October 12, 2024

പടിഞ്ഞാറത്തറ -പൂഴിത്തോട് റോഡ് യാഥാർഥ്യമാക്കണം

0
Img 20241001 122930

കൽപറ്റ: വയനാടിൻ്റെ നിലവിലെ യാത്രാ സങ്കീർണ്ണതകളെ പരിഹരിക്കാനുതകുന്നതും ലളിതവുമായ പടിഞ്ഞാറത്തറ -പൂഴിത്തോട് റോഡ് യാഥാർഥ്യമാക്കണമെന്ന് ജനകീയ കർമ സമിതി വാർത്താ സമ്മേളനത്തിലൂടെ ആവശ്യപ്പെട്ടു. കേന്ദ്ര കേരള ഗവൺമെൻ്റുകൾ പ്രസ്‌തുത റോഡ് വിഷയത്തിൽ അനുകൂലമായും സത്വരമായും ഇടപെട്ട് ഈ പാത എത്രയും വേഗം യാഥാർഥ്യമാക്കണം.

 

പുരാതന ചുരം വഴികളെ മാത്രം ആശ്രയിച്ചു വന്ന വയനാടിന് ഹെയർപിൻ വളവുകളോ ചെങ്കുത്തായ കയറ്റിറക്കങ്ങളോ ഇല്ലാത്ത മനോഹരമായൊരു ബദൽ പാതയാണ് നിർദ്ദിഷ്ട റോഡ്. 1994 സെപ്റ്റംബർ 24 ന് അന്നത്തെ മുഖ്യമന്ത്രി കെ. കരുണാകരൻ പ്രവൃത്തി ഉദ്ഘാടനം ചെയ്തു. കോഴിക്കോട് – മാനന്തവാടി- ബെംഗളൂരു നഗരങ്ങളെ ബന്ധിപ്പിക്കുന്ന പ്രസ്‌തുത റോഡിന്റെ 70% ൽ പരം പണികൾ പൂർത്തിയായതാണ്.

 

എന്നാൽ രണ്ട് ജില്ലകളെ ബന്ധിപ്പിക്കുന്ന 8 കി.മീ നിലവിൽ സർക്കാർ വനമാണ്. 1994 ൽ പ്രസ്തുത ഭൂമിയിൽ ഏറെയും സ്വകാര്യ എസ്റ്റേറ്റുകളായിരുന്നു. പിന്നീട് വനം വകുപ്പ് നിക്ഷിപ്‌ത വനഭൂമിയായി മാറ്റിയതാണ്. റോഡ് കടന്ന് പോകുന്ന വനഭാഗം എന്ന് പറയപ്പെടുന്ന ഭൂമി അന്ന് കേവലം 52 ഏക്കർ മാത്രമായിരുന്നു. പ്രസ്‌തുത ഭൂമിക്ക് പകരമായി 104 ഏക്കർ സമീപ പഞ്ചായത്തുകളിലായി വനം വകുപ്പിന് പടിഞ്ഞാറത്തറ, ചങ്ങരോത്ത് മുതലായ ഗ്രാമ പഞ്ചായത്തുകൾ വാങ്ങി നൽകിയിട്ടുണ്ട്. 8 കി. മീറ്റർ മാത്രമാണ് നിലവിലെ വനഭാഗം. ഇത് വനം വകുപ്പ് കയ്യേറി നിർമിച്ച വനമാണ്. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിൻ്റെ ക്ലിയറൻസ് ലഭിക്കാത്തത് കാരണം പ്രവൃത്തികൾ നിലച്ചിട്ട് 30 വർഷങ്ങളായി.

 

റോഡിന്റെ പൂർത്തീകരണത്തിന് വേണ്ടി ഒട്ടനനേകം പ്രാദേശിക സമര മുന്നേറ്റങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും ഫലം കണ്ടില്ല’. ഇപ്പോൾ 2023 ജനുവരി ഒന്നു മുതൽ പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്ത് പരിസരത്ത് റിലേ സമരപ്പന്തൽ സ്ഥാപിച്ചു കൊണ്ട് ജനകീയ കർമ്മ സമിതി പടിഞ്ഞാറത്തറ റോഡിന് വേണ്ടിയുള്ള സമര പോരാട്ടങ്ങൾക്ക് നേതൃത്വം കൊടുക്കുകയാണ്.

 

എൻ എച്ച് 766 മുത്തങ്ങ വനഭാഗം രാത്രി യാത്രാ നിരോധനം നിലനിൽക്കുന്നു. കഴിഞ്ഞ കാലങ്ങളെ അപേക്ഷിച്ച് വിനോദ സഞ്ചാരികളുടെ വരവ് ഗണ്യമായി വർധിച്ചിട്ടുണ്ട്. യാതൊരുവിധ പാരിസ്ഥിതിക ഭൗമ ഭീഷണികളില്ലാത്തതും ബാണാസുര സാഗർ, കക്കയം, പെരുമണ്ണാമുഴി അണക്കെട്ടുകളുടെ സമീപത്ത് കൂടെ ദൃശ്യ വിസ്‌മയ കാഴ്‌ചകൾ നിറഞ്ഞതുമായ ഈ സമതല പാത വയനാടിൻ്റെ നിലവിലെ യാത്രാ സങ്കീർണ്ണതകളെ പരിഹരിക്കാനുതകുന്നതുംലളിതവുമായ റോഡ് മാർഗമാണ്. കേന്ദ്ര കേരള ഗവൺമെൻ്റുകൾ പ്രസ്‌തുത റോഡ് വിഷയത്തിൽ അനുകൂലമായും സത്വരമായും ഇടപെട്ട് ഈ മനോഹര പാത എത്രയും വേഗം യാഥാർത്ഥ്യമാക്കണം. ജനകീയ കർമ്മസമിതി ചെയർപേഴ്സൺ ശകുന്തള ഷൺമുഖൻ, സെക്രട്ടറി അഷ്റഫ് കുറ്റിയിൽ, ട്രഷറർ സി.കെ.ആലിക്കുട്ടി, കെ.പി.നാസർ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *