പശ്ചിമഘട്ടപരിസ്‌ഥിതിലോല മേഖലയിൽ ജില്ലയിലെ 13 വില്ലേജുകൾ
കൽപറ്റ :പശ്ചിമഘട്ടത്തിൻ്റെ പരിസ്‌ഥിതിലോല മേഖലയിൽ ജില്ലയിലെ 13 വില്ലേജുകൾ ഉൾപ്പെടുത്തി കേന്ദ്ര സർക്കാർ പുതുക്കി ഇറക്കിയ കരട് വിജ്‌ഞാപനത്തിൽ ആശങ്ക ഒഴിയുന്നില്ല. എതിർപ്പുകളും നിർദേശങ്ങളും 60 ദിവസത്തിനകം അറിയിക്കണമെന്നാണ് ഉരുൾപൊട്ടൽ ദുരന്തത്തിന്റെ പിറ്റേദിവസമായ ജൂലൈ 31ന് കേന്ദ്രസർക്കാർ ഇറക്കിയ കരട് വിജ്‌ഞാപനത്തിലുള്ളത്.
ഇതനുസരിച്ച്, പരാതി സമർപ്പിക്കാനുള്ള സമയപരിധി 28ന് അവസാനിക്കുകയാണ്. കേന്ദ്ര വനം-പരിസ്‌ഥിതി മന്ത്രാലയത്തിന് തപാലിലോ ഇ മെയിലിലോ പരാതി അയയ്ക്കാം. അതിനു മുന്നോടിയായി ആശങ്കകൾ ഒഴിവാക്കാനും തദ്ദേശസ്ഥാപനങ്ങൾ അംഗീകരിച്ചു നൽകിയ ഭൂപടത്തിന് എന്തുസംഭവിച്ചുവെന്നു വ്യക്തമാക്കാനും മന്ത്രിതല യോഗം ചേരണമെന്നും എംഎൽഎമാർ, കലക്ടർ, പഞ്ചായത്ത് പ്രസിഡൻ്റുമാരുൾപ്പെടെയുള്ള മറ്റു ജനപ്രതിനിധികൾ എന്നിവരെ പങ്കെടുപ്പിക്കണമെന്നും ആവശ്യമുയർന്നുകഴിഞ്ഞു.
ഒഴിയാതെ ആശയക്കുഴപ്പം
ജില്ലയിൽ 665 ചതുരശ്ര കിലോമീറ്റർ ഭൂമിയാണ് ഇഎസ്എ പരിധിയിൽ വരുന്നത്. ജനവാസകേന്ദ്രങ്ങളെ ഒഴിവാക്കിയുള്ള ഭൂപടം പ്രസിദ്ധീകരിക്കുന്നതിലെ ആശയക്കുഴപ്പം പരിഹരിക്കാൻ സംസ്ഥാന സർക്കാർ ഇടപെടൽ വൈകുന്നതും ആശങ്കയ്ക്കിടയാക്കുന്നു.
ജനവാസമേഖലകളും കൃഷിയിടങ്ങളും ഒഴിവാക്കിയുള്ള ഭൂപടം പ്രസിദ്ധീകരിക്കുന്നതിനു പകരം ആശയക്കുഴപ്പമുണ്ടാക്കുന്ന തരത്തിൽ 2 ഭൂപടങ്ങളാണ് പരിസ്‌ഥിതി കാലാവസ്‌ഥാ ഡയറക്ട്രേറ്റിന്റെ വെബ്സൈറ്റിൽ നൽകിയിരിക്കുന്നതെന്ന് കർഷകസംഘടനകൾ പറയുന്നു. 13 വില്ലേജുകൾ ഉൾപ്പെടുത്തിയ ഭൂപടവും വില്ലേജിലെ വനപ്രദേശം മാത്രം അടയാളപ്പെടുത്തിയ മറ്റൊരു ഭൂപടവുമാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
ഏതാണ് അന്തിമ ഭൂപടമെന്നു വ്യക്‌തത വരുത്തുന്നുമില്ല. ഇതു ജനവാസകേന്ദ്രങ്ങളെയും കൃഷിയിടങ്ങളെയും ഇഎസ്എ പരിധിയിൽനിന്ന് ഒഴിവാക്കുമെന്ന സംസ്‌ഥാന സർക്കാരിന്റെ പ്രഖ്യാപിത നിലപാടിനു വിരുദ്ധമാണെന്നാണ് ആരോപണം.
തദ്ദേശസ്‌ഥാപനങ്ങൾ നൽകിയ ഭൂപടം എവിടെ? ജില്ലയിലെ 13 വില്ലേജുകളിലും അന്തിമ സ്‌ഥലപരിശോധന നടത്തി ജനവാസമേഖലകൾ ഒഴിവാക്കി തദ്ദേശസ്ഥാപനങ്ങൾ നേരത്തേ റിപ്പോർട്ട് നൽകിയിരുന്നു. എന്നാൽ, പരിസ്‌ഥിതി കാലാവസ്ഥാ ഡയറക്ടറേറ്റ് വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച 2 ഭൂപടങ്ങളിൽ ഈ വില്ലേജുകൾ ഒഴിവാക്കിയില്ലെന്നതാണു കടുത്ത പ്രതിഷേധത്തിനിടയാക്കുന്നത്.
ജനവാസമേഖലയും വനാതിർത്തിയും കൃത്യമായല്ലെന്ന വിമർശനവും ഉയരുന്നു. മാനന്തവാടി താലൂക്കിൽ ഏഴും വൈത്തിരി താലൂക്കിൽ നാലും ബത്തേരി താലുക്കിൽ രണ്ടും വില്ലേജുകളാണ് ഇഎസ്എയിൽ ഉൾപ്പെട്ടിട്ടുള്ളത്. 2018ൽ കേന്ദ്രത്തിന് സമർപ്പിച്ച റിപ്പോർട്ടിൽ സംസ്‌ഥാനത്തെ 92 വില്ലേജുകളുടെ ഇഎസ്എ അതിർത്തി നിശ്ചയിച്ചതിൽ അപാകതയുള്ളതായും ജനവാസമേഖലയും കൃഷിയിടങ്ങളും ഉൾപ്പെട്ടതായും 2022 മേയ് 24ന് ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം വിലയിരുത്തിയിരുന്നു.
തുടർന്ന് ഇഎസ്എ അതിർത്തികൾ പരിശോധിച്ച് കൃത്യത വരുത്തുന്നതിനായി കലക്‌ടറുടെ നേതൃത്വത്തിൽ റവന്യു, വനം, പരിസ്ഥിതി, സർവേ ആൻഡ് ലാൻഡ് റെക്കോർഡ്‌സ്, ലാൻഡ് യൂസ് ബോർഡ് തുടങ്ങിയ വകുപ്പുകളിലെ ഉദ്യോഗസ്‌ഥർ അംഗങ്ങളായി ജില്ലാതല പരിശോധനാസമിതിയും രൂപീകരിച്ചു. വകുപ്പുകളുടെ പക്കലുള്ള വിവരങ്ങൾ സമിതിക്കു കൈമാറി പ്രാഥമിക സർവേ നടത്തുകയും ചെയ്‌തു. ഇത്തരത്തിൽ ജില്ലാതല സൂക്ഷ്മപരിശോധനാ സമിതികൾ തയാറാക്കി നൽകിയ കരടിലാണ് തദ്ദേശസ്‌ഥാപനങ്ങളും സർവേ നടത്തി ജനവാസകേന്ദ്രങ്ങൾ ഒഴിവാക്കി അന്തിമറിപ്പോർട്ട് നൽകിയത്.
ഉറപ്പുകൾ പാലിക്കണം ജനവാസകേന്ദ്രങ്ങൾ പൂർണമായും ഒഴിവാക്കിയെന്നതിനാൽ, തദ്ദേശസ്‌ഥാപനങ്ങൾ നൽകിയ ഭൂപടമാണ് അന്തിമറിപ്പോർട്ടായി കേന്ദ്രത്തിനു നൽകുകയെന്നായിരുന്നു അറിയിപ്പ്. എന്നാൽ, പകരം വില്ലേജുകളെ പൂർണമായി ഉൾപ്പെടുത്തിയ ഭൂപടം പ്രസിദ്ധീകരിച്ചതും രണ്ടുതരത്തിൽ ഭൂപടങ്ങളിറക്കിയതും ആശയക്കുഴപ്പത്തിനിടയാക്കുന്നു.
പഞ്ചായത്തുകൾ അംഗീകരിച്ചതും ജനവാസകേന്ദ്രങ്ങളെ ഒഴിവാക്കിയതുമായ ഭൂപടമേ കേന്ദ്രത്തിനു നൽകുകയുള്ളുവെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിട്ടുണ്ട്. എന്നാൽ, ഈ ഭൂപടം എവിടെയാണു പ്രസിദ്ധീകരിച്ചിരിക്കുന്നതെന്ന ചോദ്യമാണ് ഉയരുന്നത്. വില്ലേജ് മുഴുവനായി ഉൾപ്പെടുത്തിയ ഭൂപടവും കേന്ദ്രത്തിന് അയച്ചാൽ, ആ ഭൂപടം കേന്ദ്രം ഇഎസ്എ ആയി അംഗീകരിച്ചേക്കാമെന്ന സാധ്യതയാണ് ആശങ്കയ്ക്കു കാരണം.ഇതിനു പകരമായി ജനവാസകേന്ദ്രങ്ങളും കൃഷിയിടങ്ങളും ഒഴിവാക്കി ഇഎസ്എ പ്രദേശങ്ങൾ മാത്രം ഉൾക്കൊള്ളിച്ച ഒറ്റ ഭൂപടം മാത്രമേ കേന്ദ്രത്തിലേക്ക് അയയ്ക്ക എന്ന് ആരും ഉറപ്പുനൽകുന്നതുമില്ല. നേരത്തേ ഇറങ്ങിയ കരട് റിപ്പോർട്ടിലെ ഭൂപടം പരിശോധിച്ച് അതിൽ ഇഎസ്എ പരിധിയിൽ ഉൾപ്പെട്ടുപോയ ജനവാസകേന്ദ്രങ്ങളും കൃഷിയിടങ്ങളും മാർക്ക് ചെയ്ത് വാർഡുതലത്തിൽ പ്രത്യേക യോഗം ചേർന്നാണ് തദ്ദേശസ്‌ഥാപനങ്ങൾ റിപ്പോർട്ട് നൽകിയത്.
കരടു വിജ്‌ഞാപനത്തിലെ വില്ലേജുകൾ പെരിയ, തിരുനെല്ലി, തൊണ്ടർനാട്, തൃശിലേരി, കിടങ്ങനാട്, നൂൽപുഴ, അച്ചൂരാനം, ചുണ്ടേൽ, കോട്ടപ്പടി, കുന്നത്തിടവക, പൊഴുതന, തരിയോട്, വെള്ളരിമല
നിയന്ത്രണങ്ങൾ ഇങ്ങനെ പശ്ചിമഘട്ടമേഖലയിലെ പരിസ്‌ഥിതിലോല പ്രദേശത്ത് ക്വാറികൾക്കു നിരോധനമുണ്ടാകും. നിലവിലുള്ള കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണികൾക്കും നവീകരണങ്ങൾക്കും ഒഴികെ വലിയ തോതിലുള്ള നിർമാണപ്രവർത്തനങ്ങൾക്ക് അനുമതി നൽകില്ല. റോഡ് നിർമാണത്തിനും ചെറുകിട വ്യവസായങ്ങൾക്കും നിബന്ധനകളേറെ. കൃഷിരീതികളിലും വൻ മാറ്റങ്ങളാണു നിർദേശിക്കുന്നത്. ടൗൺഷിപ്പുകളും പുതിയ താപവൈദ്യുത പദ്ധതികളും അനുവദിക്കില്ല.
Leave a Reply