അതിഥി തൊഴിലാളികള്‍ക്ക് വികാരനിര്‍ഭരമായ യാത്രയയപ്പ് നല്‍കി
കല്‍പ്പറ്റ: മുണ്ടകൈ ദുരന്തത്തോടനുബന്ധിച്ച് മൂപ്പൈനാട് ഗ്രാമപഞ്ചായത്തിലെ റിപ്പണ്‍ ഗവണ്‍മെന്റ് ഹൈസ്‌കൂളില്‍ ഏര്‍പ്പെടുത്തിയ ദുരിതാശ്വാസ ക്യാമ്പില്‍ നിന്ന് സ്വദേശത്തേക്ക് പോകുന്ന നൂറോളം ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് കല്‍പ്പറ്റ നിയോജകമണ്ഡലം എം.എല്‍.എ അഡ്വ.ടി.സിദ്ധിഖിന്റെ നേതൃത്വത്തില്‍ വികാരം നിര്‍ഭരമായ യാത്രയയപ്പ് നല്‍കി. ഈ കഴിഞ്ഞ 30 ന് ക്യാമ്പുകളിലെത്തിയ അന്തേവാസികള്‍ നാട്ടുകാരുടേയും ഉദ്യോഗസ്ഥരുടേയും പ്രിയപ്പെട്ടവരായി മാറിയിരുന്നു. അവര്‍ ആഗ്രഹിക്കുന്ന ഭക്ഷണവും, വസത്രവും നല്‍കാന്‍ പ്രത്യേകം ശ്രദ്ധ പുലര്‍ത്തിയിരുന്നു.
ഹാരിസണ്‍ മലയാളം ലിമിറ്റഡ് എസ്റ്റേറ്റ് തൊഴിലാളികളായിരുന്ന ഇവര്‍ കുറച്ചുകാലങ്ങളായി കുടുംബങ്ങളുമൊത്ത് ഇവിടെ തൊഴില്‍ ചെയ്ത് ജീവിതം മുന്നോട്ട് കൊണ്ടുപോകുകയായിരുന്നു. അതിനിടയിലാണ് പെടുന്നനെ ദുരന്തമുണ്ടായത്. കഴിഞ്ഞ നാലാം തിയ്യതി ക്യാമ്പിന്റെ അവലോകന യോഗം മൂപ്പൈനാട് പഞ്ചായത്ത് പ്രസിഡന്റ്, വാര്‍ഡ് മെമ്പര്‍, ക്യാമ്പിന്റെ ചുമതലക്കാര്‍ ഉള്‍പ്പെടെ എം.എല്‍.എയുടെ സാന്നിധ്യത്തില്‍ ചേര്‍ന്നിരുന്നു. തുടര്‍ന്ന് യോഗത്തില്‍ അതിഥി തൊഴിലാളികള്‍ക്ക് സ്വന്തം നാട്ടിലേക്ക് പോകണമെന്നാവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് എം.എല്‍.എ തൊഴില്‍ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടിയുമായി ബന്ധപ്പെട്ട് റീജിയണല്‍ ലേബര്‍ കമ്മീഷണറെ ചുമതലപ്പെടുത്തുകയും, അവര്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ജില്ലാഭരണകൂടം തീരുമാനമെടുത്തത്. ഇന്ന് കാലത്ത് 11 മണിക്ക് കെ.എസ്.ആര്‍.ടി.സി ബസ്സുകള്‍ ഒരുക്കി അവരെ യാത്രയാക്കി. ക്യാമ്പിന്റെ ഭാഗമായി മാറിയിരുന്ന അവര്‍ കൈവീശി സ്‌നേഹം പ്രകടിപ്പിച്ച് കരുതലിന് നന്ദി പറഞ്ഞാണ് യാത്ര പോയത്. കെ.എസ്.ആര്‍.ടി.സി ബസ്സില്‍ കോഴിക്കോട് പോകുകയും, ഉച്ചക്ക് 2.30 നുള്ള മംഗള എക്‌സ്പ്രസ്സില്‍ ഭോപ്പാലില്‍ ഇറങ്ങും. ഇതില്‍ ഏറിയ പങ്കും മധ്യപ്രദേശിലുള്ള ഗുണ സ്വദേശികളാണ്. മൂപ്പൈനാട് പഞ്ചായത്ത് പ്രസിഡന്റ് വി.എന്‍ ശശീന്ദ്രന്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈബാന്‍ സലാം, എ.കെ റഫീക്ക്, ആര്‍.ഉണ്ണികൃഷ്ണന്‍, കെ.കെ സാജിത, ക്യാമ്പ് ഓഫീസര്‍ ലൈജു ചാക്കോ, ഹെഡ്മിസ്ട്രസ് ഷേര്‍ലി മാത്യു, എച്ച്.എം.എല്‍ അരപ്പറ്റ മാനേജര്‍ അബ്രഹാം തരകന്‍, പഞ്ചായത്ത് അസിസ്റ്റന്റ് ഡയറക്ടര്‍ ജോമോന്‍, ജോസ് കണ്ടത്തില്‍, യഹിയാഖാന്‍ തലക്കല്‍, റിയാസ് പാറയില്‍, സുരേഷ് ബാബു, കുഞ്ഞാറ, അഷ്‌റഫലി, ക്യാമ്പ് നോഡല്‍ ഓഫീസര്‍ സഞ്ജു കെ.ജി, ചാര്‍ജ് ഓഫീസര്‍മാരായ ഷാജി സി ജെ, അജികുമാര്‍ എം കെ,
എ.റ്റി.ഒ പ്രമോദ് എന്നിവര്‍ പങ്കെടുത്തു.
Leave a Reply