December 11, 2024

ജനവിധി നാളെ ;പോളിംഗ് രാവിലെ ഏഴ് മുതൽ 

0
Img 20241112 165249

 

കല്‍പ്പറ്റ: ലോക്‌സഭയില്‍ വയനാടിനെ ആര് പ്രതിനിധാനം ചെയ്യണമെന്ന് സമ്മതിദായകര്‍ നാളെ തീരുമാനിക്കും. രാവിലെ ഏഴ് മുതല്‍ വൈകുന്നേരം ആറ് വരെയാണ് പോളിംഗ്. 14,71,742 പേര്‍ക്കാണ് മണ്ഡലത്തില്‍ വോട്ടവകാശം. മണ്ഡലം പരിധിയിലെ നിയോജകമണ്ഡലങ്ങളില്‍ മാനന്തവാടിയില്‍ 1,00,100 പുരുഷന്‍മാരും 1,02,830 സ്ത്രീകളും അടക്കം 2,02,930 സമ്മതിദായകരുണ്ട്. മറ്റു മണ്ഡലങ്ങളിലെ വോട്ട് കണക്ക്: (പുരുഷന്‍മാര്‍, സ്ത്രീകള്‍, ആകെ എന്ന ക്രമത്തില്‍).സുല്‍ത്താന്‍ ബത്തേരി-1,10,723-1,16,765-2,27,489.

കല്‍പ്പറ്റ-1,02,573-1,08,183-2,10,760. തിരുവമ്പാടി-91,434-93,371-1,84,808. ഏറനാട്-93,880-91,106-1,84,986. നിലമ്പൂര്‍-1,10,826-1,15,709-2,26,541. വണ്ടൂര്‍-1,15,508, 1,18,720, 2,34,228. 2004 സര്‍വീസ് വോട്ടര്‍മാരാണ് മണ്ഡലത്തില്‍.

മണ്ഡലത്തില്‍ 30 ഓക്‌സിലറി ബൂത്തുകള്‍ ഉള്‍പ്പെടെ 1,354 പോളിംഗ് സ്റ്റേഷനുകളാണുള്ളത്.

മാനന്തവാടി-173, സുല്‍ത്താന്‍ ബത്തേരി-218, കല്‍പ്പറ്റ-187, തിരുവമ്പാടി-181, ഏറനാട്-174, നിലമ്പൂര്‍-209, വണ്ടൂര്‍-212 എന്നിങ്ങനെയാണ് നിയോജകമണ്ഡലങ്ങളില്‍ പോളിംഗ് സ്റ്റേഷനുകളുടെ എണ്ണം. 11 ബൂത്തുകള്‍ പ്രത്യേക സുരക്ഷാപട്ടികയിലുണ്ട്. ഇവിടെ വെബ്കാസ്റ്റിംഗ് ഉള്‍പ്പെടെ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

പോളിംഗ് സാമഗ്രികളുടെ വിതരണം മാനന്തവാടി സെന്റ് പാട്രിക് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, സുല്‍ത്താന്‍ ബത്തേരി സെന്റ് മേരീസ് കോളജ്, കല്‍പ്പറ്റ എസ്‌കെഎംജെ ഹൈസ്‌കൂള്‍, കൂടത്തായി സെന്റ് മേരീസ് എല്‍പി സ്‌കൂള്‍, മഞ്ചേരി ചുളളക്കാട് ജിയുപി സ്‌കൂള്‍, മൈലാടി അമല്‍ കോളജ് എന്നിവിടങ്ങളില്‍ നടന്നു. വോട്ടിംഗ് സാമഗ്രികളുടെ സ്വീകരണം ഇതേ കേന്ദ്രങ്ങളില്‍ നടക്കും.

 

വോട്ടവകാശ വിനിയോഗത്തിന് തിരിച്ചറിയില്‍ കാര്‍ഡ് കരുതണം. തെരഞ്ഞെടുപ്പ് കമ്മീഷന്റെ തിരിച്ചറിയല്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, തൊഴിലുറപ്പ് കാര്‍ഡ്, ഫോട്ടോ പതിച്ച പോസ്റ്റ് ഓഫീസ്,ബാങ്ക് പാസ്ബുക്ക്, കേന്ദ്ര തൊഴില്‍ വകുപ്പ് നല്‍കിയ ആരോഗ്യ ഇന്‍ഷുറന്‍സ് സ്മാര്‍ട്ട് കാര്‍ഡ്, ഡ്രൈവിംഗ് ലൈസന്‍സ്, പാന്‍ കാര്‍ഡ്, എന്‍പിആര്‍ സ്മാര്‍ട്ട് കാര്‍ഡ്, പാസ്‌പോര്‍ട്ട്, ഫോട്ടോ പതിപ്പിച്ച പെന്‍ഷന്‍ കാര്‍ഡ്, എംപി/എംഎല്‍എ അനുവദിച്ച ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡ്, കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍/ പിഎസ്‌യു, പൊതുമേഖല സ്ഥാപനങ്ങളിലെ ഫോട്ടോ പതിച്ച സര്‍വീസ് തിരിച്ചറിയല്‍ കാര്‍ഡ് എന്നിവ ഉപയോഗിക്കാം.

സുരക്ഷാക്രമീകരണങ്ങളുടെ ഭാഗമായി അന്തര്‍സംസ്ഥാന സേനയെയും അന്തര്‍ ജില്ലാ സേനയെയും വിന്യസിച്ചിട്ടുണ്ട്. എന്‍സിസി, എസ്പിസി തുടങ്ങി 2,700 പോലീസ് അധിക സേനയും ജില്ലയിലുണ്ട്.

16 സ്ഥാനാര്‍ഥികളാണ് മണ്ഡലത്തില്‍. ഇതില്‍ യുഡിഎഫിലെ പ്രിയങ്ക ഗാന്ധി, എല്‍ഡിഎഫിലെ സത്യന്‍ മൊകേരി, എന്‍ഡിഎയിലെ നവ്യ ഹരിദാസ് എന്നിവര്‍ ഉള്‍പ്പെടും.

 

പരവാവധി വോട്ടര്‍മാരെ പോളിംഗ് സ്റ്റേഷനുകളില്‍ എത്തിക്കാനുള്ള ഒരുക്കത്തിലാണ് മുന്നണികള്‍. കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പില്‍ 73.48 ശതമാനമായിരുന്നു പോളിംഗ്. മണ്ഡലത്തിലെ 14,62,423 വോട്ടര്‍മാരില്‍

10,74,623 പേരാണ് സമ്മതിദാനാവകാശം വിനിയോഗിച്ചത്. 2019ല്‍ 80.33 ആയിരുന്നു പോളിംഗ് ശതമാനം.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *