October 6, 2024

ദുരന്ത ബാധിതരില്‍ നിന്നും സ്വകാര്യ ധനകാര്യ സ്ഥാപനങ്ങള്‍ പിരിക്കാന്‍ വന്നാല്‍ തടയും,ലോണുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കണം: ടി.സിദ്ധിഖ് എം.എല്‍.എ

0
20240820 212908

കല്‍പ്പറ്റ: ചൂരല്‍മല, മുണ്ടകൈ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍പ്പെട്ട ആളുകളുടെ പേരിലുള്ള ലോണുകള്‍ക്ക് മൊറട്ടട്ടോറിയവും, പുനക്രമീകരണവും ഒരു കാരണവശാലും അംഗീകരിക്കില്ല. കടം സര്‍ക്കാര്‍ ഏറ്റെടുത്ത് ദുരിതത്തിലായ ആളുകളെ അതില്‍ നിന്നും ഒഴിവാക്കാനുള്ള അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്ന് കല്‍പ്പറ്റ നിയോജകമണ്ഡലം എം.എല്‍.എ അഡ്വ.ടി. സിദ്ധിഖ് മേപ്പാടിയില്‍ വിളിച്ച് ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

 

ഇന്ത്യ കണ്ട ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നാണ് വയനാട് ജില്ലയിലെ ചൂരല്‍മലയിലും, മുണ്ടകൈയിലും ഉണ്ടായിരിക്കുന്ന ദുരന്തം. 300-ലധികം പേരുടെ ജീവന്‍ അപഹരിക്കുകയും, നിരവധി പേരെ കാണാതാവുകയും ചെയ്തു. രക്ഷാ പ്രവര്‍ത്തകര്‍ ദുരിതബാധിത പ്രദേശങ്ങളില്‍ നിന്ന് കൂടുതല്‍ ശരീരഭാഗങ്ങള്‍ കണ്ടെടുത്ത് വരുന്നുമുണ്ട്. ദുരന്തത്തെ അതിജീവിച്ച് വന്നയാളുകള്‍ വിവിധ ക്യാമ്പുകളിലും, ബന്ധുവീടുകളിലും, ആശുപത്രിയില്‍ ചികിത്സയിലും കഴിഞ്ഞ് വരുകയാണ്. ഈ കുടുംബങ്ങളില്‍ അധികവും തോട്ടം തൊഴിലാളികളും, സ്വന്തമായി ചെറുകിട കച്ചവടക്കാരും, കര്‍ഷകരും, കൂലിപണിക്കാരുമായിരുന്നു. ഇവരുടെ മക്കളുടെ പഠനം, വിവാഹം, വീട് നിര്‍മ്മാണം, വീട് റിപ്പയറിംഗ്, കൃഷി ആവശ്യം, വളര്‍ത്ത് മൃഗങ്ങളെ വാങ്ങല്‍, വാഹനങ്ങള്‍ വാങ്ങല്‍, പേഴ്‌സണല്‍ ലോണ്‍ എന്നിങ്ങനെ പലതരം ലോണുകള്‍ ബാങ്കുകളില്‍ നിന്നും, മറ്റ് സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും എടുത്തിട്ടുണ്ട്. എല്ലാം നഷ്ടപ്പെട്ട് പഴയ ജീവിതത്തിലേക്ക് തിരിച്ച് വരുന്ന ഈ ആളുകള്‍ക്ക് ഒരു നയാ പൈസ പോലും കയ്യില്‍ ഇല്ലാത്ത സ്ഥിതിയാണ്. അതിനാല്‍ തന്നെ തിരിച്ചടവിനൊന്നും സാധിക്കുന്ന സാഹചര്യവുമല്ല. കൂടാതെ സ്വകാര്യ ധനകാര്യ സ്ഥാപനങ്ങള്‍ ജനങ്ങളെ ഭീഷണിപ്പെടുത്തുന്നത് ഈ ദുരന്തത്തിന്റെ ആഘാതത്തോടൊപ്പം മറ്റൊരു മാനസിക ആഘാതമായി മാറിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം ദുരന്തത്തില്‍പ്പെട്ട പലയാളുകളില്‍ നിന്നായി ധനസഹായം ലഭിച്ച പണത്തില്‍ നിന്നും കേരളാ ഗ്രാമീണ്‍ ബാങ്ക് വിവിധ ലോണുകളുടെ തിരിച്ചടവ് ഈടാക്കുകയുണ്ടായി. ഇത് അതിജീവിതരോട് കാണിക്കുന്ന ക്രൂരമായ നിലപാടാണ്. ഇന്ന് സുല്‍ത്താന്‍ ബത്തേരിയിലുള്ള ഇന്‍ഡസ് ബാങ്കില്‍ നിന്നും പിക്കപ്പ് വാനിന് ഇട്ടിരുന്ന ലോണ്‍ തുക ധനസഹായം ലഭിച്ച പണത്തില്‍ നിന്നും ഈടാക്കുകയുണ്ടായി എന്ന് എം.എല്‍.എ സൂചിപ്പിച്ചു. ഇത് ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയുന്ന ഒന്നല്ല. സ്വകാര്യ ബാങ്കുകള്‍ കഴുക•ാരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുകയാണ്.

 

കേരള ബാങ്ക് ചൂരല്‍മല ബ്രാഞ്ചില്‍ ഉള്‍പ്പെട്ട ദുരിതബാധിതരുടെയും, മരിച്ചവരുടെയും വായ്പകള്‍ എഴുതിത്തള്ളുമെന്ന് കേരള ബാങ്ക് പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ ദുരന്തത്തെ അതിജീവിച്ച് വന്ന ആളുകളുടെ ലോണുകള്‍ എഴുതി തള്ളുന്ന കാര്യത്തെ കുറിച്ച് ഒന്നും പറഞ്ഞിട്ടില്ല. കൂടാതെ സ്റ്റേറ്റ് ലെവല്‍ ബാങ്കേഴ്‌സ് കമ്മിറ്റി മൊറട്ടോറിയം പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ മൊറട്ടോറിയ കാലയളവ് കഴിഞ്ഞ് തുക അടക്കേണ്ട അവസ്ഥ ഈയാളുകള്‍ക്ക് വരും. എല്ലാം നഷ്ടപ്പെട്ട് ജീവിതം വീണ്ടും ആരംഭിച്ച ദുരിത ബാധിതര്‍ക്ക് ബാങ്കില്‍ നിന്നും നോട്ടീസും, മറ്റ് നടപടികളും വന്ന് തുടങ്ങും. അതിനാല്‍ മൊറട്ടോറിയം പ്രഖ്യാപിക്കുന്നതിന് പകരം ഇവരുടെ ലോണിന്റെ മുതല്‍ തുക സര്‍ക്കാര്‍ ഏറ്റെടുക്കുന്നതിനും, പലിശ ബാങ്കുകള്‍ ഏറ്റെടുക്കുന്നതിനുമുള്ള നടപടികള്‍ സ്വീകരിക്കണമെന്നും, ജില്ലയില്‍ സമീപകാലത്ത് ഉണ്ടായ ഉരുള്‍പൊട്ടലിന്റെ കെടുതിയില്‍ വിറങ്ങലിച്ചു നില്‍ക്കുന്ന ഈ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് സര്‍ക്കാര്‍, സ്വകാര്യ ബാങ്കുകളില്‍ നിന്നും എടുത്ത ലോണുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുന്നതിനും, കേരള ബാങ്ക് ചൂരല്‍മല ബ്രാഞ്ചില്‍ നിന്നും വിവിധ ബാങ്കുകളില്‍ നിന്നും എടുത്ത ലോണുകള്‍ ഉള്‍പ്പെടെ ദുരന്തത്തെ അതിജീവിച്ച് വന്ന ആളുകളുടെ ലോണുകള്‍ എഴുതി തള്ളുന്നതിനും, ദുരന്ത ബാധിതരില്‍ നിന്നും ഇ.എം.ഐ ഈടാക്കുന്ന ബാങ്കുകള്‍ക്കെതിരെയും, ബാങ്ക് ഉദ്യോഗസ്ഥര്‍ക്കെതിരെയും അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. മേപ്പാടി പഞ്ചായത്ത് പ്രസിഡന്റ് കെ. ബാബു, യുഡിഎഫ് നിയോജകമണ്ഡലം ചെയര്‍മാന്‍ ടി.ഹംസ, യുഡിഎഫ് ചെയര്‍മാന്‍ അഷ്‌റഫ്, മേപ്പാടി മണ്ഡലം കോണ്‍ഗ്രസ്സ് പ്രസിഡന്റ് റോയി എന്നിവര്‍ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *