ബത്തേരി പൊൻകുഴി ശ്രീരാമ ക്ഷേത്രത്തിലും അയ്യപ്പ ഭക്തരുടെ തിരക്ക്
ബത്തേരി :കർണാടക, ആന്ധ്ര, തെലങ്കാന, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ നിന്നെത്തുന്ന അയ്യപ്പ ഭക്തരെക്കൊണ്ട് നിറഞ്ഞ് പൊൻകുഴി ശ്രീരാമ സീതാ ക്ഷേത്ര സന്നിധിയിലെ ‘പൂങ്കാവനം’ ഇടത്താവളം. ശബരിമല യാത്രയ്ക്കിടെ അയ്യപ്പ ഭക്തർക്ക് വിരി വയ്ക്കുന്നതിനും ഭക്ഷണം പാചകം ചെയ്യുന്നതിനും പ്രാഥമിക കൃത്യങ്ങൾ നിർവഹിക്കുന്നതിനും കുളിക്കുന്നതിനുമുള്ള സൗകര്യങ്ങളാണ് പൂങ്കാവനത്തിൽ ഒരുക്കിയിട്ടുള്ളത്. അഞ്ഞൂറോളം വാഹനങ്ങൾ പാർക്ക് ചെയ്യാനുള്ള സൗകര്യവുമുണ്ട്.
മറ്റു സംസ്‌ഥാനങ്ങളിൽ നിന്നെത്തുന്ന ഭക്തർ കർണാടകയിലെ ബന്ദിപ്പൂർ വന്യജീവി സങ്കേതം പിന്നിട്ട് കേരള അതിർത്തിയിലേക്ക് പ്രവേശിച്ചാൽ ആദ്യം എത്തുന്ന സ്ഥലമാണ് പൊൻകുഴി ശ്രീരാമ ക്ഷേത്രവും സന്നിധാനവും ഇടത്താവളവും. വയനാട് വന്യജീവി സങ്കേതത്തോട് ചേർന്ന് സ്‌ഥിതി ചെയ്യുന്ന ഇവിടെ കഴിഞ്ഞ വർഷം മുതലാണ് പൂങ്കാവനം എന്ന പേരിൽ ഇടത്താവളവും ശബരിമല ഭക്തർക്കുള്ള സൗകര്യങ്ങളും ഏർപ്പെടുത്തിയത്. ബത്തേരി മഹാഗണപതി ക്ഷേത്രസമിതിയുടെ കീഴിലാണ് ഇടത്താവളത്തിൻ്റെ പ്രവർത്തനം.
കഴിഞ്ഞ 3 ദിവസമായി അയ്യപ്പ ഭക്തരെക്കൊണ്ട് നിറഞ്ഞിരിക്കുകയാണ് ഇടത്താവളം. നൂറു കണക്കിന് ഭക്തരാണ് ഈ ദിവസങ്ങളിൽ ഇവിടെ വിരി വച്ചത്. ദേശീയപാത 766ൽ മൈസൂർ പിന്നിട്ടാൽ ശബരിമല ഭക്തർക്കായുള്ള പ്രധാന ഇടത്താവളമായി പൊൻകുഴി പൂങ്കാവനം മാറിക്കഴിഞ്ഞു.
Leave a Reply