190142

കൽപ്പറ്റ : ജില്ലയിലെ വികസന പദ്ധതികളുടെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കണമെന്ന് ജില്ലാ വികസന സമിതി യോഗം ആവശ്യപ്പെട്ടു. കളക്ടറേറ്റ് സ്‌പോട്‌സ് കൗണ്‍സില്‍ ഹാളില്‍ എ.ഡി.എം കെ. ദേവകിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ വികസന സമിതി യോഗത്തിലാണ് നിര്‍ദേശം. ദേശീയപാത വികസന പ്രവര്‍ത്തികള്‍ വേഗത്തിലാക്കണമെന്നും യോഗം നിര്‍ദേശിച്ചു. ദേശീയപാത നാലുവരിയാക്കാനുള്ള തടസം നീക്കാന്‍ മന്ത്രി, എം.എല്‍.എമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്നിവരെ ഉള്‍പ്പെടുത്തി പ്രത്യേക യോഗം ചേരും. കൈനാട്ടി ജങ്ഷന്‍ മുതല്‍ കല്‍പ്പറ്റ ബൈപ്പാസ് ജങ്ഷന്‍ വരെയുള്ള ദേശീയപാത വികസന സ്ഥലമെടുപ്പ് നടപടികള്‍ സംബന്ധിച്ചും ചര്‍ച്ച ചെയ്യും. പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് വിവിധ പദ്ധതികളില്‍ ഉള്‍പ്പെടുത്തി സമ്മതപത്രത്തിന്റെ അടിസ്ഥാനത്തില്‍ നിര്‍മ്മിച്ച് നല്‍കുന്ന വീടുകള്‍ക്ക് നമ്പര്‍ ലഭിക്കാത്ത പ്രശ്നം പരിഹരിക്കാന്‍ ടി.ഡി.ഒമാര്‍ നല്‍കിയ റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യാന്‍ വകുപ്പ് ഉദ്യോഗസ്ഥര്‍, പഞ്ചായത്ത് പ്രതിനിധികള്‍ എന്നിവരുടെ യോഗം ചേരാന്‍ തദ്ദേശസ്വയംഭരണ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി. മേപ്പാടി വിത്തുകാട് പ്രദേശത്തെ കൈയേറ്റ ഭൂമിയില്‍ താമസിക്കുന്ന കുടുംബങ്ങള്‍ക്ക് കെട്ടിട നമ്പര്‍, കുടിവെള്ളം , വൈദ്യുതി കണക്ഷന്‍ ലഭ്യമാക്കാനുള്ള നടപടികള്‍ വേഗത്തിലാക്കണം.

 

 

ഗോത്ര മേഖലയിലെ വിദ്യാര്‍ത്ഥികളുടെ കൊഴിഞ്ഞുപോക്ക് കുറവ് വന്നതായി വിദ്യാഭ്യാസ ഉപഡയറക്ടര്‍ അറിയിച്ചു. വിദ്യാര്‍ത്ഥികളുടെ ഹാജര്‍നിലയില്‍ പുരോഗതിയുള്ളതായും അധികൃതര്‍ അറിയിച്ചു. കൊഴിഞ്ഞുപോക്ക് തടയാന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അധ്യക്ഷനും ജില്ലാ കളക്ടര്‍ സെക്രട്ടറിയും ഡി.ഡി എജുക്കേഷന്‍ കണ്‍വീനറുമായിട്ടുള്ള കമ്മിറ്റി മൂന്നാഴ്ച കൂടുമ്പോള്‍ ചേരണമെന്നും യോഗം നിര്‍ദ്ദേശിച്ചു. പോസ്മെട്രിക് കോഴ്‌സുകള്‍ക്ക് ചേരുന്ന അര്‍ഹരായ പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് പ്രാരംഭ ചെലവുകള്‍ക്ക് അനുവദിച്ച 5000 രൂപ വീതം നല്‍കുമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ അറിയിച്ചു. എബിസി ക്യാമ്പയിനില്‍ രേഖകള്‍ ലഭിക്കാത്തവര്‍ക്ക് ജില്ലയിലെ മുഴുവന്‍ അക്ഷയ കേന്ദ്രങ്ങളിലും സൗജന്യ സേവനം ലഭ്യമാക്കുന്ന ഗോത്ര സൗഹൃദ കൗണ്ടറുകള്‍ സജ്ജീകരിച്ചിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. താലൂക്ക് അടിസ്ഥാനത്തില്‍ മിനി ക്യാമ്പുകള്‍ നടത്തി കുടുംബങ്ങള്‍ക്ക് സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തും. ജില്ലയിലെ താലൂക്കുകളില്‍ ഓരോ ട്രൈബല്‍ കോളനികള്‍ വീതം പൂര്‍ണമായും പുകയില രഹിതമായി പ്രഖ്യാപിക്കുന്നതിന് നടപടികള്‍ സ്വീകരിച്ചതായി അധികൃതര്‍ അറിയിച്ചു.

 

മനുഷ്യ-വന്യജീവി സംഘര്‍ഷ ലഘൂകരണത്തിന് തയ്യാറാക്കിയ ഡി.പി.ആര്‍, തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ നിര്‍ദേശങ്ങള്‍ കൂടി പരിഗണിച്ച് ഉചിതമായ മാറ്റങ്ങള്‍ വരുത്തി പരിഷ്‌കരിക്കാന്‍ ഡി.എഫ്.ഒക്ക് നിര്‍ദ്ദേശം നല്‍കി. വന്യമൃഗങ്ങള്‍ നാട്ടില്‍ ഇറങ്ങുന്നതുമായി ബന്ധപ്പെട്ട് കൃത്യമായ മുന്നറിയിപ്പുകള്‍ ജനങ്ങള്‍ക്ക് നല്‍കുന്നുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. ഇക്കാര്യത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഏകോപനം ഉണ്ടാകണമെന്ന് യോഗം നിര്‍ദ്ദേശിച്ചു. രാത്രികാലങ്ങളില്‍ റിസോര്‍ട്ടുകളില്‍ വന്യമൃഗങ്ങളെ ആകര്‍ഷിക്കുന്നതും പ്രകോപിപ്പിക്കുന്നതുമായ പ്രവര്‍ത്തികള്‍ പ്രോത്സാഹിപ്പിക്കാനാവില്ലെന്നും ഇത്തരം റിസോര്‍ട്ടുകള്‍ക്കെതിരെ കര്‍ശന നടപടി വേണമെന്നും യോഗം ആവശ്യപ്പെട്ടു. വനാന്തരങ്ങളിലെ റോഡിന് ഇരുവശവുമുള്ള അടിക്കാട് വെട്ടുന്നതിനും വനമേഖലയോട് ചേര്‍ന്ന പ്രദേശങ്ങളിലെ പ്രവര്‍ത്തന രഹിതമായ വിളക്കുകള്‍ അറ്റകുറ്റപ്പണികള്‍ നടത്താന്‍ നടപടികള്‍ ത്വരിതപ്പെടുത്തണം. പടിഞ്ഞാറത്തറ – പൂഴിത്തോട് റോഡ് നിര്‍മ്മാണത്തിന്റെ സാധ്യതാ പഠനത്തിന് അനുമതി നല്‍കാന്‍ കാലതാമസം വരുത്തരുതെന്ന് വനം വകുപ്പിനോട് യോഗം നിര്‍ദ്ദേശിച്ചു. പൊതുമരാമത്ത് ദേശീയപാത വിഭാഗം എക്സിക്യൂട്ടീവ് വനം വകുപ്പിന് കത്ത് നല്‍കണമെന്നും നിര്‍ദ്ദേശിച്ചു.

 

മുണ്ടക്കൈ ദുരന്ത പശ്ചാത്തലത്തില്‍ ജില്ലയിലെ മുഴുവന്‍ വാര്‍ഡുകളിലും റെയിന്‍ഗേജ് സിസ്റ്റം നടപ്പാക്കാന്‍ ജില്ലാ വികസന സമിതി ശുപാര്‍ശ ചെയ്യും. ഇതിനായി പ്രത്യേക യോഗങ്ങള്‍ ചേര്‍ന്ന് ജില്ലാതലത്തില്‍ പദ്ധതികള്‍ ആവിഷ്‌കരിക്കണമെന്ന് ടി. സിദ്ദിഖ് എം.എല്‍.എ ആവശ്യപ്പെട്ടു. തുര്‍ക്കി ജീവന്‍ രക്ഷാ സമിതിക്ക് കെട്ടിടം നിര്‍മ്മിക്കാന്‍ സര്‍ക്കാര്‍ അനുമതിക്ക് ജില്ലാ വികസന സമിതിയുടെ ഇടപെടല്‍ ഉണ്ടാകണം. ജില്ലയിലെ ഇക്കോ ടൂറിസം സെന്ററുകള്‍ തുറക്കുന്നതിനാവശ്യമായ അടിയന്തര നടപടികള്‍ സ്വീകരിക്കണം. ശാസ്ത്രജ്ഞന്‍ ജോണ്‍ മത്തായിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പ്രാദേശിക തലത്തില്‍ സര്‍വകക്ഷികള്‍, ജനപ്രതിനിധികള്‍, ഉദ്യോസ്ഥര്‍ എന്നിവരുടെ യോഗം ചേരണം. മഴക്കാലത്ത് വീടുകളുടെ പിറകില്‍ മണ്ണിടിയുന്ന സംഭവങ്ങളില്‍ പ്രത്യേക ശ്രദ്ധയും തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ ക്രമീകരണങ്ങള്‍ ഒരുക്കണമെന്നും എം.എല്‍.എ ആവശ്യപ്പെട്ടു.

 

പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികളുടെ കൊഴിഞ്ഞുപോക്ക് തടയുന്നതിന്റെ ഭാഗമായി ഗോത്രബന്ധു പദ്ധതി പ്രകാരം മെന്റര്‍ ടീച്ചര്‍മാരെ നിയമിക്കുന്നതിനുള്ള അപേക്ഷ റദ്ദാക്കിയത് പരിശോധിക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ പറഞ്ഞു. പുത്തുമല പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിന് അടിയന്തര യോഗം ചേരണം. ജില്ലാ മെഡിക്കല്‍ കോളേജിലെ മാലിന്യ പ്രശ്നവുമായി ബന്ധപ്പെട്ട് ശുചിത്വമിഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചാല്‍ ഉടന്‍ നടപടിയെടുക്കണം. മാലിന്യ സംസ്‌കരണ വിഷയത്തില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും നടപടികള്‍ ബാധകമണെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. ജില്ലയില്‍ ക്വാറികളുടെ പ്രവര്‍ത്തനത്തിന് പാരിസ്ഥിതിക അനുമതി നല്‍കുന്നതിന് മുമ്പ് ഡി.ഡി.എം.എ കമ്മിറ്റിയുടെ ശുപാര്‍ശയോ അഭിപ്രായമോ സ്വീകരിക്കണം. ക്വാറി പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി കൊടുക്കുന്ന കാര്യത്തില്‍ പ്രത്യേക ശ്രദ്ധ വേണം. അമ്പുകുത്തിമലയിലെ അനധികൃത നിര്‍മ്മാണം സംബന്ധിച്ച് പഞ്ചായത്ത് സെക്രട്ടറിയോട് വിശദീകരണം ചോദിക്കണമെന്നും ജില്ലാ വികസന സമിതി യോഗം നിര്‍ദ്ദേശിച്ചു. ഒരു പഞ്ചായത്തിലെ ഒരു വാര്‍ഡില്‍ അഞ്ചോ ആറോ സ്ഥലങ്ങളില്‍ മഴമാപിനി സ്ഥാപിക്കുന്ന ജില്ലാ പഞ്ചായത്തിന്റെ ഡാര്‍ജിലിങ് മോഡല്‍ സംവിധാനത്തിന് എല്ലാ വകുപ്പുകളുടെയും സഹകരണം ഉണ്ടാകണമെന്നും സംവിധാനത്തിലൂടെ ജില്ലയിലെ ഏത് സ്ഥലത്തും ലഭിക്കുന്ന മഴയുടെ അളവ് കൃത്യമായും രേഖപ്പെടുത്താനാകും. ഇതിനായി പ്രത്യേക ശില്പശാലകള്‍ സംഘടിപ്പിക്കുമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.

 

യോഗത്തില്‍ ഉരുള്‍പൊട്ടല്‍ ദുരന്ത പശ്ചാത്തലത്തില്‍ മൗനം ആചരിച്ചു. സബ് കളക്ടര്‍ മിസാല്‍ സാഗര്‍ ഭരത്, പ്ലാനിങ് ഓഫീസര്‍ പ്രശാന്തന്‍, ജനപ്രതിനിധികള്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *