ക്ഷീര കർഷകർ ആശ്വാസമായി ക്ഷീര വികസന വകുപ്പ്
ചൂരൽ മല ദുരന്തത്തിൽ കന്നു കാലികളെ നഷ്ടപ്പെട്ടവർക്കും ഉരുൾപൊട്ടലിന്റെ ആഘാതത്തിൽ പാൽ ഉത്പാദനം കുറഞ്ഞ ചൂരൽമലയിലെ ക്ഷീര കർഷകർക്കും വേണ്ടി ക്ഷീര വികസന വകുപ്പ് വയനാടിന്റെ നേതൃത്വത്തിലുള്ള ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ചൂരൽമല സംഘം പരിസരത്ത് വെച്ച് കൽപ്പറ്റ നിയോജക മണ്ഡലം എം എൽ എ അഡ്വ: സിദ്ധീഖ് നിർവഹിച്ചു. ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയരക്ടർ ഫെമി വി മാത്യു അധ്യക്ഷത വഹിച്ചു. ദുരന്തത്തിൽ പശുക്കൾ കാലിത്തൊഴുത്തുകൾ, തീറ്റപുൽകൃഷി എന്നിവ നഷ്ടപ്പെട്ടവർക്ക് കേന്ദ്ര, കേരള സർക്കാർ സഹായം, ത്രിതല പഞ്ചായത്തുകൾ,മറ്റു ഏജൻസികൾ എന്നിവയുടെ സഹായം സമയ ബന്ധിതമായി അനുവദിക്കാൻ ക്രിയാത്മകമായ ഇടപെടൽ നടത്തുമെന്ന് എം എൽ എ ക്ഷീര കർഷകർക്ക് ഉറപ്പ് നൽകി.
ചൂരൽ മല, മുണ്ടക്കൈ, പുഞ്ചിരി മട്ടം, അട്ടമല തുടങ്ങിയ സ്ഥലങ്ങളിൽ അലഞ്ഞു തിരിയുന്ന പശുക്കളെ പാർപ്പിക്കാൻ താൽക്കാലിക ക്യാമ്പ് തുടങ്ങാനും കന്നുകാലികൾക്കുള്ള തീറ്റ വസ്തുക്കൾ ക്യാമ്പിൽ ഉറപ്പ് വരുത്താനും എം എൽ എ ക്ഷീര വികസന വകുപ്പിന് നിർദേശങ്ങൾ നൽകി. മുണ്ടക്കൈയിൽ കുടുങ്ങി കിടക്കുന്ന വനറാണി എസ്റ്റേറ്റിലെ 20 ഓളം കന്നു കാലികളെ ഇറക്കുന്നതിന് വേണ്ടി താൽക്കാലിക പാലവും റോഡും ഉണ്ടാക്കി അടിയന്തിരമായി സുരക്ഷിത സ്ഥലത്തേക്ക് മാറ്റാൻ വേണ്ടി പൊതു മരാമത്ത് വകുപ്പ് (ബ്രിഡ്ജസ് വിഭാഗം ) അസിസ്റ്റന്റ് എക്സിക്യൂറ്റിവ് എഞ്ചിനീയർക്ക് നിർദേശം നൽകി. സൈന്യത്തിന്റെയും റെസ്ക്യൂ ടീമുകളെയും ഉൾപ്പെടുത്തി അടുത്ത ദിവസം തന്നെ ഫാമിൽ നിന്ന് പശുക്കളെ നീക്കം ചെയ്യാൻ അദ്ദേഹം ഇടപെടൽ നടത്തി.ദുരന്ത മേഖലയിൽ ഉള്ള ചൂരൽ മല ക്ഷീര സംഘത്തിന്റെ സുഗമമായ പ്രവർത്തനങ്ങൾക്ക് സ്വന്തമായി സ്ഥലം അനുവദിക്കണമെന്ന് സംഘം പ്രസിഡന്റ് രാജീവൻ യോഗത്തിൽ അഭ്യർത്ഥിച്ചു.യോഗത്തിൽ കർഷകർക്ക് കേരള ഫീഡ്സ് സൗജന്യമായി നൽകിയ കാലിതീറ്റ, മിനറൽസ് എന്നിവയുടെ വിതരണം ടി . സിദ്ധിഖ് എം എൽ എ നിർവഹിച്ചു. ചടങ്ങിൽ കുന്നംപറ്റ ക്ഷീര സംഘം പ്രസിഡന്റ് ശ്രീ ബെന്നി, മൂപ്പയ്നാട് സംഘം പ്രസിഡന്റ് പൗലോസ് പി വി , സുഗന്ധഗിരി സംഘം പ്രസിഡന്റ് ചന്ദ്രൻ , കൽപ്പറ്റ ക്ഷീര സംഘം പ്രസിഡൻ്റ് എം എം മാത്യു , ചൂരൽമല ക്ഷീര സംഘം പ്രസിഡൻ്റ് വിനിജ വിജയൻ , അസിസ്റ്റന്റ് ഡയരക്ടർ നൗഷ. കെ. എം,കല്പറ്റ ബ്ലോക്കിലെ ക്ഷീര സംഘം സെക്രട്ടറിമാർ, ക്ഷീര വികസന വകുപ്പിലെ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. ജില്ലാ ഗുണ നിയന്ത്രണ ഓഫീസർ സിനാജുദ്ധീൻ പി എച്ച് സ്വാഗതവും ക്ഷീര വികസന ഓഫീസർ ഹുസ്ന സി എച്ച് നന്ദിയും പറഞ്ഞു.
Leave a Reply