തേറ്റമലയിലെ വയോധികയുടെ മരണം കൊലപാതകമെന്ന് തെളിയിച്ച് പോലീസ് അയല്‍വാസിയെ അറസ്റ്റ് ചെയ്തു
തൊണ്ടര്‍നാട്: കാണാതായ വയോധികയുടെ മൃതദേഹം ഉപയോഗശൂന്യമായ കിണറ്റില്‍ നിന്ന് കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് തെളിയിച്ച് പോലീസ്. സംഭവത്തില്‍ അയല്‍വാസിയായ തേറ്റമല, കൂത്തുപറമ്പ്കുന്ന്, ചോലയില്‍ വീട്ടില്‍ ഹക്കീം(42)നെ തൊണ്ടര്‍നാട് പോലീസ് അറസ്റ്റ് ചെയ്തു. സംഭവം നടന്ന് മണിക്കൂറുകള്‍ക്കുള്ളിലാണ് കൃത്യമായ അന്വേഷണത്തിനൊടുവില്‍ പ്രതിയെ പോലീസ് വലയിലാക്കിയത്. സെപ്തംബര്‍ നാലിനാണ് തേറ്റമലയിലെ വീട്ടില്‍ നിന്ന് തേറ്റമല, വിലങ്ങില്‍ വീട്ടില്‍ കുഞ്ഞാമി(75)യെ കാണാതായത്. തുടര്‍ന്ന് നടത്തിയ തെരച്ചിലില്‍ ഉപയോഗശൂന്യമായ കിണറ്റില്‍ നിന്ന് സെപ്തംബര്‍ അഞ്ചിനാണ് മൃതദേഹം കണ്ടെത്തിയത്.മാ
താവിനെ കാണാനില്ലെന്ന് കാണിച്ച് കുഞ്ഞാമിയുടെ മകന്റെ പരാതി ലഭിച്ചയുടന്‍ തന്നെ പോലീസ് അന്വേഷണം ആരംഭിച്ചിരുന്നു. മൃതദേഹം കിണറ്റില്‍ നിന്ന് കണ്ടെത്തിയ ശേഷം മരണത്തില്‍ സംശയം തോന്നിയ പോലീസ് പരിസരവാസികളെയും ബന്ധുക്കളെയും ചോദ്യം ചെയ്തു. പരിസരം കേന്ദ്രീകരിച്ച് വിശദമായ അന്വേഷണവും നടത്തി. കിണറിന്റെ പരിസരത്ത് വിരലടയാള വിദഗ്ധരടക്കമുള്ള സംഘം പരിശോധന നടത്തി. അയല്‍വാസിയായ ഹക്കീം ബാങ്കില്‍ സ്വര്‍ണം പണയം വെച്ചിട്ടുണ്ടെന്ന നിര്‍ണായക വിവരം ലഭിച്ച പോലീസ് വീണ്ടും ഹക്കീമിനെ ചോദ്യം ചെയ്തു. സി.സി.ടി.വി ദൃശ്യങ്ങളും സാഹചര്യ തെളിവുകളും ശേഖരിച്ച ശേഷമുള്ള പഴുതടച്ച ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിക്കുകയായിരുന്നു.
സ്വര്‍ണാഭരണങ്ങള്‍ കവരാന്‍ വേണ്ടിയാണ് വീട്ടില്‍ അതിക്രമിച്ചു കയറിയ ഹക്കീം കുഞ്ഞാമിയെ കൊലപ്പെടുത്തിയത്. മുഖം പൊത്തി പിടിച്ച് ശ്വാസം മുട്ടിച്ച ശേഷം കഴുത്തു ഞെരിച്ചു കൊലപ്പെടുത്തുകയായിരുന്നു. ശേഷം പുറത്തിറങ്ങിയ ഇയാള്‍ തേറ്റമല ടൗണില്‍ പോയി തിരിച്ചു വന്ന് ആരുമില്ലെന്ന് ഉറപ്പാക്കിയ ശേഷം വണ്ടിയുടെ ഡിക്കിയില്‍ മൃതദേഹം കയറ്റി അതിനു ശേഷം 600 മീറ്റർ ദൂരത്തിലുള്ള കിണറ്റില്‍ ഇടുകയായിരുന്നു.എസ് ഐമാരായ എം.സി പവനൻ, കെ. മൊയ്ദു, എ. എസ്.ഐ മാരായ നൗഷാദ്, എം.എ. ഷാജി, എസ്.സി.പി.ഒമാരായ ജിമ്മി ജോർജ്, ശിണ്ടി ജോസഫ്, വിജയൻ, സക്കീന, ശ്രീനാഥ്, സി.പിഒ മാരായ ലിതിൻ, ശ്രീജേഷ് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.
Leave a Reply