സർക്കാർ സഹായം: റബർ കർഷകർക്കും കുടിശിക
മാനന്തവാടി :ജില്ലയിലെ കർഷകർക്ക് സംസ്‌ഥാന സർക്കാർ
നൽകേണ്ട 120 കോടിയോളം രൂപ കുടിശികയായി നിൽക്കുന്നതിന് പുറമേ റബർ കർഷകർക്ക് ലഭിക്കേണ്ട തുകയും കുടിശിക. റബറിന് വില കുത്തനെ ഇടിഞ്ഞപ്പോൾ സംസ്‌ഥാന സർക്കാർ പ്രഖ്യാപിച്ച താങ്ങു വിലയാണ് കുടിശികയായത്. മാനന്തവാടി താലൂക്കിൽ നിന്ന് കർഷകർ നൽകിയ 367 ബില്ലുകളും വൈത്തിരി, ബത്തേരി താലൂക്കുകളിലെ 2111 ബില്ലുകളുമാണ് ഇനിയും അവശേഷിക്കുന്നത്. മാനന്തവാടി താലൂക്കിൽ ഉൾപ്പെട്ട റബർ കർഷകർക്ക് 823 ബില്ലുകളിലായി 12,84,115 രൂപ അക്കൗണ്ടിൽ എത്തിയിട്ടുണ്ട്. കൃഷിനാശം, പലിശ സബ്‌സിഡി, കാർഷിക കടാശ്വാസ കമ്മിഷൻ എന്നീ 3 ഇനങ്ങളിലായി മാത്രം ജില്ലയിലെ കർഷകർക്ക് സർക്കാർ നൽകേണ്ട 120 കോടിയോളം രൂപ കുടിശികയായതിൽ വ്യാപക പ്രതിഷേധം ഉയരുന്നുണ്ട്.
ഇതിനിടയിലാണ് ജില്ലയിലെ 3 താലുക്കുകളിലുമായി റബർ കർഷകർക്ക് ലഭിക്കേണ്ട വില സ്‌ഥിരതാ ഫണ്ടിലെ ലക്ഷക്കണക്കിന് രൂപയും കുടിശികയാണെന്ന വിവരം പുറത്ത് വരുന്നത്.കർഷകർ റബർ വിൽക്കുമ്പോൾ കടകളിൽ നിന്നോ സഹകരണ സംഘങ്ങളിൽ നിന്നോ ലഭിക്കുന്ന ബില്ല് റബർ ഉൽപാദത സംഘങ്ങൾ വഴിയാണ് റബർ ബോർഡിൻ്റെ പ്രാദേശിക ഓഫിസുകളിൽ എത്തുന്നത്. കൃഷി ഭൂമിയുടെ നികുതി ചീട്ട്, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ എന്നിവയും നൽകേണ്ടതുണ്ട്. റബർ ബോർഡിൻ്റെ ഫീൽഡ് സ്‌റ്റാഫ് കൃഷിയിടത്തിൽ എത്തി പരിശോധന നടത്താറുമുണ്ട്. ഇങ്ങനെ ബില്ലുകൾ നൽകിയിട്ടും കർഷകർക്ക് ലഭിക്കേണ്ട തുക യഥാസമയം ലഭിക്കാത്തത് സർക്കാർ അനാസ്‌ഥയാണെന്ന് കൃഷിക്കാർ കുറ്റപ്പെടുത്തുന്നു. തങ്ങൾക്ക് ലഭിച്ച ബില്ലുകൾ എല്ലാം പരിശോധിച്ച് സർക്കാരിന് കൈമാറിയെന്നും തുക അനുവദിക്കേണ്ടത് സർക്കാരാണെന്നുമാണ് റബർ ബോർഡ് അധികൃതർ പറയുന്നത്.
Leave a Reply