പുനരധിവാസം ഭരണകൂടത്തിൻ്റെ ഉത്തരവാദിത്വം ; സി.പി.ഐ(എം.എൽ) റെഡ് സ്റ്റാർ
കൽപ്പറ്റ: പുനരധിവാസം ഔദാര്യമല്ല, അവകാശമാണ്, മുണ്ടക്കൈ ദുരന്ത ബാധിതരുടെ മുഴുവൻ കടങ്ങളും എഴുതി തള്ളുക, ദുരന്തത്തിനിരയായ തോട്ടം തൊഴിലാളികളുൾപ്പെടെയുള്ള കുടുംബങ്ങളെ സർക്കാരിൻ്റെ ഉത്തരവാദിത്തിൽ ഒരു ഹെക്ടർ കൃഷിഭൂമിയും വാസയോഗ്യമായ പാർപ്പിടവും നൽകി പുനരധിവസിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ അടിയന്തിരമായി നടപ്പിലാക്കണമെന്ന് കേരള സർക്കാറിനോടും ജില്ലാ ഭരണകൂടത്തിനോടും സി.പി.ഐ(എം.എൽ) റെഡ് സ്റ്റാർ വയനാട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
ദുരന്ത ബാധിതരും പുനരധിവാസ പാക്കേജിന് അർഹരുമായ 127 തോട്ടം തൊഴിലാളി കുടുംബങ്ങളെ ഹാരിസൺ കമ്പനി തോട്ടം പണിക്ക് വേണ്ടി വാസയോഗ്യമല്ലാത്ത പാടികളിലേക്ക് നിർബന്ധിച്ച് മാറ്റാനുള്ള നീക്കം ഉപേക്ഷിക്കണമെന്നും താത്കാലിക പുനരധിവാസത്തിൻ്റെ ഭാഗമായി വാടക വീടുകൾ കണ്ടെത്തിക്കൊടുക്കുന്നതിന് സർക്കാർ നിശ്ചയിച്ച ധനസഹായം പര്യാപ്തമല്ലാതെ വരുന്ന സാഹചര്യത്തിൽ ദുരന്തനിവാരണ നിയമത്തിൻ്റെ അടിസ്ഥാനത്തിൽ റിസോർട്ടുകളും ഹോം സ്റ്റേകളും ഉപയോഗപ്പെടുത്തി പ്രശ്നം പരിഹരിക്കണമെന്നും, ക്യാമ്പുകളായി പ്രവർത്തിക്കുന്ന വിദ്യാലയങ്ങൾ ഉടൻ പുനരാരംഭിക്കണമെന്നും ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
ജില്ലാ സെക്രട്ടറി കെ.വി. പ്രകാശ് റിപ്പോർട്ട് അവതരിപ്പിച്ചു. പി.എം ജോർജ്ജ്, പി.ടി. പ്രേമാനന്ദ്, ബിജി ലാലിച്ചൻ, എം.കെ. ഷിബു, കെ.ജി. മനോഹരൻ, കെ. പ്രേംനാഥ്, സി.ജെ. ജോൺസൺ, ബിജു. എം.കെ തുടങ്ങിയവർ സംസാരിച്ചു.
Leave a Reply