സാന്ത്വന പരിചരണ രംഗത്ത് ടീം കനിവ്
മാനന്തവാടി:ചുരുങ്ങിയ കാലംകൊണ്ട് ജില്ലയിലെ സാന്ത്വന പരിചരണ രംഗത്ത് ടീം കനിവ് പ്രകാശം ചൊരിയുന്ന ഒരു പ്രസ്ഥാനമായി വളർന്നു. 2021ൽ ഇരുപത്തഞ്ചോളം ചെറുപ്പക്കാർ തുടക്കമിട്ട കനിവ് ഇന്ന് 3 വർഷം കൊണ്ട് വലിയ പ്രഭയായി വളർന്നു. ഒരു വീൽചെയറിലും 2 പായയിലും തുടങ്ങി വച്ച ഈ കാരുണ്യ സ്പർശം ഇന്ന് ഗോത്ര സമുഹത്തിൻ്റെ ശാക്തീകരണത്തിൽ വരെ വ്യാപിപ്പിച്ച് കഴിഞ്ഞു. ടീം കനിവിനു വേണ്ടി 765 പേരാണ് അത്യാസന്ന രോഗികൾക്ക് ഇതുവരെ രക്തദാനം നടത്തിയത്. എല്ലാ ഞായറാഴ്‌ചകളും രക് പരിശോധന, രോഗനിർണയ ക്യാംപുകളാൽ സജീവമാണ് കനിവിന്റെ എരുമത്തെരുവിലെ ഓഫിസ്. കനിവിന്റെ അംഗങ്ങളും പൊതുസമൂഹവും നൽകിയ ചികിത്സാ സാമഗ്രികളും ഉപകരണങ്ങളും സൗജന്യമായി കിടപ്പ് രോഗികൾക്ക് നൽകാൻ കനിവിന്റെ ഓഫിസ് ടീം എല്ലായ്‌പ്പോഴും സുസജ്‌ജമാണ്. ടീം കനിവിന്റെ വളർച്ചയുടെ ഒരു നിർണായക ഘട്ടമാണ് സ്വന്തമായി ആംബുലൻസ് ഇറക്കിയതോടെ സാധ്യമായത്.
ഗോത്ര വർഗത്തിൻ്റെ വിദ്യാഭ്യാസ ശാക്തീകരണ മേഖലയിൽ ‘കനിവ് എങ്ക ലൈബ്രറി’ എന്ന പ്രസ്‌ഥാനം ആരംഭിച്ചിട്ടുണ്ട്. അതോടൊപ്പം അവധിക്കാലത്ത് ഗോത്ര സമൂഹത്തിലെ വിദ്യാർഥികൾക്ക് ശിൽപശാലകളുംം നടത്തി വരുന്നു. മുണ്ടക്കൈ, ചുരൽമല ദുരന്ത ഭൂമിയിൽ ആംബുലൻസുമായി കനിവിന്റെ സ്നേഹ ദുതന്മാർ മാതൃകാപരമായ പ്രവർത്തനമാണ് കാഴ്ചവച്ചത്. വൃക്ക രോഗബാധിതയായ വിബിതയ്ക്കുള്ള ചികിത്സാ സഹായ ഫണ്ടിലേക്ക് കനിവിൻ്റെ സംഭാവനയായി 2,82,000 രൂപ നൽകി. കനിവിന്റെ അംഗങ്ങളും അഭ്യുദയകാംക്ഷികളും സ്വന്തം നിലയിലും തിരുവോണ ദിവസം പായസ ചാലഞ്ച് സംഘടിപ്പിച്ചുമാണ് ഫണ്ട് സ്വരൂപിച്ചത്. സ്വന്തമായി ഒരു കെട്ടിടം എന്നതാണ് അടുത്ത ലക്ഷ്യം.
വാടകയിനത്തിലും മറ്റു ചെലവുകൾക്കുമായി പ്രതിമാസം 25,000 രൂപയോളം കണ്ടെത്തേണ്ടി വരുന്നുണ്ട്. അംഗങ്ങളുടെ മാസ വരിസംഖ്യയും മനുഷ്യസ്നേഹികളായ നാട്ടുകാരുടെ സഹായവും അല്ലാതെ മറ്റൊരു സാമ്പത്തിക സ്രോതസ്സും ടീം കനിവിന് ഇല്ല. ടീം കനിവിന്റെ ഭാവി സ്വപ്‌നങ്ങളിലും കർമ പദ്ധതികളിലും സ്വന്തമായി ഒരു കെട്ടിടവും ഒരു ഡയാലിസിസ് സെൻ്ററും വിഭാവനം ചെയ്യുന്നുണ്ട്. ഷിഹാബ് മുരുക്കോളി, കെ. സുരജ്കുമാർ, കെ.രാജീവൻ, കെ.കെ.മോഹൻദാസ്, കെ.ടി.വിനു. പി.കെ.റഫീക്ക്, സി.അമ്മദ്, വിദ്യ വിജയൻ, പി.ജി.സനിൽകുമാർ എന്നിവരാണ് ഈ സ്നേഹ കൂട്ടായ്‌മയെ മുന്നോട്ട് നയിക്കുന്നത്.
Leave a Reply